കെ.എസ്.ആർ.ടി.സി കെട്ടിട ബലക്ഷയം ആർക്കിടെക്ടിനെതിരേ കേസെടുക്കാൻ വിജിലൻസ്
കോഴിക്കോട്
കെ.എസ്.ആർ.ടി.സി കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന ചെന്നൈ ഐ.ഐ.ടി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെയും ആർക്കിടെക്ടിനെതിരെയും കേസെടുക്കണമെന്ന നിർദേശവുമായി വിജിലൻസ്.
കെട്ടിട നിർമാണത്തിന് നേതൃത്വം നൽകിയിരുന്ന അന്നത്തെ കെ.ടി.ഡി.എഫ്.സിയുടെ ചീഫ് എൻജിനീയർ എസ്.ആർ.ജെ നവകുമാറിനെതിരെയും കെട്ടിടം രൂപ കൽപന ചെയ്ത ആർക്കിടെക്ട് ആർ.കെ രമേശിനെതിരെയും കേസെടുക്കണമെന്നാണ് വിജിലൻസ് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്.
പ്ലാനിന് കോർപറേഷന്റെ അംഗീകാരം വാങ്ങാതെയാണ് കെട്ടിടം പണിതത്, കെട്ടിടംപണി പൂർത്തിയായ ശേഷം അംഗീകാരത്തിന് അപേക്ഷ നൽകി എന്നാണ് റിപ്പോർട്ടിലെ പ്രധാന പരാമർശം.
ഡിവൈ.എസ്.പി ഷാജി വർഗീസിന്റെ നേതൃത്വത്തിലുള്ള വിജിലൻസിന്റെ പ്രത്യേക സംഘം നടത്തിയ പ്രാഥമിക അന്വേഷണത്തിനു ശേഷം സമർപ്പിച്ച റിപ്പോർട്ടിലാണ് കേസെടുക്കാൻ നിർദേശം നൽകിയിരിക്കുന്നത്.
നാലു മാസത്തോളം നടത്തിയ അന്വേഷണത്തിനൊടുവിൽ 15 പേരുടെ മൊഴിയും സംഘം രേഖപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ ആർക്കിടെക്ട് നൽകിയ രൂപകൽപന പരിശോധിച്ച കൊച്ചി ആസ്ഥാനമായുള്ള റൈറ്റ്സ് സെർവ് എന്ന ഏജൻസിക്കെതിരെയും അന്വേണം നടത്തണമെന്നും നിർമാണത്തിലെ അപാകതയുമായി ബന്ധപ്പെട്ട് കരാറുകാരന് പങ്കുണ്ടോയെന്ന കാര്യം അന്വേഷിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഐ.ഐ.ടി പഠന റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ടെർമിനലിലെ എല്ലാ പ്രവർത്തനങ്ങളും പൂർണമായും നിർത്തിവയ്ക്കണമെന്നുംവിജിലൻസ് നിർദേശിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."