ഒരു നൂറ്റാണ്ടിന് ശേഷം 'മലബാര്‍ സമരഭൂമി' കാണാന്‍ വാരിയംകുന്നന്റെ ബന്ധുക്കളെത്തുന്നു
സി.പി സുബൈര്‍
മലപ്പുറം: സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ഇതിഹാസം രചിച്ച വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സമരപോരാട്ടങ്ങളുടെ രണഭൂമിയിലേക്ക് കുഞ്ഞഹമ്മദ് ഹാജിയുടെ ബന്ധുക്കളെത്തുന്നു.
കേട്ടറിഞ്ഞ പിതാമഹന്റെ വീരചരിതങ്ങളുറങ്ങുന്ന മണ്ണിലേക്ക് നൂറ് വര്‍ഷത്തിനിപ്പുറമാണ് കുഞ്ഞഹമ്മദ് ഹാജിയുടെ മകന്റെ മകന്‍ മുഹമ്മദിന്റെ മക്കളായ ഹാജറയും സഹോദരന്‍ ഖാലിദ്, സഹോദരി ജമീല, പിതൃസഹോദരന്‍ മൊയ്തീന്റെ മക്കളായ സല്‍മ, സക്കീന അവരുടെ ബന്ധുക്കളുമടക്കം 18 ബന്ധുക്കളെത്തുന്നത്. ഇവര്‍ക്കൊപ്പം ഹാജറയുടേയും സഹോദരിയുടേയും ഭര്‍ത്താക്കന്മാരും അവരുടെ ബന്ധുക്കളുമടക്കം 25 പേരാണ് ഇന്ന് മലപ്പുറത്തിന്റെ മണ്ണിലെത്തുക. തങ്ങളുടെ വല്യുപ്പ കുറച്ചുകാലത്തേക്കെങ്കിലും ഈ നാട് ഭരിച്ച 'സുല്‍ത്താനാ'യിരുന്നെന്നതിനപ്പുറം ഒരു ജനത നെഞ്ചേട് ചേര്‍ക്കുന്ന വീരനായകനാണെന്ന് കേട്ടതുമുതല്‍ തുടങ്ങിയ ആഗ്രഹമാണ് മലബാറിന്റെ ചരിത്രമുറങ്ങുന്ന മണ്ണില്‍ കാലുകുത്തണമെന്നതെന്ന് ഹാജറ പറയുന്നു. അത് പൂവണിയുന്നത് തന്റെ പിതാമഹന്റെ വീരമരണത്തിനും നൂറ് വര്‍ഷത്തിനിപ്പുറമാണ്. ഇന്ന് രാവിലെ 9ന് വാഗണ്‍ ദുരന്തത്തിന്റെ ഓര്‍മകളുറങ്ങുന്ന തിരൂരില്‍ ട്രെയിനിറങ്ങുന്ന ഹജറയും കുടുംബവും വരുന്നത് കോയമ്പത്തൂരിലെ പോത്തന്നൂരില്‍നിന്നാണെന്നത് യാദൃശ്ചികമാകാം. 1921ലെ പോരാട്ടത്തിനിടെ പിടികൂടിയ പോരാളികളെ ബ്രിട്ടീഷുകാര്‍ തിരൂരില്‍നിന്ന് വാഗണില്‍ കയറ്റി കോയമ്പത്തൂരിലെ പോത്തന്നൂരിലേക്കാണ് കൊണ്ടുപോയത്.
അവിടെയെത്തിയപ്പോഴേക്കും മൃതദേഹങ്ങളായി മാറിയ മനുഷ്യരെ തിരിച്ച് തിരൂരിലെത്തിച്ച് മറവ് ചെയ്യുകയായിരുന്നു. ഇതേ സ്ഥലത്ത് ട്രെയിനിറങ്ങുന്ന കുടുംബത്തെ മലപ്പുറത്തിന്റെ മണ്ണ് സ്‌നേഹാദരങ്ങളോടെ സ്വീകരിക്കും. രണ്ട് ദിവസം മലബാര്‍ സമര ചരിത്രങ്ങളുറങ്ങുന്ന പ്രദേശങ്ങള്‍ കാണുകയും തങ്ങളുടെ വീട് നിന്നിരുന്ന പ്രദേശങ്ങളില്‍ പോകുകയും ചെയ്യുന്ന കുടുംബം നാളെ ഉച്ചക്ക് 4ന് മലപ്പുറം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക ടൗണ്‍ഹാളില്‍ 'സുല്‍ത്താന്‍ വാരിയംകുന്നന്‍' എന്ന പുസ്തക പ്രകാശന ചടങ്ങില്‍ മുഖ്യാതിഥികളായി പങ്കെടുക്കും. വാരിയംകുന്നന്റെ യഥാര്‍ഥ ഫോട്ടോയും അത്യപൂര്‍വ രേഖകളുമായി പുറത്തിറങ്ങുന്ന പുസ്തകം ഹാജറയാണ് പ്രകാശനം ചെയ്യുന്നത്.
കുഞ്ഞഹമ്മദ് ഹാജിയുടെ മകന്‍ ബീരാന്‍കുട്ടി എന്ന ബീരാവുണ്ണിയെ പിതാവിന്റെ മരണത്തിന് ശേഷം ബെല്ലാരി ജയിലിലേക്കും അവിടെനിന്ന് പാളയംകോട്ട് ജയിലേക്കും മാറ്റി. അവിടെനിന്നാണ് കോയമ്പത്തൂരിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."