ഇടവെട്ടിച്ചിറ പുനര്‍ജനിച്ചു; നാട് ആഹ്ലാദത്തില്‍
തൊടുപുഴ: ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ സ്വഭാവിക ജലസ്രോതസായിരുന്ന ഇടവെട്ടിച്ചിറ പുനര്‍ജനിക്കുന്നു. അധികൃതരുടെ കെടുകാര്യസ്ഥതയില്‍ തകര്‍ന്നടിഞ്ഞ് നാശത്തിന്റെ വക്കിലായ ഇടവെട്ടിച്ചിറ വീണ്ടും ജലസമൃദ്ധിയിലായി.
ചിറയിലെ സ്വാഭാവിക ജലസ്രോതസ് ഒഴുക്കിക്കളയാന്‍ സ്ഥാപിച്ച കുഴല്‍ താല്‍ക്കാലികമായി അടച്ചാണു ചിറയില്‍ വെള്ളം തടഞ്ഞുനിര്‍ത്തി ജലം നിലനിര്‍ത്തുന്നത്. ഇടവെട്ടി പഞ്ചായത്ത് ഒന്നാം വാര്‍ഡ് അംഗം ടി.എം മുജീബിന്റെ നേതൃത്വത്തില്‍ നാട്ടുകാരാണു ചിറയെ പഴയ സ്ഥിതിയിലേക്ക് എത്തിച്ചത്.
അഴിമതിയും വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലായ്മയൂം മൂലം ഇടവെട്ടിച്ചിറ വാട്ടര്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണം പാതിവഴിയില്‍ നിലച്ചതാണു പ്രശ്‌നമായത്. 2008 ഡിസംബര്‍ 19ന് കേരളാ സ്‌പോര്‍ട്‌സ് - യുവജനക്ഷേമ മന്ത്രി എം. വിജയകുമാര്‍ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച ഇടവെട്ടിച്ചിറ അന്താരാഷ്ട്ര വാട്ടര്‍സ്റ്റേഡിയം പദ്ധതി ഉദ്യോഗസ്ഥരുടെ ആസൂത്രണ മില്ലായ്മയും അഴിമതിയും സര്‍ക്കാരിന്റെ ദീര്‍ഘവിക്ഷണമില്ലായ്മയും മൂലം ജലസ്രോതസിന്റെ നാശത്തിനും 79 ലക്ഷം രൂപയുടെ സാമ്പത്തിക നഷ്ടത്തിനും ഇടയാക്കി. വാട്ടര്‍ സ്റ്റേഡിയം ജലരേഖയായി മാറിയപ്പോള്‍ കരാറുകാരന്‍ അടക്കമുള്ള വ്യക്തികള്‍ തട്ടിയെടുത്തത് ലക്ഷങ്ങളാണ്. മനോഹരമായ ചിറയില്‍ യാതൊരു പ്ലാനുമില്ലാതെ കല്ലിട്ട് കുളമാക്കിയതല്ലാതെ നാട്ടുകാര്‍ക്ക് യാതൊരു പ്രയോജനവും ലഭിച്ചില്ല.
ഇടവെട്ടിച്ചിറ തനിമ നിലനിര്‍ത്തി സംരക്ഷിക്കണമെന്ന ആവശ്യം നാനാ മേഖലകളില്‍ നിന്നും ഉയര്‍ന്നപ്പോഴാണു സംസ്ഥാന സര്‍ക്കാര്‍, ത്രിതല പഞ്ചായത്തുകള്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍, എം.പി, എം.എല്‍.എ എന്നിവരുടെ ധനസഹായത്തോടെ ഒന്നരക്കോടി രൂപയുടെ പദ്ധതിക്ക് രൂപം കൊടുത്തത്.
