ലോക്സഭാ ഉപതെരഞ്ഞെടുപ്പ്: ബി.ജെ.പിക്ക് തിരിച്ചടി; മാണ്ഡി കോണ്‍ഗ്രസ് പിടിച്ചെടുത്തു
ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കിയ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ ഞെട്ടിച്ച് കോണ്‍ഗ്രസ്. മൂന്ന് ലോക്സഭ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടി. ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ ഹിമാചല്‍ പ്രദേശിലെ മാണ്ഡി കോണ്‍ഗ്രസ് പിടിച്ചെടുത്തു. മുന്‍ മുഖ്യമന്ത്രി കൂടിയായ വീര ഭഭ്ര സിങ്ങിന്റെ ഭാര്യ പ്രതിഭ സിങ് ആണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് ലോകസഭാ മണ്ഡലങ്ങളില്‍ ഒരിടത്തുമാത്രമാണ് ബി.ജെ.പിക്ക് ലീഡുള്ളത്. മധ്യപ്രദേശിലെ ഖാണ്ഡ്വയിലാണ് ബി.ജെ.പി മുന്നിട്ടുനില്‍ക്കുന്നത്. ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലിയില്‍ ശിവസേന വിജയത്തിലേക്ക് നീങ്ങുകയാണ്.
ഹിമാചല്‍ പ്രദേശിലെ മാണ്ഡി ബി.ജെ.പിയുടെ സിറ്റിങ് സീറ്റായിരുന്നു. നാലു ലക്ഷത്തിലധികം വോട്ടിന്റെ ഭുരിപക്ഷത്തിനായിരുന്നു ബി.ജെ.പി സ്ഥാനാര്‍ത്ഥി നേരത്തെ ഇവിടെ ജയിച്ചിരുന്നത്. ഈ സീറ്റിലാണ് ഇപ്പോള്‍ 8766 വോട്ടിന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രതിഭ സിങ് വിജയിച്ചത്. കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത ജവാനായിരുന്ന കൗശല്‍ താക്കൂറിനെയാണ് മാണ്ഡി നിലനിര്‍ത്താന്‍ ബി.ജെ.പി ഇറക്കിയിരുന്നത്.
ഹിമാചല്‍ പ്രദേശിലെ നിയമസഭ ഉപതെരഞ്ഞെടുപ്പിലെ മൂന്നില്‍ മൂന്നും കോണ്‍ഗ്രസ് നേടി മധുരം ഇരട്ടിയാക്കുകയും ചെയ്തു.
13 സംസ്ഥാനങ്ങളിലെ 29 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്.
കര്‍ണാടകയില്‍ മുഖ്യമന്ത്രിയുടെ ജില്ലയില്‍ ബി.ജെ.പി തോറ്റു. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിച്ചു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രചരണം നടത്തിയ ഹങ്ങലിലും ബി.ജെ.പിക്ക് തോല്‍വിയാണ്. ഹിമാചല്‍ പ്രദേശിലെ മൂന്ന് സീറ്റില്‍ കോണ്‍ഗ്രസ് വിജയിച്ചു. അസമില്‍ രണ്ട് സീറ്റില്‍ ബിജെപി വിജയിച്ചു. മിസോ നാഷണല്‍ ഫ്രണ്ട് 1 സീറ്റ് നേടി. രാജസ്ഥാനില്‍ ഒരു സീറ്റില്‍ കോണ്‍ഗ്രസ് വിജയിച്ചു. ഒരു സീറ്റില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."