ചുമട്ടു തൊഴിലാളി ചുമക്കേണ്ട പരമാവധി ഭാരം 55 കിലോ, ബിൽ പാസാക്കി
തിരുവനന്തപുരം
ചുമട്ടുതൊഴിലാളി ചുമക്കേണ്ട ഭാരം 75 കിലോഗ്രാമിൽനിന്ന് 55 ആയി കുറയ്ക്കുന്ന 2021ലെ കേരള ചുമട്ടുതൊഴിലാളി (ഭേദഗതി) ബിൽ നിയമസഭ പാസാക്കി.
സ്ത്രീകളും പ്രായപൂർത്തിയാകാത്തവരുമായ തൊഴിലാളികൾ ചുമക്കേണ്ട ഭാരം 35 കിലോഗ്രാമായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്.
അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ ശുപാർശ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നിയമഭേദഗതി വരുത്താൻ സർക്കാർ തീരുമാനിച്ചത്. ഇതിനു പുറമെ 2021ലെ കേരള ഈറ്റ കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി (ഭേദഗതി), 2021ലെ കേരള ഷോപ്പ്സ് ആൻ്റ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെൻ്റ് സ് തൊഴിലാളി ക്ഷേമനിധി (ഭേദഗതി) , 2021 ലെ കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി (ഭേദഗതി), 2021ലെ കേരള കടകളും വാണിജ്യ സ്ഥാപനങ്ങളും (ഭേദഗതി) ബില്ലുകളും പാസാക്കി. സംസ്ഥാനത്തെ കടകളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും തൊഴിൽ വകുപ്പുമായി ബന്ധപ്പെട്ട ലൈസൻസ് സ്വയം പുതുക്കുന്നതിനും രജിസ്ട്രേഷനും വേണ്ടി ഓൺലൈൻ സംവിധാനമേർപ്പെടുത്തിയതിന് നിയമസാധുത നൽകാനാണ് കേരള കടകളും വാണിജ്യ സ്ഥാപനങ്ങളും (ഭേദഗതി) ബിൽ. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അംശദായം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളാണ് മറ്റു ബില്ലുകളിലുള്ളത്. മന്ത്രി വി. ശിവൻകുട്ടി അവതരിപ്പിച്ച അഞ്ചു ബില്ലുകളും സഭ ഏകകണ്ഠമായാണ് പാസാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."