'യു.എ.പി.എക്കെതിരെ സംസാരിക്കുകയും അത് പ്രയോഗിക്കുകയും ചെയ്യുന്ന ഇടതുപക്ഷത്തിന്റെ കാപട്യം തുറന്നുകാട്ടപ്പെട്ടു'- താഹ ഫസല്‍
കോഴിക്കോട്: യു.എ.പി.എക്കെതിരെ സംസാരിക്കുന്ന ഇടതുപക്ഷം തന്നെ തങ്ങള്‍ക്കെതിരെ അത് പ്രയോഗിച്ചതിലൂടെ കാപട്യം തുറന്നുകാട്ടപ്പെട്ടുവെന്ന് താഹ ഫസല്‍. ഒരുപാട് പേര് കൂടെനിന്നു. രാജ്യത്ത് യു.എ.പി.എ പ്രയോഗിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ജനങ്ങളും സമൂഹവും ജാഗ്രത പാലിക്കണമെന്നും താഹ ഫസല്‍ പറഞ്ഞു.
രണ്ടുവര്‍ഷത്തെ ജയില്‍വാസം ഊര്‍ജം നല്കി. മുടങ്ങിയ പഠനം തുടരണമെന്നാണ് ആഗ്രഹമെന്നും താഹ ഫസല്‍ പറഞ്ഞു.
കഴിഞ്ഞദിവസമാണ് പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ താഹ ഫസലിന് സുപ്രിംകോടതി ജാമ്യം അനുവദിച്ചത്. മറ്റൊരു പ്രതി അലന് ശുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍.ഐ.എയുടെ ആവശ്യം ജസ്റ്റിസുമാരായ അജയ് രസ്തോഗി, അഭയ് ശ്രീനിവാസ് ഒക എന്നിവരടങ്ങിയ സുപ്രിംകോടതി ബെഞ്ച് തള്ളുകയും ചെയ്തു. താഹയുടെ ജാമ്യം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രിംകോടതി റദ്ദാക്കി.
ജാമ്യം നല്‍കാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി താഹയെ വിചാരണക്കോടതിയില്‍ ഹാജരാക്കാനും കോടതി ഉത്തരവിട്ടു. 2020 സെപ്തംബറില്‍ താഹയ്ക്ക് ജാമ്യം നല്കുമ്പോള് കൊച്ചിയിലെ എന്‍.ഐ.എ കോടതി ഏര്‍പ്പെടുത്തിയ വ്യവസ്ഥകള്‍ തുടര്‍ന്നും ബാധകമാകുമെന്ന് സുപ്രിംകോടതി അറിയിച്ചു.
2019 നവംബറിലാണ് അലനെയും താഹയെയും മാവോയിസ്റ്റ് ലഘുലേഖകള്‍ കൈവശം വച്ചുവെന്നാരോപിച്ച് അറസ്റ്റ് ചെയ്തത്. പിന്നാലെ യു.എ.പി.എ ചുമത്തുകയായിരുന്നു. പിന്നീട് കേസ് എന്‍.ഐ.എ ഏറ്റെടുത്തു. 2020 സെപ്തംബര്‍ ഒമ്പതിന് കൊച്ചി എന്‍.ഐ.എ കോടതി ഇരുവര്‍ക്കും ജാമ്യം നല്കി. എന്നാല്‍ പിന്നീട് ഹൈക്കോടതി താഹയുടെ ജാമ്യം റദ്ദാക്കി. ഇത് ചോദ്യം ചെയ്താണ് താഹ സുപ്രിംകോടതിയിലെത്തിയത്. അലന്റെ ജാമ്യം കൂടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍.ഐ.എയും സുപ്രിംകോടതിയിലെത്തി. രണ്ടു ഹരജികളും കോടതി ഒന്നിച്ചാണ് പരിഗണിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."