ഇനിയും കെട്ടടങ്ങാതെ ത്രിപുര; സംഘ് ഭീകരതയില്‍ ഭീതിപൂണ്ട് സംസ്ഥാനത്തെ മുസ്‌ലിങ്ങള്‍
ന്യൂഡല്‍ഹി: ബംഗ്ലാദേശ് അതിക്രമത്തിന്റെ പേരില്‍ ത്രിപുരയില്‍ സംഘ് പരിവാര്‍ ഭീകരര്‍ അഴിച്ചു വിട്ട ഭീകരാക്രമണങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. ഏതു നിമിഷവും കൊലവിളികളുമായൊരു സംഘം കയറിവന്നേക്കാമെന്നൊരു ഭീതിയിലാണ് പ്രദേശത്തെ ന്യൂനപക്ഷം പ്രത്യേകിച്ച് മുസ്‌ലിങ്ങള്‍ തങ്ങളുടെ പകലിരവുകള്‍ തള്ളി നീക്കുന്നത്.
ബംഗ്ലാദേശിലെ ഹിന്ദു വിരുദ്ധ കലാപങ്ങള്‍ക്കെതിരെ ഒക്‌ടോബര്‍ 27ന് വിശ്വഹിന്ദു പരിഷത്ത്, ഹിന്ദു ജാഗരണ്‍ മഞ്ച്, ബജ്‌റങ്ദള്‍, ആര്‍.എസ്.എസ് എന്നിവയുടെ നേതൃത്വത്തില്‍ നടന്ന റാലിക്കിടെയാണ് സംസ്ഥാനത്ത് അക്രമങ്ങള്‍ തുടങ്ങുന്നത്. റാലിക്കിടെ അഴിഞ്ഞാടുകയാണ് സംഘ് ഭീകരര്‍. 15 മസ്ജിദുകളും ഒരു ഡസനിലേറെ മുസ്‌ലിം വീടുകളും കടകളുമാണ് സംഘ്പരിവാര്‍ ആക്രമങ്ങളില്‍ തകര്‍ക്കപ്പെട്ടത്.
ബംഗ്ലാദേശിനെ മറയാക്കി അവര്‍ ഇരച്ചു വന്നു
കാരണങ്ങളില്ലാതെ ബംഗ്ലാദേശ് കലാപം മറയാക്കി തങ്ങള്‍ക്കുനേരെ സംഘ്പരിവാര്‍ ആക്രമണം നടത്തുകയായിരുന്നുവെന്ന് ഉനകോട്ടി, നോര്‍ത്ത് ത്രിപുര ജില്ലകളിലെ മുസ്‌ലിം കുടുംബങ്ങള്‍ പറയുന്നു. ''എനിക്ക് രണ്ടു മക്കളുണ്ട്. ഭാര്യയും കുടുംബത്തിലെ മറ്റു സ്ത്രീകളുമുള്‍പ്പെടെ ഒരു വീട്ടില്‍ അഭയം തേടിയിരിക്കുകയാണ്. ആക്രമണം കൂടുതല്‍ നേരിട്ട കൈലാശഹറില്‍നിന്ന് മാത്രം 100-110 പേര്‍ വീടുവിട്ടു. ഞങ്ങള്‍ ഇവിടെ പിറന്നുവീണ ഇന്ത്യക്കാരാണ്. എന്നിട്ടും മറ്റൊരു രാജ്യത്തെ സംഭവത്തിന്റെ പേരില്‍ എന്തിനാണ് ഞങ്ങള്‍ അനുഭവിക്കേണ്ടിവരുന്നത്''- ഇരകളിലൊരാളായ അബ്ദുല്‍ പറയുന്നു.
നോര്‍ത്ത് ത്രിപുരയിലും സമാനമാണ് സ്ഥിതി. കുടുംബം വീട്ടിലില്ലാത്ത സമയത്ത് വി.എച്ച്.പിക്കാര്‍ തന്റെ വീട് ആക്രമിച്ച് എല്ലാം നശിപ്പിച്ചുകളഞ്ഞതായി ധരംനഗര്‍ സ്വദേശിയായ അഭിഭാഷകന്‍ അബ്ദുല്‍ ബാസിത് ഖാന്‍ പറയുന്നു. സോഫ സെറ്റ്, ലാപ്‌ടോപ്, ടെലിവിഷന്‍ തുടങ്ങി എല്ലാം നശിപ്പിച്ചിട്ടുണ്ട്. കേസ് ഫയലുകളും സര്‍ട്ടിഫിക്കറ്റുകളും ഇക്കൂട്ടത്തില്‍ കീറിക്കളയുകയോ റോഡിലെറിയുകയോ ചെയ്ത് നശിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 10 ലക്ഷത്തിലേറെ രൂപയുടെ നഷ്ടമാണ് ഖാന് മാത്രമുള്ളത്. പൊലിസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെയും നടപടിയുണ്ടായിട്ടില്ല.
