തെലങ്കാനയിലെ ഏറ്റുമുട്ടല്‍ വ്യാജമെന്ന് ആരോപണം
ന്യൂഡല്‍ഹി: നക്‌സലൈറ്റ് എന്നും അധോലോക നായകന്‍ എന്നും പൊലിസ് പറയുന്ന മുഹമ്മദ് നഈമുദ്ദീന്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്ന് ആരോപണം. ഈമാസം എട്ടിനു രാവിലെയാണ് ഷാദ്‌നഗറിലെ മില്ലേനിയം ടവേഴ്‌സ് എന്നറിയപ്പെടുന്ന ജനവാസ കേന്ദ്രത്തിലുണ്ടായ ഏറ്റുമുട്ടലില്‍ നഈം കൊല്ലപ്പെട്ടതെന്നാണ് പൊലിസ് പറയുന്നത്. ഇദ്ദേഹത്തിന്റെ കൂട്ടാളിയും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി പൊലിസ് അവകാശപ്പെട്ടിരുന്നുവെങ്കിലും അതേകുറിച്ചു സ്ഥിരീകരണമില്ല. സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന് ഹൈദരാബാദ് ആസ്ഥാനായി പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തിന്റെ ക്രാന്തിസേന ആരോപിച്ചിട്ടുണ്ട്. മകന്‍ കൊല്ലപ്പെട്ടത് ഏറ്റുട്ടലിലല്ലെന്ന് അദ്ദേഹത്തിന്റെ ഉമ്മയും പറഞ്ഞു. സംഭവം നടക്കുന്നതിനു രണ്ടുദിവസം മുന്‍പ് പൊലിസ് പിടിച്ചുകൊണ്ടുപോയ മകന്റെ മൃതദേഹാണ് പിന്നീട് കണ്ടതെന്നും അവര്‍ പറഞ്ഞു. എന്നാല്‍, ദേശീയതലത്തില്‍ വന്‍ കോളിളക്കം സൃഷ്ടിച്ച പല കേസുകളേകുറിച്ചുള്ള രഹസ്യങ്ങളും കുഴിച്ചുമൂടുകയാണ് നഈമിന്റെ കൊലപതകത്തിന്റെ ലക്ഷ്യമെന്നു ആരോപണമുയര്‍ന്നിട്ടുണ്ട്.
നഈം പിടികിട്ടാപ്പുള്ളിയായി ഒളിച്ചുകഴിയുകയായിരുന്നുവെന്ന പൊലിസിന്റെ വാദം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചോദ്യംചെയ്തിട്ടുണ്ട്. പതിനായിരം കോടി രൂപ വിലവരുന്ന ആയിരം ഏക്കറിലേറെ വരുന്ന വന്‍ സാമ്രാജ്യത്തിന് ഉടമയായ നഈം പിടികിട്ടാപ്പുള്ളിയാണെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് അവര്‍ പറയുന്നു. രാഷ്ട്രീയക്കാര്‍ക്കിടയിലെ പല പ്രശ്‌നങ്ങള്‍ക്കും നഈം മധ്യസ്ഥം വഹിക്കുകയും ഉന്നത പൊലിസ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഇടയ്ക്കിടെ നഈമില്‍ നിന്ന് പണം സ്വീകരിക്കാറുമുണ്ട്. കേസ് സ്വതന്ത്രമായി അന്വേഷിക്കണമെന്നും ഏറ്റുമുട്ടലിലേക്കു നയിച്ച സംഭവത്തില്‍ പങ്കെടുത്ത എല്ലാ പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേയും കൊലപാതകം അടക്കമുള്ള കുറ്റം ചുമത്തണമെന്നും ഹൂമന്‍ റൈറ്റ്‌സ് ഫോറം ആവശ്യപ്പെട്ടു. നഈമുദ്ദീനെതിരേ വിവിധ സ്റ്റേഷനുകളില്‍ കൊലപാതകം, കൊള്ള, ഭീഷണി തുടങ്ങിയ നൂറിലധികം കേസുകളുണ്ട്.
ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുടെ അറസ്റ്റിലേക്കു നയിച്ച സുഹ്‌റബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ സംഭവത്തിനു സാക്ഷിയാണ് നഈം. 2005 നവംബറിലാണ് ബി.ജെ.പി അനുയായിയും അധോലോക ബന്ധവുമുള്ള സുഹ്‌റബുദ്ദീനെ ലശ്കര്‍ ഭീകരനെന്നാരോപിച്ച് ഗുജറാത്ത് പൊലിസ് വെടിവച്ചുകൊന്നത്. സുഹ്‌റബുദ്ദീനേയും ഭാര്യ കൗസര്‍ബിയേയും ഹൈദരാബാദില്‍ നിന്നു തട്ടിക്കൊണ്ടുപോയശേഷം വെടിവച്ചുകൊല്ലുകയായിരുന്നുവെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു. കൗസര്‍ബിയെ പിന്നീട് കൂട്ടബലാല്‍സംഗം ചെയ്തും കൊലപ്പെടുത്തി.
ഈ കൊലപാതകങ്ങള്‍ക്കു പിന്നിലെ സംശയം പൂര്‍ണമായി അകറ്റുന്നതിനുള്ള അവസാന കണ്ണിയായിരുന്നു നഈം. സുഹ്‌റബുദ്ദീനേയും ഭാര്യയേയും ഹൈദരാബാദിലേക്കു വിളിപ്പിച്ചതും അവരുടെ യാത്ര ഗുജറാത്ത് പൊലിസിനെ അറിയിച്ചതും നഈമായിരുന്നുവെന്നും കരുതുന്നു. പിന്നീടാണ് രണ്ടുപേരേയും ഗുജറാത്ത് പൊലിസ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി അത് ഏറ്റുമുട്ടലായി അവതരിപ്പിച്ചത്.
സുഹ്‌റബുദ്ദീന്‍ കേസില്‍ ചില ആന്ധ്ര പൊലിസ് ഉദ്യോഗസ്ഥരെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നുവെങ്കിലും നഈമിന്റെ പങ്ക് സ്ഥിരീകരിച്ചിരുന്നില്ല. ഈ കേസ് അന്വേഷിച്ച ഗുജറാത്ത് പൊലിസ്, സുഹ്‌റബുദ്ദീനൊപ്പം ഹൈദരാബാദിലേക്കുള്ള യാത്രയില്‍ കലീമുദ്ദീന്‍ എന്നയാള്‍ ഉണ്ടായിരുന്നതായി പറയുന്നുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ സ്ഥിരീകരണം ഇല്ലെന്നു മാത്രമല്ല സുഹ്‌റബുദ്ദീനൊപ്പം ഉണ്ടായിരുന്നത് പ്രജാപതി ആയിരുന്നുവെന്നാണ് കേസന്വേഷിച്ച സി.ബി.ഐ വ്യക്തമാക്കുന്നത്.
സുഹ്‌റബുദ്ദീന്‍ കൊല്ലപ്പെട്ടതിന്റെ അടുത്ത വര്‍ഷം പ്രജാപതിയും 'ഏറ്റുമുട്ടലില്‍' കൊല്ലപ്പെട്ടിരുന്നു. സുഹ്‌റബുദ്ദീന്റേയും ഭാര്യ കൗസര്‍ബിയുടേയും കൊലപാതകത്തിനു സാക്ഷിയായ പ്രജാപതിയെ ഈ വിവരം പുറത്തു പറയാതിരിക്കാനാണ് കൊലപ്പെടുത്തിയതെന്നാണ് സി.ബി.ഐയുടെ റിപ്പോര്‍ട്ട്.
സുഹ്‌റബുദ്ദീന്‍ കേസിലെ വിവരങ്ങള്‍ ചോരാതിരിക്കാനാണ് നഈമിനെ കൊലപ്പെടുത്തിയതെന്ന് തെലങ്കാനയിലെ കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷനേതാവുമായ മുഹമ്മദ് അലി ഷാബ്ബിര്‍ ഇതിനകം ആരോപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."