കൗമാരക്കാരെ ചേര്‍ത്തുനിര്‍ത്താന്‍ കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ 'ചങ്ക്'
ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി ക്ലാസ്സുകളിലെ കുട്ടികളെയും അധ്യാപകരെയും മാതാപിതാക്കളെയും കൗമാരപ്രശ്‌നങ്ങള്‍, ആരോഗ്യ വിദ്യാഭ്യാസം സൈബര്‍ സുരക്ഷ എന്നിവയെപ്പറ്റി ബോധവല്‍ക്കരിക്കാനും ഇതു വഴി കൗമാരക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളെ പരിഹരിക്കാനും കോഴിക്കോട് ജില്ലാ പഞ്ചായത്ത് എഡ്യൂകെയര്‍ പദ്ധതിയുടെ ഭാഗമായി വിപുലമായ മുഖാമുഖ പരിശീലന പരിപാടിയൊരുക്കുന്നു.
ചങ്ക് (CHANK -Campaign for healthy Adolescence Nurturing,Kozhikode) എന്ന പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ ഇവയാണ്
[ ] കൗമാരപ്രായക്കാരായ കുട്ടികളുടെ പെരുമാറ്റ പ്രശ്‌നങ്ങള്‍ തിരിച്ചറിയുന്നതിനും പരിഹാര മാര്‍ഗ്ഗങ്ങള്‍ നടപ്പാലാക്കുന്നതിനും രക്ഷിതാക്കളെയും കുട്ടികളെയും പ്രാപ്തരാക്കുക.
[ ] സുരക്ഷിത കൗമാരത്തിനാവശ്യമായ നൈപുണികള്‍ സ്വായത്തമാക്കന്നതിന് സഹായിക്കുക.
[ ] കൗമാര ആരോഗ്യം, ഭക്ഷണശീലങ്ങള്‍, ദിനചര്യ,വ്യായാമം, തുടങ്ങിയ ആരോഗ്യ ശീലങ്ങള്‍ പ്രയോഗികമായി പ്രയോജനപ്പെടുത്തുന്നതിനു സാധ്യമാക്കുക.
[ ] ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഓഫ് ലൈന്‍ വിദ്യാഭ്യാസത്തിലേക്ക് മാറുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ തരണംചെയ്യാന്‍ കുട്ടികളെയും രക്ഷിതാക്കളെയും പ്രാപ്തരാക്കുക.
[ ] കുട്ടികളുടെ പരീക്ഷയും പഠനവും അത് സംബന്ധിച്ച് ബുദ്ധിമുട്ടുകളും പ്രയാസങ്ങളും പരിഹരിക്കുന്നതിന് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി പിന്തുണയ്ക്കുക.
അധ്യയനവും അധ്യാപനവും ഓണ്‍ലൈനില്‍ മാത്രമായപ്പോള്‍ തന്റെ സൗഹൃദവും സ്വാതന്ത്ര്യവും വീടുകളിലേക്ക് ഒതുക്കേണ്ടി വന്ന കൗമാരപ്രായക്കാര്‍ പറഞ്ഞറിയിക്കാനാവാത്ത മാനസിക സമ്മര്‍ദ്ദങ്ങളിലൂടെയാണ് കടന്നുപോവേണ്ടി വരുന്നത്. ഇത്തരം പിരിമുറുക്കങ്ങള്‍ സൃഷ്ടിച്ച മുറിവുകള്‍ ഉണങ്ങാതെ അവശേഷിക്കുന്നുണ്ട്. ക്ലാസുകള്‍ ഓണ്‍ലൈനില്‍ നിന്നും ഓഫ്ലൈനിലേക്കു മാറുമ്പോള്‍ അത്തരക്കാരെ പ്രത്യേക കരുതലോടെ ചേര്‍ത്തുപിടിക്കുകയെന്നത് അനിവാര്യതയാണ്.
