സാമ്പത്തിക മേഖലയിൽ തിരിച്ചുവരവ് സാധ്യമോ?
പ്രൊഫ. കെ. അരവിന്ദാക്ഷൻ
9446495119
നിരവധി ലോകരാജ്യങ്ങളിൽ വിശിഷ്യാ ഇന്ത്യയിലും വർഷങ്ങളായി സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ടുള്ള ചർച്ചകളിൽ ആവർത്തിച്ചു കേൾക്കാൻ കഴിയുന്നൊരു വാക്കാണ് തിരിച്ചുവരവ് അഥവാ വീണ്ടെടുക്കൽ. ഇത്തരം ചർച്ചകളെത്തുടർന്ന് ബന്ധപ്പെട്ടവർ സ്വയം എത്തിച്ചേരുന്നൊരു നിഗമനം, സമ്പദ് വ്യവസ്ഥ അകപ്പെട്ടിരിക്കുന്ന പ്രതിസന്ധി വെറുമൊരു താൽക്കാലിക പ്രതിഭാസം മാത്രമാണെന്നുമാണ്. താൽക്കാലികമായൊരു പിഴവാണെന്നതിനാൽതന്നെ, അതിൽനിന്നുള്ള തിരിച്ചുവരവിനും ഏറെ പണിപ്പെടേണ്ടിവരില്ലെന്നാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. ഇത്തരമൊരു ചിന്താഗതി യാഥാർഥ്യത്തിന് നിരക്കുന്നതാണോ, അല്ലയോ എന്ന് കണ്ടെത്തുന്നതിന് നാം അൽപമായെങ്കിലും തിരിഞ്ഞുനോട്ടത്തിന് തയാറാവേണ്ടിവരികയും ചെയ്യും.
2018ൽ ഇന്ത്യക്ക് ജനസംഖ്യാ വളർച്ചയിൽ അഭിമാനാർഹമായ നേട്ടം കൈവരിക്കാനായി എന്നത് ഒരു ചരിത്ര യാഥാർഥ്യമാണ്. അതിനു മുമ്പുള്ള രണ്ട് ദശകക്കാലയളവിൽ അധ്വാനശേഷിയുള്ളവരുടെ എണ്ണത്തിന് മുമ്പ് ഉണ്ടായിരുന്നതിനേക്കാളേറെ പേരുടെ വർധനവാണ് അന്ന് മുതലുള്ള ഏതാനും വർഷങ്ങളിൽ തുടർച്ചയായി ഇന്ത്യയിൽ രേഖപ്പെടുത്തിയത്. നിലവിലുള്ള കണക്കെടുത്താൽ നമുക്ക് കാണാൻ കഴിയുന്നതെന്തെന്നോ? 2013 നും 2018 നും ഇടക്ക് അധ്വാനശേഷിയുള്ളവരിൽ 40 മില്യൻ ഇടിവാണ് രേഖപ്പെടുത്തിയതെങ്കിലും തൽസ്ഥാനത്ത് 250 മില്യൻ പേരാണ് അധ്വാനശേഷിയുള്ള ഏജ് ഗ്രൂപ്പിൽനിന്ന് പുറത്തുകടന്നത്. അധ്വാനശേഷിയുടെ പങ്കാളിത്ത നിരക്കാണെങ്കിൽ അതായത് പണിയെടുക്കുന്നവരുടെയോ പണിയെടുക്കാൻ സന്നദ്ധരായവരുടെയോ തോത് ഇന്ത്യയിൽ വെറും 40 ശതമാനവും അമേരിക്കയിൽ 61 ശതമാനവും. ചൈനയിലും, വിയറ്റ്നാമിലും യഥാക്രമം 65 ശതമാനം, 72 ശതമാനം വീതം എന്നിങ്ങനെയുമാണ്. ഇന്ത്യയിലെ ഈ കണക്ക് സെൻ്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി (സി.എം.ഐ.ഇ) എന്ന സ്വകാര്യ ഏജൻസിയും കേന്ദ്ര സർക്കാരും ശരിവയ്ക്കുന്നുമുണ്ട്. തൊഴിലില്ലായ്മ നിരക്കെടുത്താൽ യു.എസിൽ അഞ്ചു ശതമാനവും യു.കെയിൽ 4 ശതമാനവും ആണെന്നിരിക്കെ ഇന്ത്യയിൽ ഇത് ഏറെക്കുറെ സ്ഥിരമായി 2017നു ശേഷം ആറ് ശതമാനത്തിൽ തുടരുകയുമാണ്.
