നെഹ്‌റുവിന്റെ വഴി ഭാരതത്തിന്റെയും
ടി.എൻ പ്രതാപൻ എം.പി
ജവഹർലാൽ നെഹ്‌റുവിനെക്കുറിച്ചുള്ള ആലോചനകൾ നമ്മുടെ ജനാധിപത്യ, ഭരണഘടനാ സ്ഥാപനങ്ങളുടെ ഇപ്പോഴുള്ള പരിതാപകരമായ സ്ഥിതിയെ മുൻനിർത്തി നടത്തുമ്പോൾ മനസിലാകുന്ന ഒരു കാര്യം, നെഹ്‌റുവും അദ്ദേഹത്തിന്റെ പാരമ്പര്യവും തന്നെയാണ് ഇന്ത്യയെ ഛിദ്രതപ്പെട്ടുപോകാതെ പിടിച്ചുനിർത്തിയ നങ്കൂരമെന്നതാണ്. 1947ൽ ഇന്ത്യയുടെ ഭാഗധേയത്വം നിർണയിക്കാൻ മറ്റാരെങ്കിലും വന്നിരുന്നെങ്കിൽ ഒരുപക്ഷേ ഇന്ത്യ ഇത്രകാലം പിടിച്ചുനിൽക്കുമായിരുന്നോ എന്നത് ഒരു പ്രധാനപ്പെട്ട ചോദ്യമാണ്. അതിനർഥം, അന്നുണ്ടായിരുന്ന മറ്റു നേതാക്കൾ കഴിവുകെട്ടവരായിരുന്നെന്നല്ല. മൗലാനാ ആസാദും സർദാർ വല്ലഭായ് പട്ടേലും തുടങ്ങി മന്ത്രിസഭയിലും കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തിലും ഉണ്ടായിരുന്ന മുഴുവൻ ആളുകൾക്കും അവരുടേതായ സംഭാവനകളുണ്ട്. എന്നുമാത്രമല്ല, സർദാർ പട്ടേൽ ഇന്ത്യയുടെ ഐക്യത്തിനും മൗലാനാ ആസാദ് ഇന്ത്യയുടെ സാംസ്‌കാരിക, ധൈഷണിക മണ്ഡലങ്ങളിലും നൽകിയ കാൽവയ്പുകൾ ഇന്ത്യക്ക് നൽകിയ ഊർജം തീരെ ചെറുതല്ലലോ.
ഗാന്ധിയുടെ പിഗ്മിയായി ഗാന്ധി തന്നെ കണ്ട നേതാവായിരുന്നു നെഹ്‌റു. മഹത്മാ ഗാന്ധിയുടെ വഴികളും രീതികളുമായിരുന്നില്ല പലപ്പോഴും നെഹ്‌റുവിന്റേത്. അടിസ്ഥാന മൂല്യങ്ങളിൽ ഇരുവരും വിശ്വസിക്കുകയും നിലയുറപ്പിക്കുകയും ചെയ്തുപോന്നു. ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ലക്ഷ്യവും മാർഗവും എന്താണെന്ന് അവർക്ക് ഉറച്ച കാഴ്ചപ്പാടുകളുണ്ടായിരുന്നു. ഗാന്ധി നല്ല ദൈവവിശ്വാസിയും ആദർശ വാദിയുമായപ്പോൾ നെഹ്‌റു സന്ദേഹിയും പ്രയോഗികവാദിയുമായി. ആദർശവും പ്രായോഗികതയും ഇപ്പോഴും നെഹ്‌റുവിന്റെ ഖദർ തൊപ്പിക്കു കീഴിൽ എരിപിരികൊണ്ടു. നെഹ്‌റു പുരോഗമനവാദിയും മതനിരപേക്ഷതയിൽ ഉറച്ചുവിശ്വസിക്കുകയും ചെയ്തയാളായിരുന്നു. ബഹുസ്വരതയിലുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ വിശ്വാസമാണ് ഗാ്ധിക്ക് ഏറ്റവും പ്രിയപ്പെട്ടത്.