നോട്ട് നിരോധനത്തിന് അഞ്ചാണ്ട് പ്രധാനമന്ത്രി രാജ്യത്തെ ഞെട്ടിച്ചത് 2016 നവംബർ എട്ടിന് രാത്രി
ന്യൂഡൽഹി
രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലൊടിച്ച നോട്ടുനിരോധനത്തിന് ഇന്നേക്ക് അഞ്ചാണ്ട്. 2016 നവംബർ എട്ടിന് രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി 500, 1000 നോട്ടുകൾ നിരോധിച്ചതായി പ്രഖ്യാപിച്ചത്. ജനങ്ങളുടെ കൈവശമുള്ള 86 ശതമാനം കറൻസിയാണ് പകരം സംവിധാനങ്ങളില്ലാതെ ഒറ്റയടിക്ക് പിൻവലിച്ചത്. കള്ളപ്പണം ഇല്ലാതാക്കുകയെന്ന പ്രഖ്യാപനത്തോടെയായിരുന്നു നിരോധനം. എന്നാൽ തീവ്രവാദികൾക്ക് പണം ലഭിക്കുന്നത് ഇല്ലാതാക്കാനാണെന്ന് പിന്നീട് സർക്കാർ തിരുത്തി. രാജ്യത്ത് കറൻസി രഹിത വിനിമയ സംവിധാനം കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണെന്നായിരുന്നു പിന്നീട് വന്ന പ്രഖ്യാപനം.
നോട്ട് നിരോധിക്കുന്നതിന് തൊട്ടുമുമ്പ്, 2016 നവംബർ നാലുവരെ 17.97 ലക്ഷം കോടി രൂപയായിരുന്നു കറൻസിയായി ജനങ്ങളുടെ കൈവശമുണ്ടായിരുന്നത്. അഞ്ചു വർഷത്തിന് ശേഷം ഇത് 29.44 ലക്ഷം കോടിയായി ഉയർന്നതായാണ് റിസർവ് ബാങ്ക് കണക്ക്. രാജ്യത്തെ കറൻസി രഹിത സംവിധാനത്തിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യം ഫലം കണ്ടില്ലെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. 99 ശതമാനം കറൻസിയും തിരിച്ചെത്തിയതോടെ കള്ളപ്പണം തടയാനെന്ന വാദത്തിനും അടിസ്ഥാനമില്ലാതായി.
കള്ളനോട്ടുകൾ ഇല്ലാതാകുമെന്ന പ്രഖ്യാപനവും ഫലം കണ്ടില്ല. രാജ്യത്തെ കള്ളനോട്ട് ഉൽപാദനത്തിൽ 2019നെ അപേക്ഷിച്ച് 2020ൽ 190.5 ശതമാനത്തിന്റെ വർധനവുണ്ടായതായി നാഷനൽ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
ചെറുകിട വ്യവസായങ്ങൾ, കാർഷിക മേഖല, റിയൽ എസ്റ്റേറ്റ് മേഖല, അസംഘടിത മേഖലയിലെ തൊഴിലാളികൾ തുടങ്ങിയവരെയാണ് നോട്ടുനിരോധനം കാര്യമായി ബാധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."