സാമ്പത്തിക കാഴ്ചപ്പാടനുസരിച്ച് ഈ പ്രവണത നിഷേധസ്വഭാവമുള്ള ഒന്നാണ്. 2018നു ശേഷം ഇന്ത്യയിലെ ജി.ഡി.പി വളർച്ചാ നിരക്ക് തുടർച്ചയായി ഒമ്പത് പാദങ്ങളിൽ താണുകൊണ്ടിരിക്കുകയുമാണ്. പാൻഡെമിക്കിനു തൊട്ടു മുമ്പത്തെ സ്ഥിതിയും ഇതുതന്നെയായിരുന്നു. ഇപ്പോൾ ഇത് ഏറിയും കുറഞ്ഞുമാണ് തുടരുന്നതെന്ന് സർവേ ഫലങ്ങൾ വെളിവാക്കുകയും ചെയ്യുന്നു. എന്നാൽ തർക്കമില്ലാത്ത ഒരു കാര്യമുണ്ട്. ഇന്ത്യയുടെ മധ്യവർഗം വളർച്ചാ മുരടിപ്പിനെയാണ് നേരിട്ടുവരുന്നത് എന്നുതന്നെ. വാസയോഗ്യമായ ഇടങ്ങളുടെ വിൽപനയും കൈമാറ്റങ്ങളും നിശ്ചലാവസ്ഥയിലാണ്. 2012നുശേഷമുള്ള എട്ട് വർഷക്കാലയളവിൽ ഇത് പ്രതിവർഷം മൂന്ന് ലക്ഷം യൂണിറ്റുകളിൽ ഒതുങ്ങിപ്പോയപ്പോൾ 2020 ൽ മാത്രം വിൽപന ഇതിൻ്റെ പകുതിയോളമായി കുറയുകയും ചെയ്തു. ആഗോള ഏജൻസിയായ നൈറ്റ് ഫ്രാങ്ക് ഗ്ലോബൽ ഹൗസ് ഇൻഡെക്സ് കണക്ക് കൂട്ടിയിരിക്കുന്നത് ഈ വിഷയത്തിൽ ഇന്ത്യയുടേത് ഏറ്റവും താഴേത്തട്ടിൽനിന്നു രണ്ടാമത് സ്ഥാനത്തുമാണത്രെ. യാത്രാവാഹനങ്ങളുടെ വിൽപനയും നിശ്ചലാവസ്ഥയിൽ തുടരുന്നു. ഇന്ത്യൻ ഓട്ടോ മൊബൈൽ നിർമാതാക്കളുടെ സംഘടനയുടെ കണക്കെടുപ്പിൽ പിന്നിട്ട ഉദ്ദേശം ഒരു ദശകക്കാലയളവിൽ 2012-2020 കാലയളവിൽ യാത്രാവാഹനങ്ങളുടെ വിൽപന 2.7 മില്യനിൽതന്നെ തുടരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. സർക്കാർ ഈ പ്രതിഭാസം ഊബർ, ഓല തുടങ്ങിയവയുടെ വരവോടെയാണെന്ന് വ്യാഖ്യാനിക്കാൻ മെനക്കെടുന്നുണ്ടെങ്കിലും ഇതിൽ വലിയ അർഥം കൽപിക്കേണ്ട കാര്യമില്ല. യു.എസിൽ 2009 നും 2020 നും ഇടയിൽ വിൽപന 10 മില്യനിൽനിന്ന് 17 മില്യൻ യൂനിറ്റായി വർധിച്ചപ്പോൾ ചൈനയിൽ ഇത് 12 മില്യനിൽനിന്ന് ഇരട്ടിയായി ഉയർന്ന് 24 മില്യനിലെത്തുകയായിരുന്നു. ഒരേ കാലയളവിൽ കാണപ്പെട്ട അന്തരമായിരുന്നു ഇത്.
ഇരുചക്രവാഹനങ്ങളുടെ വിൽപനയുടെ കാര്യമെടുത്താൽ പിന്നിട്ട ആറ് വർഷക്കാലയളവിൽ ഇന്ത്യയിൽ ഈ പ്രക്രിയ ഏറെക്കുറെ തുടർച്ചയായി മരവിപ്പ് നേരിട്ടുവരികയായിരുന്നു. 2015 ൽ വിൽപന 16 മില്യനുമായി ചാഞ്ചാട്ടത്തിലുമായിരുന്നു.