സ്വാതന്ത്ര്യത്തിന് ശേഷം, ഗാന്ധിയെ സംഘ്പരിവാർ കൊന്നതിന് ശേഷം, നെഹ്‌റു വലിയ ഒരു പ്രതിസന്ധിക്ക് മുന്നിലകപ്പെട്ടു. വിഭജനത്തിന് നിർബന്ധിതാവസ്ഥയിലാണെങ്കിൽ പോലും കൈയുയർത്തേണ്ടിവന്നതിന്റെ ദുഃഖഭാരം, ഒരു ഭാഗത്ത് മഹാത്മാ ഗാന്ധിയുടെ വെളിച്ചം കെട്ടുപോയതിന്റെ അനാഥത്വം, മുന്നിൽ പട്ടിണിയും പരിവട്ടവുമുള്ള മുപ്പത് കോടി ജനങ്ങൾ, കാലിയായ ഖജനാവ്, അതിർത്തിക്കിരുപുറവും മാറത്തടിച്ചുകരയുന്ന മനുഷ്യത്വം. എണ്ണിയാലൊടുങ്ങാത്തത്ര പ്രശനങ്ങളിലും ഈ നാടിനെ ആ മനുഷ്യൻ നയിച്ചു. സർദാർ പട്ടേലിനോട് യോജിച്ചും വിയോജിച്ചും നെഹ്‌റു കൂടുതൽ കരുത്തനായി. ആസാദിൽനിന്ന് പഠിച്ചും തണൽ കൊണ്ടും നെഹ്‌റു ശാന്തനായി. വീഴ്ചകളും കോട്ടങ്ങളും കണ്ടു. അപ്പോഴും തനിക്കാകും വിധം ജനാധിപത്യത്തെയും മതേതരത്വത്തെയും ഭരണഘടനാ സ്ഥാപനങ്ങളെയും സംരക്ഷിച്ചു.
ലോകോത്തരമായ ഒരു വീക്ഷണം നെഹ്‌റുവിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സമകാലികരായിരുന്ന പല തത്വചിന്തകരും കലാകാരന്മാരും എഴുത്തുകാരും ഭരണാധിപരും വിപ്ലവകാരികളും അദ്ദേഹത്തോട് സൗഹൃദം സ്ഥാപിക്കാൻ കൊതിച്ചു. നെഹ്‌റുവിന്റെ വിദേശ യാത്രകളിൽ അത്ഭുതകരമായ ജനബാഹുല്യം കാണാമായിരുന്നത്രെ. ഇന്നത്തെപോലെ കാശിറക്കി ആളെക്കൂട്ടി സ്വീകരണ പരിപാടി നടത്തേണ്ട ഗതികേട് ഇപ്പോഴുള്ളതുപോലെ മറ്റാർക്കുമുണ്ടായിട്ടില്ല. നെഹ്‌റുവാകട്ടെ കൂട്ടത്തിൽ ഏറ്റവും ധിഷണശാലിയായ പ്രധാനമന്ത്രിയും. മഹായുദ്ധങ്ങളിലും ശീത സമരങ്ങളിലും പെട്ടുഴറിയ ലോകത്തിന് ചേരിചേരാ നയത്തിന്റെ പ്രതീക്ഷപ്പുലരി കാണിച്ച ലോകനേതാവായിരുന്നു അദ്ദേഹം. പഞ്ചശീല തത്വങ്ങളാകട്ടെ ഇന്നേവരെ ലോകം കണ്ടതിൽ വെച്ചേറ്റവും മഹത്തരമായ ലോകരാഷ്ട്രീയ കാഴ്ചപ്പാടും.