'പള്ളികള്‍ക്ക് പൊലിസ് സംരക്ഷണം' സംഘ് മാധ്യമങ്ങള്‍ പടച്ചു വിടുന്ന വ്യാജ വാര്‍ത്ത
പള്ളികള്‍ക്ക് പൊലിസ് സംരക്ഷണം ഏര്‍പെടുത്തിയെന്ന പൊലിസിന്റെ അവകാശ വാദം തീര്‍ത്തും പൊള്ളയാണെന്ന് എ.പി.സി.ആര്‍(അസോസിയെഷന്‍ ഫോര്‍ പ്രൊട്ടെക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ്) സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ തുടങ്ങിയവയുടെ പ്രതിനിധികള്‍ പറയുന്നു. സംസ്ഥാനത്ത് നടക്കുന്നു അതിക്രമങ്ങളെ കുറിച്ച് പുറത്തു വരുന്ന റിപ്പോര്‍ട്ടുകളെല്ലാം തെറ്റിദ്ധരിപ്പിക്കുന്നതാണ്. നഗരങ്ങളിലെ പള്ളികള്‍ക്ക് മാത്രമാണ് ഭാഗികമായെങ്കിലും പൊലിസ് സംരക്ഷണം ഏര്‍പെടുത്തിയിട്ടുള്ളത്- സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ദേശീയ സെക്രട്ടറി ഫവാസ് ഷഹീന്‍ പറയുന്നു.
ആക്രമണങ്ങള്‍ നടക്കുന്നത് നഗരങ്ങളിലെ പള്ളികള്‍ക്ക് എതിരെ മാത്രമല്ല. കുഗ്രാമങ്ങളില്‍ പോലും പള്ളികള്‍ അക്രമിക്കപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എ.പി.സി.ആര്‍ സെക്രട്ടറി നദീം ഖാനും ഇതു തന്നെയാണ് പറയുന്നത്. ഭൂരിപക്ഷ ജനാധിപത്യത്തിന്റെ അപകടകരമായ മുഖമാണ് ത്രിപുരയില്‍ പ്രകടമായത്. സര്‍ക്കാര്‍ പി.ആറിനെ ഉപയോഗിച്ച് ജനങ്ങള്‍ക്കിടയില്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നു. ഒന്നോ രണ്ടോ പള്ളക്കു മുന്നില്‍പൊലിസ് നില്‍ക്കുന്നതിന്റെ ചിത്രമെടുത്ത് വ്യാപക സംരക്ഷണം നല്‍കിയെന്ന വാര്‍ത്ത പ്രചരിപ്പിക്കുന്നു- നദീം ഖാന്‍ ചൂണ്ടിക്കാട്ടി.
അക്രമങ്ങള്‍ക്ക് ഭരണകൂട പിന്തുണ?
സംഘ് അതിക്രമങ്ങള്‍ക്കെതിരെ വടക്കന്‍ ത്രിപുരയില്‍ മുസ്‌ലിങ്ങളുടെ പ്രതിഷേധം നടന്നിരുന്നു. 1500-2000 ആളുകളാണ് പ്രതിഷേധ പ്രകടനത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ പ്രദേശത്ത് സര്‍ക്കാര്‍ 144 പ്രഖ്യാപിച്ചു. അതേസമയം, മുവായിരത്തിലധികം സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ പ്രദേശത്ത് അഴിഞ്ഞാടിയിട്ടും സര്‍ക്കാര്‍ മൗനം പാലിക്കുകയായിരുന്നു. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ സംഘ്ഭീകരര്‍ക്ക് അഴിഞ്ഞാടാന്‍ സര്‍ക്കാര്‍ മൗനാനുമതി നല്‍കുകയായിരുന്നു- മുസ്‌ലിം സംഘടനാ പ്രതിനിധികള്‍ പറയുന്നു. ഇത്രയെല്ലാം അക്രമങ്ങള്‍ നടന്നിട്ടും ഏറെ ദിവസങ്ങള്‍ കഴിഞ്ഞാണ് പൊലിസ് നടപടിയെടുത്തതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.അക്രമികളില്‍ സി.പി.എം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലുമുണ്ടായിരുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു.
