മൂന്ന് മാസത്തിനിടെ മൂന്ന് കൂട്ടബലാത്സംഗം സ്ത്രീ സുരക്ഷയില്‍ വീഴ്ചയെന്ന് പ്രതിപക്ഷം
അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു;
ഇറങ്ങിപ്പോക്ക്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീ സുരക്ഷയില്‍ വീഴ്ചയെന്ന് ആരോപിച്ച് അടിയന്തര പ്രമേയവുമായി പ്രതിപക്ഷം നിയമസഭയില്‍. കോഴിക്കോട് കുറ്റ്യാടിയില്‍ പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടി പീഡനത്തിന് ഇരയായ സംഭവം പ്രധാന വിഷയമായി ഉന്നയിച്ചാണ് അങ്കമാലി എം.എല്‍.എ റോജി എം ജോണ്‍ അടിയന്തിര പ്രമേയത്തിന് നോട്ടിസ് നല്‍കിയത്. എന്നാല്‍ മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ എം.ബി രാജേഷ് നോട്ടിസിന് അനുമതി നിഷേധിച്ചു. പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍നിന്ന് ഇറങ്ങിപ്പോയി.
ഉത്തരേന്ത്യയെക്കാള്‍ മോശം അവസ്ഥയിലാണ് കേരളത്തില്‍ സ്ത്രീകള്‍ക്ക് എതിരായ അതിക്രമവും പീഡന പരാതികളുമെന്ന് റോജി എം ജോണ്‍ നോട്ടിസ് അവതരിപ്പിച്ച് പറഞ്ഞു. നീതിതേടിയെത്തുന്നവരെ തുടര്‍ആക്രമണങ്ങളില്‍നിന്ന് സംരക്ഷിക്കാന്‍ കഴിയുന്നില്ല. വനിതാ കമ്മിഷനും ശിശുക്ഷേമ സമിതിയും പിരിച്ചുവിടണം. വാളയാര്‍ കേസ് പൊലിസ് നിരുത്തരവാദപരമായി കൈകാര്യം ചെയ്തു. മൂന്ന് മാസത്തിനിടെ മൂന്നുകൂട്ടബലാത്സംഗങ്ങളാണ് കേരളത്തിലുണ്ടായതെന്നും റോജി എം ജോണ്‍ ചൂണ്ടിക്കാട്ടി.
സ്ത്രീകള്‍ക്കെതിരായ അതിക്രമം കുറഞ്ഞുവരികയാണെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. ഒരു സ്ത്രീയും പീഡിപ്പിക്കപ്പെടാത്ത ഒരു സമൂഹം എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതിനുതകുന്ന ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നത്.
കോഴിക്കോട് കുറ്റ്യാടി സ്വദേശിനിയെ പീഡിപ്പിച്ച സംഭവത്തില്‍ നാല് പ്രതികളെയും അറസ്റ്റ് ചെയ്തു. മലപ്പുറം കോട്ടൂക്കര സ്വദേശിനിയായ പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ കസ്റ്റഡിയിലെടുത്തു. വിതുരയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. കോട്ടയ്ക്കല്‍ സ്വദേശിനിയായ 17 വയസുള്ള പെണ്‍കുട്ടി പീഡനത്തിനു ശേഷം പ്രസവിക്കാനിടയായ സംഭവത്തിലും പ്രതി അറസ്റ്റിലാണ്. കോട്ടയം സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. കോഴിക്കോട് മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ച സംഭവത്തിലും കൊല്ലം കരിക്കോട് സ്വദേശിനിയെ പീഡിപ്പിച്ച കേസിലും അറസ്റ്റ് നടന്നുവെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.
പെണ്‍കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. ഇഷ്ടമുള്ള കേസില്‍ ആളുകളെ പ്രതിയാക്കുകയും അല്ലാത്ത കേസുകള്‍ അന്വേഷിക്കാതിരിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നിലപാട് ശരിയല്ല.
പീഡനത്തെക്കുറിച്ച് ഇരകള്‍ക്കു തുറന്നു പറയാനുള്ള സാഹചര്യം ഉണ്ടാകുകയും നിയമപിന്തുണ ഉറപ്പാക്കുകയും ചെയ്യണമെന്നും വി.ഡി.സതീശന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."