മുല്ലപ്പെരിയാര്‍: ഡാം തുറക്കുന്നതില്‍ ആശങ്ക വേണ്ട, മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്നും മന്ത്രി കെ.രാജന്‍
ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്നതില്‍ ആശങ്കപ്പെടേണ്ട സാഹചരിയമില്ലെന്ന് മന്ത്രി കെ രാജന്‍.
മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്നതിന് വേണ്ടിയുള്ള എല്ലാ മുന്നൊരുക്കങ്ങളും നടത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഒട്ടും അലസത പാടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമൂഹ മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി ആവര്‍ത്തിച്ചു.
മുല്ലപ്പെരിയാര്‍ ഡാമില്‍ നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തില്‍ ജലനിരപ്പ് 138.05 അടിയായി ഉയര്‍ന്നിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് ജലനിരപ്പ് 138 അടി പിന്നിട്ടത്. സെക്കന്‍ഡില്‍ 5800 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. ജലനിരപ്പ് ഇനിയും ഉയര്‍ന്നാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ നാളെ തുറക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ കേരളത്തെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുന്നൊരുക്കം.
2018ലെ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ 853 കുടുംബങ്ങളെ മാറ്റേണ്ടിവരുമെന്നാണ് നിഗമനം. 3220 പേരെ പട്ടികപ്പെടുത്തിയിട്ടുണ്ട്, അവരുടെ ഫോണ്‍നമ്പറുകളും ലഭ്യമാണ്. വില്ലേജ് ഓഫീസുകളിലും താലൂക്ക് കേന്ദ്രങ്ങളിലും കലക്ടറേറ്റിലും കണ്‍ട്രോള്‍ റൂം ആരംഭിച്ചതായും മന്ത്രി പറഞ്ഞു. കൊവിഡ് സാഹചര്യത്തില്‍ ക്യാമ്പുകളില്‍ തന്നെ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍, പ്രത്യേക ആശുപത്രികള്‍ തുടങ്ങിയ മുന്നൊരുക്കങ്ങള്‍ ആസൂത്രണം ചെയ്‌തെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രദേശത്ത് മൈക്ക് അനൗണ്‍സ്‌മെന്റുകളും മുന്നറിയിപ്പുകളും ആരംഭിച്ചിട്ടുണ്ട്. വണ്ടിപ്പെരിയാറിലൂടെ വെള്ളം ഇടുക്കി ഡാമിലേക്ക് എത്തിച്ചേരേണ്ടത് 27 കിലോമീറ്റര്‍ സഞ്ചരിച്ചാണ്. ആ 27 കിലോമീറ്റര്‍ പ്രദേശത്തും കര്‍ശന സുരക്ഷ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."