അതേസമയം, മാധ്യമശ്രദ്ധ വളരെയൊന്നും ആകർഷിക്കാത്ത ഒരു മേഖലയായ വാണിജ്യ വാഹന വിൽപന ഇവിടെ നേരിയ തോതിലുള്ള വളർച്ചപോലും അടുത്തകാലത്തൊന്നും രേഖപ്പെടുത്തിയില്ല എന്നതാണ് യാഥാർഥ്യം. 2015ൽ ഇവയുടെ വിൽപന ആറ് ലക്ഷമായിരുന്നത് 2019ൽ ഏഴ് ലക്ഷത്തിലേക്കും 2020ൽ അഞ്ച് ലക്ഷത്തിലേക്കും ഇടിവാണ് രേഖപ്പെടുത്തിക്കാണുന്നത്. ഉൽപാദന മേഖല വഴി ജി.ഡി.പി വളർച്ചക്ക് യാതൊരു നേട്ടവും ഉണ്ടാക്കാൻ കഴിയാതിരുന്നതിന് പ്രധാന കാരണവും ഇതുതന്നെയായിരുന്നു. 2014 സെപ്റ്റംബറിൽ ഒട്ടേറെ കൊട്ടുംകുരവുമായി ആത്മനിർഭർ ഭാരത് ലക്ഷ്യം മുൻനിർത്തി മേക്ക് ഇൻ ഇന്ത്യ മുദ്രാവാക്യം നരേന്ദ്ര മോദി ആവർത്തിച്ച് മുഴക്കിയിട്ടും ഈ മേഖലയിലെ വളർച്ച 16 ൽ നിന്ന് 13 ശതമാനത്തിലേക്ക് താഴുക മാത്രമാണുണ്ടായത്.
ആംനെസ്റ്റി ഇന്റർനാഷനൽ ഇന്ത്യ എന്ന പ്രശസ്തമായ സംഘടനയുടെ അധ്യക്ഷൻ ആകാർ പട്ടേൽ എഴുതിയ ഒരു ലേഖനത്തിൽ, ബിസിനസ് സ്റ്റാൻഡേർഡ് 2021 ഒക്ടോബർ എട്ടിന്, നമ്മുടെ ശ്രദ്ധക്ഷണിച്ചിരിക്കുന്നത് സെൻ്റർ ഫോർ ഇക്കണോമിക് ഡാറ്റാ ആൻഡ് അനാലിസിസ് എന്ന സംഘടനയുടേതായി പുറത്തുവന്നിരിക്കുന്നൊരു സർവേ റിപ്പോർട്ടിലെ കണ്ടെത്തലുകളിലേക്കാണ്. ഈ കണ്ടെത്തലുകളിൽ പ്രധാനപ്പെട്ട ഒന്ന് ഉൽപാദന മേഖലയുടെ മുരടിപ്പിനെ തുടർന്നുണ്ടായ തൊഴിലവസര നഷ്ടത്തിൻ്റെ കണക്കാണ്. 2016നും 2021നും ഇടക്ക് ഈ നഷ്ടം പകുതിയോളമാണ്, അതായത് 51 മില്യനിൽനിന്ന് 28 മില്യനിലേക്ക്. ഈ തോതിലുള്ള തൊഴിൽ നഷ്ടവും ഓട്ടോ മൊബൈൽ മേഖലാ പ്രതിസന്ധിയും തമ്മിൽ ചേർത്തുകാണേണ്ടതുമാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദി തികച്ചും നിഷ്കളങ്കമായൊരു നിർദേശമെന്ന നിലയിൽ ഈയിടെ ഉന്നയിച്ചൊരു പരിഷ്കാരമുണ്ട്. അതായത് പഴഞ്ചനായ വാഹനങ്ങളെല്ലാം സ്ക്രാപ്പായി പരിഗണിക്കുകയും കിട്ടുന്ന വിലയ്ക്ക് വിറ്റൊഴിച്ച് പകരം പുതിയവ വാങ്ങുകയും ഗ്രീൻ എനർജി എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യക്ക് കുതിച്ചുകയറുകയും ചെയ്യാം എന്നിങ്ങനെയുള്ള അനുകൂല വാദഗതികളും അദ്ദേഹം നിരത്തുകയുണ്ടായി. എന്നാൽ ഈ നിർദേശത്തിൻ്റെ യഥാർഥ ലക്ഷ്യം സ്വകാര്യ വാഹന നിർമാണമേഖലയിലെ ഇന്ത്യനും വിദേശിയുമായ ഏതാനും കോർപറേറ്റ് കുത്തകകളെ രക്ഷിക്കുക എന്നതായിരുന്നു. ലക്ഷ്യത്തെ പച്ച പുതപ്പിച്ചു എന്നു മാത്രമേയുള്ളൂ. ഈ അജൻഡയ്ക്ക് അനുകൂലമായി പ്രതികരിക്കുന്നവർക്ക് നികുതി ഇളവുകളടക്കമുള്ള ഓഫറുകളും നിരത്തിയിട്ടുണ്ട്.