ദേശരാഷ്ട്ര സങ്കൽപങ്ങളുടെയും അതിർത്തികളുടെ സങ്കീർണ സമവാക്യങ്ങളുടെയും അപ്പുറത്ത് നെഹ്‌റു ഒരു വിശാല മാനവികതയെ പ്രതിഷ്ഠിച്ചിരുന്നു. യുദ്ധങ്ങളും കലാപങ്ങളും ഉണ്ടാക്കാൻ എളുപ്പമാണെന്നും എന്നാൽ അവയുടെ പരിണിതി മനുഷ്യന് പരിഹരിക്കാവുന്നതല്ലെന്നും അദ്ദേഹം മനസ്സിലാക്കിയിരുന്നു. അതിർത്തികളിൽ എപ്പോഴും തലവേദന സൃഷ്ടിച്ച പാകിസ്താനോടും ചൈനയോടും അദ്ദേഹം ഒരേ നിലപാട് സ്വീകരിച്ചു. കഴിയുന്നത്ര ഏറ്റുമുട്ടലുകൾ ഒഴിവാക്കി. സൈന്യവും ദേശീയതയും വോട്ട് നേടാനുള്ള തന്ത്രങ്ങളാണെന്ന് അദ്ദേഹം ഒരിക്കലും കരുതിയില്ല. എന്നാൽ ഇന്നത്തെ സ്ഥിതി നോക്കൂ. പാകിസ്താനോടുള്ള സമീപനമാനോ ചൈനയോട്. ചൈന നമ്മുടെ രാജ്യത്തിനകത്ത് സൈനിക കേന്ദ്രങ്ങൾ നിർമ്മിക്കുമ്പോഴും സർജിക്കൽ സ്‌ട്രൈക്കിനെക്കുറിച്ച് ആരെങ്കിലും സംസാരിക്കുന്നുണ്ടോ? പാകിസ്താൻ അതിർത്തിക്കപ്പുറത്ത് വരുമ്പോൾ മാത്രം തിളയ്ക്കുന്ന ദേശീയത നമ്മൾ കാണുന്നതല്ലേ?
പാർലമെന്റും കോടതികളും മറ്റു ഭരണഘടനാ സ്ഥാപനങ്ങളും ഏറെ പവിത്രമായതാണെന്ന് നെഹ്‌റു ഉറച്ചുവിശ്വസിച്ചിരുന്നു. മനുഷ്യർ എത്രകണ്ട് പിഴച്ചുപോയാലും ഭരണഘടനയും സ്ഥാപനങ്ങളും ആ വഴിയിൽ തിരുത്തലാകുമെന്ന് അദ്ദേഹം കരുതി. എന്നാൽ ഇപ്പോൾ ഭരണത്തിലിരിക്കുന്നവർ ഏറ്റവും കൂടുതൽ ഉന്നവയ്ക്കുന്നതും ഈ സ്ഥാപനങ്ങളെ തന്നെയാണ്. ഭരണഘടനയുടെ അടിത്തറ തകർക്കണമെന്നതാണ് സംഘ്പരിവാരത്തിന്റെ ലക്ഷ്യം തന്നെ. കാരണം, ഈ രാജ്യം അവർ ആഗ്രഹിക്കുന്നതുപോലെ ഒരു മതരാഷ്ട്രമാക്കാൻ അവർക്കുള്ള ഏറ്റവും വലിയ തടസം തന്നെ ഈ ഭരണഘടനയാണല്ലോ.നമ്മുടെ കോടതികളെയും ന്യായാധിപരെയും വരെ ഇക്കൂട്ടർ ലക്ഷ്യംവയ്ക്കുന്നു. അവർക്ക് വഴങ്ങാത്തവരെ അവർ വകവരുത്തുന്നു. ജസ്റ്റിസ് ലോയയുടെ അവസ്ഥ തന്നെ നോക്കൂ. കഴിഞ്ഞ ദിവസം ഇഹ്‌സാൻ ജിഫ്രി വധവുമായി ബന്ധപ്പെട്ട വിസ്താരം നടക്കുമ്പോൾ ഗുജറാത്ത് സർക്കാരിന് വേണ്ടി ഹാജരാകേണ്ടിയിരുന്ന വക്കീൽ ജഡ്ജിയായി നിയമിക്കപ്പെട്ടു. ജഡ്ജി പിന്നീട് രാജ്യസഭാ എം.പിയാവും. ഇതൊക്കെയാണ് ഇപ്പോഴുള്ള കീഴ് വഴക്കങ്ങൾ. എന്നാൽ നെഹ്‌റു വിഭാവനം ചെയ്ത ഇന്ത്യ ഇതായിരുന്നോ?
