സാമ്പത്തിക സർവേ; ഒരു ലക്ഷത്തോളം കുടുംബങ്ങളുടെ വിവരങ്ങൾ ശേഖരിക്കും
തിരുവനന്തപുരം
സാമ്പത്തിക സർവേയിലൂടെ ഒരു ലക്ഷത്തോളം കുടുംബങ്ങളുടെ വിവരങ്ങൾ ശേഖരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
സാമ്പത്തികമായി ഏറ്റവും പിന്നോക്കം നിൽക്കുന്ന വിഭാഗക്കാരുടെ പ്രശ്നങ്ങൾ എല്ലായിടത്തും ഒരുപോലെയായതിനാൽ പഠനാവശ്യത്തിനുള്ള വിവരങ്ങൾക്ക് സാംപിൾ സർവേ പര്യാപ്തമാകുമെന്നാണ് സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായുള്ള കമ്മിഷൻ വിലയിരുത്തിയിട്ടുള്ളതെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.
സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളുടെ പ്രശ്നങ്ങൾ പഠിച്ച് അവർക്കായുള്ള ക്ഷേമ കാര്യങ്ങൾ സർക്കാരിലേക്ക് ശുപാർശ ചെയ്യുക എന്നതാണ് കമ്മിഷനിൽ നിക്ഷിപ്തമായ ചുമതല.
ഇതിനായി വിപുലമായ വിവരശേഖരണം അനിവാര്യമായതിനാലാണ് പഠനാവശ്യത്തിനുതകുന്ന സാമ്പിൾ സർവേ നടത്താൻ കമ്മീഷൻ ശുപാർശ ചെയ്തത്. ഏതെങ്കിലും ക്ഷേമപദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തുക എന്നതല്ല സർവേയുടെ ലക്ഷ്യം.
സംസ്ഥാനത്തെ ഇരുപതിനായിരത്തോളം വരുന്ന തദ്ദേശസ്വയംഭരണ വാർഡുകളിലെ ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്ന അഞ്ചുവീതം കുടുംബങ്ങളിൽനിന്ന് വിവരശേഖരണം നടത്താനാണ് കമ്മിഷൻ ശുപാർശ. ഈ വിഭാഗങ്ങൾ അഭിമുഖീകരിക്കുന്ന സാമൂഹിക, സാമ്പത്തിക പ്രശ്നങ്ങൾ പഠിക്കാനാണ് സർവേ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."