പൊതുമരാമത്ത് പദ്ധതിപ്രവര്‍ത്തനങ്ങള്‍ അധികബാധ്യതയായി ഏജന്‍സികള്‍
ഷഫീഖ് മുണ്ടക്കൈ
കല്‍പ്പറ്റ: സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിക്കിടയിലും അധികബാധ്യതയായി പൊതുമരാമത്ത് വകുപ്പിനുകീഴിലെ ഏജന്‍സികള്‍. ഭരണനിര്‍വഹണം, റോഡ്, പാലം, നാഷനല്‍ ഹൈവേ, കെട്ടിടം, ഡിസൈന്‍ തുടങ്ങി വകുപ്പിനുകീഴില്‍ നിരവധി ശാഖകളും ജീവനക്കാരുമുണ്ടെങ്കിലും പ്രധാന പദ്ധതിപ്രവര്‍ത്തനങ്ങളെല്ലാം നടത്തുന്നത് വിവിധ ഏജന്‍സികളാണ്.
ഇതോടെ ജില്ലകളിലെ പി.ഡബ്ല്യു.ഡി ഓഫിസുകളില്‍ ജോലി നാമമാത്രമായിരിക്കുകയാണ്. വകുപ്പിനുകീഴില്‍ ആവശ്യമായ ഓഫിസുകളും ജീവനക്കാരുമുണ്ടായിരിക്കെ പദ്ധതിനിര്‍വഹണത്തിന് മറ്റ് ഏജന്‍സികളെ ചുമതലപ്പെടുത്തുന്നത് അധിക സാമ്പത്തികബാധ്യതയുണ്ടാക്കുന്നതായാണ് ആക്ഷേപം. കിഫ്ബി ഫണ്ടിങ് നടത്തുന്ന പ്രധാന പദ്ധതിപ്രവര്‍ത്തനങ്ങളെല്ലാം കേരള റോഡ് ഫണ്ട് ബോര്‍ഡാണ് (കെ.ആര്‍.എഫ്.ബി) ഏറ്റെടുത്ത് നടത്തുന്നത്.
20 കോടി രൂപയ്ക്ക് മുകളിലുള്ള റോഡ് നിര്‍മാണം ഉള്‍പ്പെടെയുള്ള പ്രധാന പദ്ധതികള്‍ കെ.ആര്‍.എഫ്.ഇ, കെ.എസ്.ടി.പി, റീ ബില്‍ഡ് കേരള തുടങ്ങിയ ഏജന്‍സികളാണ് നടത്തുന്നത്. 20 കോടിക്ക് താഴെയുള്ള പദ്ധതിപ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ജില്ലാതലങ്ങളിലെ പി.ഡബ്ല്യു.ഡി ഓഫിസുകള്‍ നിര്‍വഹിക്കുന്നത്.
നിലവില്‍ സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന പ്രധാന പദ്ധതികളില്‍ ഭൂരിഭാഗത്തിലും പി.ഡബ്ല്യു.ഡി ഓഫിസുകള്‍ക്ക് കാര്യമായൊന്നും ചെയ്യാനില്ലാത്ത സ്ഥിതിയാണ്. എന്നാല്‍, റോഡ് നിര്‍മാണം നിലയ്ക്കുകയോ മറ്റോ അപാകതകളോ ഉണ്ടായാല്‍ പഴികേള്‍ക്കേണ്ടിവരുന്നത് പി.ഡബ്ല്യു.ഡി ഓഫിസുകളാണ്.
റോഡ് നിര്‍മാണങ്ങളുമായി ബന്ധപ്പെട്ട പരാതികളുമായി പൊതുജനങ്ങള്‍ എത്തുന്നതും പി.ഡബ്യു.ഡി ഓഫിസുകളിലാണ്. എന്നാല്‍, ഇതിന് വ്യക്തമായ ഉത്തരംനല്‍കാന്‍ കഴിയാത്ത സ്ഥിതിയിലാണ് ജീവനക്കാര്‍. ഒരു ജില്ലയില്‍ തന്നെ പല ഏജന്‍സികള്‍ പദ്ധതിപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് പി.ഡബ്ല്യു.ഡി ഓഫിസുകളിലെ നടപടിക്രമങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതായും പരാതിയുണ്ട്.
പദ്ധതിപ്രവര്‍ത്തനങ്ങളില്‍ നിന്ന് പി.ഡബ്ല്യു.ഡി ഓഫിസുകളെ മാറ്റിനിര്‍ത്തുന്നത് സംബന്ധിച്ച് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."