ഇതിനിടെ കേന്ദ്ര ധനമന്ത്രാലയത്തിൻ്റെ വെളിപ്പെടുത്തലനുസരിച്ച് കോർപറേറ്റ് പ്രത്യക്ഷ നികുതി വരുമാനത്തിൻ്റെ ഓഹരി പരോക്ഷ നികുതി വരുമാനത്തെ അപേക്ഷിച്ച് ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്. 2019 ൽ കോർപറേറ്റ് നികുതി നിരക്ക് 25ൽ നിന്ന് 15 ശതമാനമാക്കി കുറച്ചതിനുശേഷവും ഇതാണ് അനുഭവമെന്നത് ശ്രദ്ധേയമാണ്. അതേസമയം ജി.ഡി.പിയുമായുള്ള കോർപറേറ്റ് കമ്പനികളുടെ ലാഭത്തിൻ്റെ അനുപാതം 2.69 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നതും. പരോക്ഷ നികുതിയുടെ കാര്യത്തിൽ ഏറ്റവും വലിയ ഭാരമായി കാണുന്നത് ഇന്ധന നികുതി ഇനത്തിലാണ്. 60 ശതമാനത്തോളമാണ്. ഇതിൻ്റെ അർഥം വ്യക്തമല്ലേ? മോദി സർക്കാർ കൊവിഡിൻ്റെ ദുരന്തകാലത്തും പാവപ്പെട്ടവൻ്റെ ചുമലിൽ അധിക നികുതി ഭാരം കെട്ടിവയ്ക്കുമ്പോൾതന്നെ സമ്പന്ന വർഗത്തിന് വൻതോതിൽ ആശ്വാസം കൽപിച്ചു നൽകുകയുമാണെന്ന് തന്നെയാണിത്. അസിം പ്രേംജി യൂനിവേഴ്സിറ്റി നടത്തിയൊരു പഠനം വെളിവാക്കുന്നത് ദരിദ്ര ജനവിഭാഗത്തിൽപെട്ടവരുടെ എണ്ണത്തിൽ ഈ കാലഘട്ടത്തിൽ 230 മില്യൻ വർധനവുണ്ടായിട്ടുണ്ടെന്നുമാണ്.
ഇതിനു പുറമെ, 2019-20 ലേക്കുള്ള നാഷനൽ ഫാമിലി ഹെൽത്ത് സർവേയിലെ വെളിപ്പെടുത്തൽ ഈ ഒരു വർഷക്കാലത്തിനിടയിൽ മാത്രം ഇന്ത്യയിൽ പകുതി സംസ്ഥാനങ്ങളിലും ശിശുക്കളുടെ വയസ്സിനനുസരിച്ചുള്ള തൂക്കത്തിലും വയസ്സിനാനുപാതികമായ ഉയരത്തിലും 2015നെ അപേക്ഷിച്ച് വൻതോതിലുള്ള കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ്. ശിശുക്കളുടെ തൂക്കക്കുറവിൽ അസം, ഗുജറാത്ത്, പശ്ചിമ ബംഗാൾ, കർണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് 2005-2006 നും 2019-20നും ഇടക്ക് ഏറ്റവുമധികം വർധന രേഖപ്പെടുത്തിയിരിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. വലിയ ആഘോഷത്തോടെയും പ്രചാരണ കോലാഹലങ്ങളോടെയും അകമ്പടിയോടെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച സ്വഛ് ഭാരത് അഭിയാൻ പരിപാടി നാളിതുവരെയായി ഉദ്ദേശിച്ച ലക്ഷ്യത്തിനടുത്തുപോലും എത്തിയിട്ടില്ലെന്നാണ് അറിയാൻ കഴിയുന്നത്.
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."