ചെറിയാൻ ഫിലിപ്പ് കോൺഗ്രസ് അംഗത്വമെടുത്തു; പിന്നാലെ സി.പി.എമ്മിന് രൂക്ഷ വിമർശനം 'കോൺഗ്രസിന് കാലാവസ്ഥാമാറ്റം മൂലമുള്ള ജലദോഷമാണെങ്കിൽ സി.പി.എമ്മിന് രക്താർബുദം'
തിരുവനന്തപുരം
രണ്ടുപതിറ്റാണ്ട് നീണ്ട ഇടതുബന്ധം മുറിച്ച ചെറിയാൻ ഫിലിപ്പ് കോൺഗ്രസിൽ ഔദ്യോഗികമായി തിരിച്ചെത്തി. ഇന്നലെ കെ.പി.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അഞ്ചുരൂപ നൽകി അധ്യക്ഷൻ കെ.സുധാകരനിൽ നിന്നാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്.
സി.പി.എമ്മുമായി അകന്ന ചെറിയാൻ കഴിഞ്ഞയാഴ്ച എ.കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം കോൺഗ്രസിലേക്ക് തിരിച്ചുപോവുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ അന്ന് അംഗത്വം എടുത്തിരുന്നില്ല.
അംഗത്വം സ്വീകരിച്ച ശേഷമുള്ള പ്രസംഗത്തിൽ സി.പി.എമ്മിനെതിരേ അദ്ദേഹം ആഞ്ഞടിക്കുകയും ചെയ്തു. പാലിൽ വെള്ളംചേർത്ത് പാൽ ഇല്ലാതായത് പോലെ സി.പി.എമ്മിൽ മാർക്സിസമില്ലാതായെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
ഏതു ചെകുത്താനുമായും കൂട്ടുകൂടാൻ തയാറായി നിൽക്കുകയാണ് സി.പി.എം. കോൺഗ്രസിന് കാലാവസ്ഥാമാറ്റം മൂലമുള്ള ജലദോഷമാണെങ്കിൽ സി.പി.എമ്മിന് രക്താർബുദമാണ്. സി.പി.എമ്മിന് കോൺഗ്രസുമായി സഖ്യമുണ്ടാക്കാമെങ്കിൽ തനിക്ക് കോൺഗ്രസിലേക്ക് മടങ്ങിപ്പോവാമെന്നും എല്ലാവരും ഒരുമിച്ച് നിന്നാൽ കോൺഗ്രസ് തിരിച്ചുവരുമെന്നും ചെറിയാൻ ഫിലിപ്പ് കൂട്ടിച്ചേർത്തു.
സി.പി.എമ്മിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്കുള്ള പാഠപുസ്തകമാണ് ചെറിയാന്റെ അനുഭവമെന്ന് കെ.സുധാകരൻ പറഞ്ഞു.
ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, വി.ഡി സതീശൻ, കൊടിക്കുന്നിൽ സുരേഷ്, ടി. സിദ്ദീഖ്, പി.ടി തോമസ് തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."