ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത കേസ്: ടോണി ചമ്മണി ഉള്‍പ്പെടെയുള്ളവര്‍ കീഴടങ്ങി; ജോജു സി.പി.എമ്മിന്റെ ചട്ടുകമായി മാറിയെന്ന് കോണ്‍ഗ്രസ്
കൊച്ചി: നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്തെന്ന കേസില്‍ ഒന്നാം പ്രതി കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി ഉള്‍പ്പെടെയുള്ളവര്‍ മരട് പൊലിസിന് മുമ്പാകെ കീഴടങ്ങി. ഡി.സി.സി ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉള്‍പ്പടെയുള്ള നേതാക്കള്‍ക്കൊപ്പം പ്രകടനമായെത്തിയാണ് ഇവര്‍ കീഴടങ്ങിയത്.
അതേസമയം, തനിക്കെതിരെ വ്യാജ പരാതിയിലാണ് പൊലിസ് കേസെടുത്തതെന്ന് ടോണി ചമ്മിണി പ്രതികരിച്ചു. നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു. സമരത്തെ അലങ്കോലപ്പെടുത്താന്‍ ജോജു ശ്രമിച്ചെന്നും ഇതില്‍ പ്രകോപിതരായാണ് പ്രവര്‍ത്തകര്‍ പ്രതികരിച്ചതെന്നും ടോണി ചമ്മിണി പറഞ്ഞു.
ജോജു ജോര്‍ജ് സിപിഎമ്മിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഗതാഗതക്കുരുക്ക് കണ്ട ശേഷം ആരുടെ സമരം എന്ന് ചോദിച്ച ശേഷമാണ് ജോജു പുറത്തിറങ്ങിയത്. കോണ്‍ഗ്രസിന്റെ സമരമായതിനാലാണ് ജോജു പ്രതികരിച്ചത്. സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും സി.പി.എമ്മും ചേര്‍ന്നാണ് കേസിലെ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ അട്ടിമറിച്ചതെന്നും ടോണി ചമ്മണി ആരോപിച്ചു.
ഇന്ധനവില വര്‍ധനയ്‌ക്കെതിരെ എറണാകുളം ജില്ലാ കോണ്‍ഗ്രസ് സംഘടിപ്പിച്ച റോഡ് ഉപരോധ സമരത്തിനെതിരെ ജോജു ജോര്‍ജ് രംഗത്ത് എത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ജോജുവിന്റെ പ്രതിഷേധം രൂക്ഷമായതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തു വരികയും അദ്ദേഹത്തിന്റെ വാഹനം അടിച്ചു തകര്‍ക്കുകയുമായിരുന്നു. ഇതിനെത്തുടര്‍ന്ന് ജോജു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലിസ് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."