കോൺഗ്രസ് പ്രവർത്തകർക്കെതിരായ കേസുകൾ കൈകാര്യം ചെയ്യാൻ നിയമവേദി
സംസ്ഥാനവ്യാപകമായി വോളന്റിയർ സേന
തിരുവനന്തപരം
ജനകീയ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത് നിയമനടപടി നേരിടുന്ന കോൺഗ്രസ് പ്രവർത്തകർക്ക് നിയമസഹായം നൽകുന്നതിനായി ജില്ലാതലങ്ങളിൽ സംവിധാനം വരുന്നു. ഡി.സി.സികൾക്ക് കീഴിലാവും നിയമസെൽ രൂപീകരിക്കുക. കഴിഞ്ഞദിവസം ചേർന്ന കെ.പി.സി.സി ഭാരവാഹി യോഗത്തിലാണ് തീരുമാനം.
സംസ്ഥാനവ്യാപകമായി കോൺഗ്രസിന് കീഴിൽ വോളന്റിയർ സേന ഉണ്ടാക്കി നിയോജകമണ്ഡലം അടിസ്ഥാനത്തിൽ പാലിയേറ്റീവ് കെയർ രൂപീകരിക്കും. പ്രകൃതി ദുരന്തങ്ങളിലെ പുനരധിവാസ വീഴ്ച പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഉപസമിതിയെ ചുമതലപ്പെടുത്തി. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭാവി പരിപാടികൾ തീരുമാനിക്കും. പാർട്ടിക്ക് രാഷ്ട്രീയ സ്കൂൾ ആരംഭിക്കണമെന്ന നിർദേശം ഉടൻ നടപ്പാക്കാനും തീരുമാനമായി.
ഇന്ദിരാഗാന്ധിയുടെ ജന്മദിനമായ 19ന് ജില്ലാ, ബ്ലോക്ക്, മണ്ഡലം, ബൂത്ത് തലങ്ങളിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കും. ഇതോടൊപ്പം ബംഗ്ലാദേശ് വിമോചനത്തിന്റെ 50ാം വാർഷികാഘോഷവും സംഘടിപ്പിക്കും. ഇതിൻ്റെ ഭാഗമായുള്ള പരിപാടി തിരുവനന്തപുരത്ത് സച്ചിൻ പൈലറ്റ് ഉദ്ഘാടനം ചെയ്യും.
കോൺഗ്രസ് യൂനിറ്റ് കമ്മിറ്റി രൂപീകരണം സംബന്ധിച്ച് കെ.പി.സി.സി ഭാരവാഹികൾക്കും നിർവാഹകസമിതി അംഗങ്ങൾക്കും 24, 25 തിയതികളിൽ നെയ്യാർഡാം രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ വച്ച് പരിശീലനം നൽകും. കെ.പി.സി.സി സെക്രട്ടറിമാരുടെ നിയമനം ഉടൻ ഉണ്ടാവുമെന്നും പ്രസിഡന്റ് കെ. സുധാകരൻ അറിയിച്ചു. ജില്ലകളുടെ വലിപ്പമനുസരിച്ചായിരിക്കും കമ്മിറ്റി അംഗങ്ങളുടെ എണ്ണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."