ന്യൂനമര്‍ദ്ദം അറബിക്കടലില്‍ പ്രവേശിച്ചു; സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യത, എട്ട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട്
തിരുവനന്തപുരം: തെക്കു-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം അറബിക്കടലില്‍ പ്രവേശിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ന്യൂനമര്‍ദ്ദത്തിന്റെ സാന്നിധ്യത്തില്‍ സംസ്ഥാനത്ത് മഴ കനക്കും. ഇന്ന് എട്ട് ജില്ലകളില്‍ അതിശക്തമായ മഴക്കുള്ള സാധ്യത മുന്‍നിര്‍ത്തി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഓറഞ്ച് അലര്‍ട്ട്
ബുധന്‍: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്
വ്യാഴം: പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്.
ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 എംഎം മുതല്‍ 204.4 എംഎം വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
യെല്ലോ അലര്‍ട്ട്
ബുധന്‍: ആലപ്പുഴ, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്
വ്യാഴം: കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം
വെള്ളി: പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കാസര്‍കോട്
ശനി: പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കാസര്‍കോട്
ഞായര്‍: പത്തനംതിട്ട, കോട്ടയം, ഇടുക്കി
ശക്തമായ മഴക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഈ ജില്ലകളില്‍ പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 64.5 എംഎം മുതല്‍ 115.5 എംഎം വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അര്‍ഥമാക്കുന്നത്.
ഇന്ന് രാവിലെ 8.30ഓടെ അറബിക്കടലില്‍ പ്രവേശിച്ച ന്യൂനമര്‍ദ്ദം ലക്ഷദ്വീപിനു മുകളിലും സമീപത്തുള്ള തെക്കു-കിഴക്കന്‍ അറബിക്കടലിലുമായാണ് സ്ഥിതിചെയ്യുന്നത്. അടുത്ത മൂന്ന് ദിവസം വടക്ക്, വടക്കു-പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ലക്ഷദ്വീപ് മുതല്‍ കര്‍ണാടക തീരം വരെ ന്യൂനമര്‍ദ്ദ പാത്തി രൂപപ്പെട്ടിട്ടുണ്ട്. അതേസമയം, അടുത്ത 48 മണിക്കൂറില്‍ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമാകാനുള്ള സാധ്യത വളരെ കുറവാണ്.
ന്യൂനമര്‍ദ്ദ സ്വാധീനഫലമായി കിഴക്കന്‍ കാറ്റ് ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട്. കേരളത്തില്‍ നവംബര്‍ ഏഴ് വരെ ഇടി മിന്നലോടു കൂടിയ മഴ തുടരാന്‍ സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."