സ്വാതന്ത്ര്യം ലഭിച്ച് ഒരു പരമാധികാര രാജ്യമാകുന്ന വേളയിൽ ചൈനയിലേതുപോലെ ഏകപാർട്ടി സംവിധാനമോ അമേരിക്കയിലേതുപോലെ ദ്വിപാർട്ടി സംവിധാനമോ സ്ഥാപിച്ച് എതിർസ്വരങ്ങളെ പരിമിതപ്പെടുത്താമായിരുന്നു അദ്ദേഹത്തിന്. പക്ഷേ, ഇന്ത്യയുടെ വ്യത്യസ്തതകളിൽ ബഹുസ്വരതയിൽ അദ്ദേഹം ഈ നാടിന്റെ മനോഹാരിത കണ്ടെത്തി. പ്രതിപക്ഷവും ക്രിയാത്മക വിമർശനങ്ങളും ഒരിക്കലും ഇല്ലാതാകരുതെന്ന് അദ്ദേഹം നിഷ്‌കർഷിച്ചു. അംബേദ്കറിനെ പോലെ അടിസ്ഥാന വർഗത്തിന്റെ അവകാശപ്പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ ഒരു പണ്ഡിതനെ ഇന്ത്യയുടെ ഭരണഘടനാ നിർമ്മാണത്തിന്റെ ചുമതല ഏൽപിച്ചു. ഗാന്ധി ഘാതകരുടെ പാതയിലുള്ളവരെ പോലും അർഹിക്കുന്ന ബഹുമാനത്തോടെ പാർലമെന്റിൽ കേൾക്കാൻ അദ്ദേഹം തയാറായി. പാർലമെന്റ് ഭൂരിപക്ഷ കളികളുടെ ഒരിടം മാത്രമായി കാണരുതെന്ന വീക്ഷണമായിരുന്നു അദ്ദേഹത്തിന്റേത്.
എന്തിനും ഏതിനും നെഹ്‌റുവിനെ കുറ്റക്കാരനാക്കാൻ സംഘ്പരിവാർ വ്യഗ്രതപ്പടുന്നത് എന്തുകൊണ്ടാണ് എന്നാലോചിച്ചിട്ടുണ്ടോ? കാരണം, ഇന്ത്യൻ ഭരണഘടനയെന്നപോലെ സംഘ്പരിവാറിന്റെ മതരാഷ്ട്ര സങ്കൽപ്പത്തിനുമുന്നിൽ അവർക്കുള്ള ഏറ്റവും വലിയ തടസം നെഹ്‌റുവും അദ്ദേഹത്തിന്റെ പാരമ്പര്യവുമാണ്. ഇന്ത്യയെ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾക്കിടെ കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയം ഏറ്റവും ഗൗരവത്തോടെ ചെയ്യേണ്ട ഒന്ന് നെഹ്‌റുവിലേക്ക് മടങ്ങുക എന്നതാണ്. ഗാന്ധിയെ കൊന്നവർക്ക് ഗാന്ധിയെ ഉൾക്കൊള്ളുന്നതായി നടിക്കാനെങ്കിലും കഴിയുന്നുണ്ട്. അപ്പോഴും നെഹ്‌റു അവർക്ക് പൊള്ളും. അവരുടെ ആ പേടിയാണ് നെഹ്റുവിന്റെ സാധ്യത. മതനിരപേക്ഷതയും ശാസ്ത്ര ചിന്തകളുമാണ് ആധുനിക ലോകത്ത് ഇന്ത്യക്കു മുന്നോട്ടുള്ള വഴി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."