കേരളം സുപ്രിംകോടതിയില്‍ മുല്ലപ്പെരിയാര്‍ പൊളിച്ച് പുതിയ അണക്കെട്ട് പണിയണം
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് കാലപ്പഴക്കം മൂലം അതീവ ദുര്‍ബലാവസ്ഥയിലാണെന്നും അത് പൊളിച്ചുകളഞ്ഞ് പുതിയ അണക്കെട്ട് പണിയണമെന്നും കേരളം സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടു. കോടതിയില്‍ ഇന്നലെ നല്‍കിയ കുറിപ്പിലാണ് കേരളം ഈ ആവശ്യമുന്നയിച്ചത്.
126 കൊല്ലം പഴക്കമുള്ള അണക്കെട്ടാണ് മുല്ലപ്പെരിയാര്‍. രണ്ടുതവണ ബലപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇപ്പോഴും ദുര്‍ബലമാണ്. അണക്കെട്ട് തകര്‍ന്നാല്‍ അതുണ്ടാക്കുന്ന ദുരന്തം അത്യന്തം വിനാശകരവും സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിലപ്പുറവുമായിരിക്കും.
അണക്കെട്ടിന് താഴെ അഞ്ചു ജില്ലകളിലായുള്ള 30 ലക്ഷം ജനങ്ങളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കണം. അണക്കെട്ടിന് വലിയ വൃഷ്ടിപ്രദേശമുണ്ട്. എന്നാല്‍ സംഭരണശേഷി കുറവാണ്. അതിനാല്‍ റിസര്‍വോയറിലേക്ക് വെള്ളം വേഗത്തില്‍ ഒഴുകിയെത്തും. ഇത് കൂടുതല്‍ അപകടസാധ്യതയുണ്ടാക്കും. 624 ചതുരശ്ര കിലോമീറ്ററാണ് അണക്കെട്ടിന്റെ വൃഷ്ടിപ്രദേശം. എന്നാല്‍ സംഭരണ ശേഷി 142 അടി ജലനിരപ്പില്‍ 12.758 ടി.എം.സി അടിയാണ്.
അണക്കെട്ട് പൊളിച്ചുകളഞ്ഞ് പുതിയത് പണിയുകയാണ് യുക്തിസഹമായ പരിഹാരമാര്‍ഗം. ഇതിലൂടെ തമിഴ്‌നാടിന് വെള്ളവും കേരളത്തിലെ ജനങ്ങള്‍ക്ക് സുരക്ഷയും ഉറപ്പാക്കാനാവും. അണക്കെട്ടിലെ ജലനിരപ്പ് 139 അടിയില്‍ കൂടുതല്‍ ഉയര്‍ത്തുന്നത് അപകടമാണെന്നും കേരളം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."