''ഡൽഹിയിൽ രണ്ട് ദിവസം ലോക്ക്ഡൗൺ ഏർപ്പെടുത്തൂ''
വായു മലിനീകരണത്തിൽ കേന്ദ്രത്തിന് സുപ്രിംകോടതി നിർദേശം
വീട്ടിൽ വരെ മാസ്കിടേണ്ട ഗതികേടെന്നും ചീഫ് ജസ്റ്റിസ് എൻ.വി രമണ
ന്യൂഡൽഹി
ഡൽഹിയിലെ വായു മലിനീകരണത്തിൽ നടപടി സ്വീകരിക്കാൻ കേന്ദ്രസർക്കാറിനോട് സുപ്രിംകോടതി. വീടിനുള്ളിൽ വരെ മാസ്കിട്ടിരിക്കേണ്ട ഗതികേടിലാണെന്നും ഗൗരവമുള്ള സാഹചര്യമാണിതെന്നും ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ആവശ്യമെങ്കിൽ രണ്ടുദിവസത്തെ ലോക്ക്ഡൗൺ ഏർപ്പെടുത്തണം. അല്ലാതെ ഈ സാഹചര്യത്തിൽ എങ്ങനെ ജനങ്ങൾ ജീവിക്കുമെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ പ്രശ്നത്തിന് പരിഹാരമുണ്ടാക്കണം. അതിനായി അടിയന്തരമായി ഇടപെടാനും കേന്ദ്രത്തോട് സുപ്രിംകോടതി നിർദേശിച്ചു.
മലിനീകരണമുണ്ടാകാൻ റോഡിലെ പൊടിയടക്കമുള്ള നിരവധി കാരണങ്ങളുണ്ടെന്ന് കേന്ദ്ര സർക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. അയൽ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുടെ യോഗം ചേരുന്നുണ്ട്.
മലിനീകരണം ഇല്ലാതാക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്. ദിവസവും 20 സിഗരറ്റ് വലിക്കുന്നതിന് തുല്യമാണ് ഡൽഹിയിലെ മലിനീകരണം. കർഷകർ വയലുകളിൽ മാലിന്യം കത്തിക്കുന്നത് തടയാൻ നടപടി സ്വീകരിക്കുന്നുണ്ടെന്നും തുഷാർ മേത്ത പറഞ്ഞു. മാലിന്യം കത്തിക്കുന്നത് മാത്രമല്ല, മലിനീകരണത്തിനു മറ്റു കാരണങ്ങളും ഉണ്ടാകുമെന്ന് ബെഞ്ച് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."