ആദ്യ ഘട്ടമായി ചിറയിലെ ചെളി നീക്കംചെയ്ത് ജീര്‍ണ്ണിച്ച നാലു വശങ്ങളിലെ കല്‍ക്കെട്ടുകള്‍ പുതുതായികെട്ടി 240 മീറ്റര്‍ നീളവും 70 മീറ്റര്‍ വീതിയുമുള്ള ഈ കുളത്തിന്റെ മുന്നില്‍ ഒരു ഭാഗം നീന്തല്‍ കുളവും ബാക്കി പൊതുജനങ്ങള്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്ക് ഉപകരിക്കത്തക്ക വിധത്തില്‍ സ്വാഭാവിക തനിമ സംരക്ഷിക്കും എന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. ഇതിനായി ചിറ ഉപാധികളോടെ സ്‌പോര്‍ട്‌സ് കൗണ്‍സിലിനു കൈമാറി. ഗ്രാമപഞ്ചായത്ത് 10 ലക്ഷം രൂപവിഹിതമായി കലക്ടറുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചു.
ആദ്യം ഹാബിറ്റാറ്റിന്റെ മേല്‍നോട്ടത്തില്‍ ചിറ നിര്‍മാണം ആരംഭിച്ചു. തുടര്‍ന്ന് ചിറയിലെ ജലം ഒഴുക്കിക്കളഞ്ഞു. ഒന്നര മാസത്തിനുശേഷം ഹാബിറ്റാറ്റ് പദ്ധതിയില്‍ നിന്നും പിന്‍മാറി. തുടര്‍ന്നു നിര്‍മാണം പി.ഡബ്യൂ.ഡി ബില്‍ഡിങ് വിഭാഗത്തെ ഏല്‍പിച്ചു. അവര്‍ ഒന്നാം ഘട്ടത്തില്‍ 79 ലക്ഷത്തിന്റെ എസ്റ്റിമേറ്റ് തയാറാക്കി ടെണ്ടര്‍ ചെയ്തു. സ്വകാര്യ കരാറുകാരന്‍ നിര്‍മാണപ്രവര്‍ത്തനം ആരംഭിച്ചു. കരാറുകാരന്‍ എന്‍ജിനീയര്‍മാരില്‍ സമര്‍ദം ചെലുത്തി എസ്റ്റിമേറ്റ് ഭേദഗതി ചെയ്യുന്നതിന് ശ്രമം തുടങ്ങി.
ഉദ്യോഗസ്ഥരുടെ ഒത്താശയോടെ എഗ്രിമെന്റ് വച്ചപ്പോള്‍ ഉണ്ടായിരുന്ന പല പ്രവൃത്തികളും ഒഴിവാക്കി കരാറുകാരന്റെ സാമ്പത്തികലാഭം മാത്രം നോക്കി ചിറയിലെ ചെളിയാകെ നീക്കം ചെയ്യാതെ കേവലം 60 മീറ്റര്‍ നീളവും 60 മീറ്റര്‍ വീതിയുള്ള ഒറു ചെറിയകുളമായി ചിറയെ ഒതുക്കി. കരിങ്കല്ല് കെട്ടിതിരിച്ച് ജലം ഒഴുക്കുന്നതിന് പൈപ്പ് സ്ഥാപിച്ച് ഷട്ടറിടുകയായിരുന്നു. 55 മീറ്റര്‍ വീതിയും 252 മീറ്റര്‍ നീളവുമാണ് ചിറക്കുള്ളത്. 1982ല്‍ റവന്യു വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് സംരക്ഷണ ഭിത്തി നിര്‍മിച്ചിരുന്നു.
1975വരെ മൂന്നര ഏക്കറോളം വിസ്തൃതിയിലെ ചിറ അന്നത്തെ കാരിക്കോട് പഞ്ചായത്തിന്റെ വരുമാനമാര്‍ഗമായിരുന്നു. ചിറയിലെ മത്സ്യം ലേലം ചെയ്യുന്ന വകയില്‍ പഞ്ചായത്തിനു വരുമാനം ലഭിച്ചിരുന്നു. ചിറയിലെ വെള്ളം ഉപയോഗപ്പെടുത്തി 10000 പറ നെല്ല് ഉല്‍പാദിപ്പിച്ചിരുന്നുവെന്ന് പഴയരേഖകള്‍ പറയുന്നു. അടിഞ്ഞുകൂടിയ ചളിയും പുല്ലും പാഴ്‌ചെടികളും നീക്കം ചെയ്ത് തകര്‍ന്ന സംരക്ഷണ ഭിത്തി പുനസ്ഥാപിച്ചു കിട്ടിയാല്‍ പഴയചിറ യാഥാര്‍ഥ്യമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."