കെ.എസ്.യു പുനഃസംഘടനാ ചർച്ച സജീവം; സ്ഥാനങ്ങൾക്കായി നേതാക്കൾ നീക്കം തുടങ്ങി
എം.പി മുജീബ് റഹ് മാൻ
കാസർകോട്
കോൺഗ്രസ് പുനഃസംഘടനയ്ക്കു പിന്നാലെ പാർട്ടിയുടെ വിദ്യാർഥി വിഭാഗമായ കെ.എസ്.യുവിലും പുനഃസംഘടനാ ചർച്ച സജീവമായി. എ, ഐ വിഭാഗങ്ങൾ തിരിഞ്ഞ് സ്ഥാനങ്ങൾക്കായി വിദ്യാർഥി നേതാക്കൾ മുതിർന്ന നേതാക്കളെ കണ്ടുതുടങ്ങി.
തെരഞ്ഞെടുപ്പില്ലാതെ സംഘടനയ്ക്കു പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാമെന്ന് എൻ.എസ്.യു ദേശീയനേതൃത്വം സംസ്ഥാന കോൺഗ്രസ് നേതൃത്വത്തെ അറിയിച്ച സാഹചര്യത്തിലാണ് ഗ്രൂപ്പ് തിരിഞ്ഞുള്ള നീക്കം.
എ വിഭാഗത്തിലെ ചർച്ചകൾക്കു പി.സി വിഷ്ണുനാഥും ഐ വിഭാഗത്തിൽ ജ്യോതികുമാർ ചാമക്കാലയുമാണ് നേതൃത്വം നൽകുന്നത്.
2017 മാർച്ചിലാണ് നിലവിലുള്ള സംസ്ഥാന, ജില്ലാ കമ്മിറ്റികളെ തെരഞ്ഞെടുത്തത്. 27 ആണ് പ്രായപരിധിയെങ്കിലും പലരുടെയും വയസ് പിന്നിട്ട സാഹചര്യത്തിലാണ് എൻ.എസ്.യു ദേശീയ നേതൃത്വത്തിന്റെ പുതിയ നീക്കം.
ഗ്രൂപ്പ് തലത്തിൽ ഭാരവാഹി ലിസ്റ്റ് തയാറാകുന്നുണ്ടെങ്കിലും ഗ്രൂപ്പിനതീതമായ പുനഃസംഘടനയാണ് ലക്ഷ്യമെന്നു കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനോട് അടുപ്പമുള്ളവർ പറയുന്നു. കെ.പി.സി.സി അംഗീകരിച്ച് നൽകുന്ന ലിസ്റ്റ് എൻ.എസ്.യു ദേശീയ കമ്മിറ്റി പുറത്തിറക്കാറാണ് പതിവ്.
കെ.എസ്.യുവിന്റെ സംഘടനാ തെരഞ്ഞെടുപ്പ് രീതിക്കെതിരേ കെ. സുധാകരൻ ഉൾപ്പെടെയുള്ളവർ നേരത്തെ പ്രതിഷേധമുയർത്തിയതും കൊവിഡ് സാഹചര്യത്തിൽ കാംപസുകൾ സജീമവല്ലാത്തതുമാണു പുനഃസംഘടനയിലൂടെ പുതിയ ഭാരവാഹികളെ കണ്ടെത്താൻ ദേശീയനേതൃത്വം തീരുമാനിക്കാൻ കാരണം.
സ്കൂളുകളും കോളജുകളും തുറന്ന സാഹചര്യത്തിൽ ഭാരവാഹികളെ പെട്ടെന്നു പ്രഖ്യാപിക്കാനാണ് നീക്കം. നിലവിലെ സാഹചര്യത്തിൽ എ വിഭാഗക്കാരനായ പ്രസിഡന്റ് കെ.എം അഭിജിത് തുടരാനാണു സാധ്യത. എന്നാൽ ഐ വിഭാഗത്തിൽനിന്നുള്ള വൈസ് പ്രസിഡന്റുമാരായ വി.പി അബ്ദുൽറഷീദ്, ജഷീർ പള്ളിവയൽ, നിഖിൽ ദാമോദർ, ശ്രീലാൽ ശ്രീധർ, സ്നേഹ ഹരിപ്പാട്, റിങ്കു പടിപ്പുരയിൽ എന്നിവർക്കു പ്രായപരിധി കഴിഞ്ഞതിനാൽ തുടരാനാവില്ല.
അലോഷി സേവ്യർ (എറണാകുളം), പി. മുഹമ്മദ് ഷമ്മാസ് (കണ്ണൂർ), അമൽ ജോയ് (വയനാട്), നിതിൻ പുതിയിടം (ആലപ്പുഴ) എന്നിവരൊഴികെയുള്ള ജില്ലാ പ്രസിഡന്റുമാരും പ്രായപരിധി കഴിഞ്ഞവരാണ്. നിലവിലെ ജില്ലാ പ്രസിഡന്റുമാരിൽ 11 പേർ എ വിഭാഗക്കാരും മൂന്നുപേർ ഐ വിഭാഗക്കാരുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."