Shameless @Tripura_Police! Jab aapko pata hai VHP ke log wahan rally nikaal kar Masjid todenge aur Musalmmano ke gharo pr hamla karenge tab unko kyu permission de rhe ho rally nikalne? Aur self defense aur Masjid ko protest karne ke liye jama hue Muslims pic.twitter.com/Jnq68AfvuN
— عادل مغل ?? (@MogalAadil) October 27, 2021
തെരഞ്ഞെടുപ്പ് മാത്രമാണ് ഇവരൊക്കെ കണക്കു കൂട്ടുന്നത്. ഭൂരിപക്ഷ പ്രീതിക്ക് മുന്‍ഗണന നല്‍കുന്നു. ജനസംഖ്യയുടെ 8.6 ശതമാനം മാത്രമാണ് ഇവിടെ മുസ്‌ലിങ്ങള്‍. ഒക്‌ടോബര്‍ 22ന് തെരഞ്ഞെടുപ്പ് കമീഷന്‍ സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. നവംബര്‍ 25നാണ് തെരഞ്ഞെടുപ്പ്. ഭയപ്പെടുത്തി ന്യൂനപക്ഷത്തെ ഒതുക്കി വോട്ടുപിടിക്കാമെന്നാണ് തീവ്ര വലതുപക്ഷ കക്ഷികള്‍ കാണുന്നത്.
പ്രവാചകനേയും അപമാനിച്ചു
വടക്കന്‍ ത്രപുരയില്‍ ചൊവ്വാഴ്ച നടന്ന റാലിക്കിടെ പ്രവാചകന്‍ മുഹമ്മദിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള മുദ്രവാക്യങ്ങള്‍ മുഴക്കിയതായി ദൃക്‌സാക്ഷികള്‍ പറയുന്നു. പാല്‍ ബസാറില്‍ ഒക്‌ടോബര്‍ 22ന് ബജ്‌റങ്ദളിന്റെ നേതൃത്വത്തില്‍ യോഗം സംഘടിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് ആക്രമണം പൊട്ടിപ്പുറപ്പെട്ടത്. പാല്‍ ബസാറിലെ പള്ളിയും ബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തു. വിശുദ്ധ ഖുര്‍ആന്‍ കത്തിച്ചു. സമീപ പ്രദേശമായ ചോമുനി ബസാറിലും വ്യാപക ആക്രമണങ്ങളാണ് സംഘം അഴിച്ചുവിട്ടത്. ഇവിടെയുണ്ടായിരുന്ന 30 കുടുംബങ്ങള്‍ പിറ്റേന്ന് നാടുവിടേണ്ടിവന്നു.
— Usama Hazari (@Usamahazari) October 27, 2021
എളുപ്പത്തില്‍ അക്രമിക്കപ്പെടാവുന്നതാണ് ത്രിപുരയിലെ മുസ്‌ലിം വിഭാഗം. എണ്ണത്തില്‍ വളരേ കുറവ്. ജനസംഖ്യയുടെ എട്ടു ശതമാനം. രണ്ടുശതമാനം മുസ്‌ലിങ്ങള്‍ ഒക്കെയുള്ളിടത്താണ് അതിക്രമങ്ങള്‍ അരങ്ങേറുന്നത്. ജീവനില്‍ കൊതിപൂണ്ട് ചെറുത്തു നില്‍ക്കാനാവാതെ പലരും വീടുപേക്ഷിക്കുന്നു. ഏതുനിമിഷവും അക്രമിക്കപ്പെട്ടേക്കാമെന്നൊരു ഭീതിയിലാണ് അവര്‍ ജീവിക്കുന്നത്. ഇപ്പോള്‍ സര്‍ക്കാര്‍ തങ്ങളെ സംരക്ഷിക്കുമെന്ന നേരിയ പ്രതീക്ഷയും അവര്‍ക്ക് ഇല്ലാതായിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."