ജില്ലാ പഞ്ചായത്തിന് കീഴിലുള്ള 114 സ്‌കൂളുകള്‍ (എയ്ഡഡ് സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ) കേന്ദ്രീകരിച്ച് ഡോക്ടര്‍മാര്‍, കൗണ്‍സിലര്‍മാര്‍, മനശ്ശാസ്ത്ര വിദഗ്ദര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരോ വിദ്യാലയത്തിലും നവംബര്‍ 14 മുതല്‍ ജനുവരി 31 വരെ നീണ്ടു നില്‍ക്കുന്ന രീതിയിലാണ് പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്.
കൗമാര വിദ്യാഭ്യാസ മേഖലയിലെ വിദഗ്ദര്‍ തയ്യാറാക്കിയ 4 മൊഡ്യൂളുകളാണ് പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പങ്ക് വെക്കുക. പരിശീലനത്തിന് നേതൃത്വം നല്‍കുന്നതിനായി റിസോഴ്‌സ് പേഴ്‌സണ്‍സിന്റെ തെരെണ്ടെടുപ്പ് പൂര്‍ത്തിയായിട്ടുണ്ട്. നവംബര്‍ 10, 11 തീയതികളില്‍ ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. ക്ലാസ്സുകള്‍ക്ക് പുറമെ കുട്ടികള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ മെന്റര്‍മാരുമായി പങ്ക് വെക്കുന്നതിനായി ഓണ്‍ലൈന്‍ - സാമൂഹ്യ മാധ്യമ സംവിധാനവും പ്രയോജനപ്പെടുത്തുന്നുണ്ട്.
നവംബര്‍ 14 ന് ശിശുദിനത്തോ ടനുബന്ധിച്ച് പദ്ധതിക്ക് ഔപചാരിക തുടക്കമിടും.
ഓണ്‍ലൈന്‍ ക്ലാസുകളിലേക്കും വീടകങ്ങളിലേക്കും ഒതുങ്ങിപ്പോയ കൗമാരക്കാരുടെ മാനസിക-സാമൂഹിക പ്രശ്‌നങ്ങള്‍ രക്ഷിതാക്കള്‍ക്കും ആശങ്കയുളവാക്കുന്നുണ്ട്. സമകാലിക കൗമാര വളര്‍ച്ചയിലും വികാസത്തിലും മൊബൈല്‍ ഫോണ്‍ അമിതോപയോഗവും, മൊബൈല്‍ ഗെയിം ആസക്തിയും , വലിയ വെല്ലുവിളിയാവുകയാണ്. വീടുകളില്‍ കുട്ടികള്‍ അനുവര്‍ത്തിച്ചു വരുന്ന വികലമായ ജീവിത ശൈലിയും, വന്‍ ആരോഗ്യപ്രശ്‌നങ്ങളുയര്‍ത്തുന്നു. പെരുമാറ്റ പ്രശ്‌നങ്ങളുടെയും ഗാഡ്‌ജെറ്റ് അഡിക്ഷന്റെയും ലഹരി ഉപയോഗത്തിന്റെയും രക്തസാക്ഷികളായി കൊഴിഞ്ഞു പോയ കൗമാര ജീവിത കഥകള്‍ മാധ്യമങ്ങളില്‍ നിറയുകയാണ്.
വിദ്യാലയവും വീടും ഒത്തിണങ്ങുന്ന ആശയ രൂപീകരണങ്ങളിലൂടെയും വിനിമയങ്ങളിലൂടെയുമാണ് പരിക്കേല്‍ക്കാതെ ഭൂരിഭാഗം കൗമാര ജീവിതങ്ങളും യൗവ്വനത്തിലേക്ക് ചേക്കേറിയത്. മുന്‍ വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്തമായി തികഞ്ഞ മുന്നൊരുക്കളോടെയും ജാഗ്രതയോടെയും ഈ അവസരത്തില്‍ വിദ്യാഭ്യാസ വൃന്ദം സജ്ജമാവേണ്ടിയിരിക്കുന്നു. ശാരീരിക മാനസിക സാമൂഹിക വികാസ തലങ്ങളെ ശാസ്ത്രീയമായി പരിഗണിച്ച് അതിജീവനത്തിന്റെ സുഗമമായ പാതയൊരുക്കുന്നതിനായി സമഗ്ര കൗമാര വിദ്യാഭ്യാസ പദ്ധതിയാണ് ചങ്ക് (CHANK ) വഴി കോഴിക്കോട് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."