പാണ്ടിക്കാട് യുദ്ധം; തീ പുകയുന്ന ഓര്‍മകള്‍
കെ.ടി അജ്മല്‍ പാണ്ടിക്കാട്
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ബ്രിട്ടീഷ് അധിനിവേശ ശക്തികള്‍ക്കെതിരെ മലബാറില്‍ നടന്ന സമരപരമ്പരയിലെ ഒരിക്കലും വിസ്മരിക്കാനാവാത്ത അധ്യായമാണ് പാണ്ടിക്കാട് യുദ്ധം (Battle of Pandikkad). സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഇതിഹാസ പോരാട്ടങ്ങളിലൊന്നായി എണ്ണപ്പെടുന്ന പ്രസ്തുത യുദ്ധം, 'ചന്തപ്പുര യുദ്ധം' (chanthapura war) എന്ന പേരിലാണ് അറിയപ്പെടുന്നത്. 1921 നവംബര്‍ 14ന് നടന്ന പ്രസ്തുത യുദ്ധത്തിന്റെ ചരിത്രത്തിലേക്ക് വിശദമായി വരും മുമ്പ് പാണ്ടിക്കാടിന്റെ മുന്‍കാല സമരവീര്യങ്ങള്‍ കൂടി പരിചയപ്പെടേണ്ടതുണ്ട്.
പോരാട്ടങ്ങളുടെ ദേശം
1788 ലെ ടിപ്പു സുല്‍ത്താന്റെ പടയോട്ടത്തെ തുടര്‍ന്ന് മലബാറില്‍ വലിയ സാമൂഹ്യ പരിഷ്‌കരണങ്ങള്‍ ഏറെ പ്രകടമായ പ്രദേശമാണ് പാണ്ടിക്കാട്. നഗ്നത മറയ്ക്കാന്‍ അവകാശമില്ലാതിരുന്ന താഴ്ന്ന ജാതിക്കാരായ സ്ത്രീകള്‍ ഉന്നതരായ മേല്‍ജാതിക്കാരുടെ ശാസനകള്‍ വകവയ്ക്കാതെ മാറുമറച്ച് പ്രതിഷേധമുയര്‍ത്തിയ ചേല കലാപം പാണ്ടിക്കാട് വെള്ളുവങ്ങാട് അരങ്ങേറിയത് ഈ പരിഷ്‌കാരങ്ങളുടെ ഫലമായാണെന്ന് ചരിത്രം പറയുന്നു. പാണ്ടിക്കാട്ടെ പോരാട്ടങ്ങളുടെ ഊര്‍ജമുള്ള ഓര്‍മകള്‍ ചരിത്ര ഗ്രന്ഥങ്ങളില്‍ സുഗന്ധം പരത്തി കിടന്നുറങ്ങുന്നുണ്ട്. ചരിത്രത്തിന്റെ ചിത്രത്തിലെ ചില ഉദ്ധരണികള്‍ നോക്കാം.
'മലബാര്‍ കലാപം ഇ.എം.എസിന്റെ ആഹ്വാനവും താക്കീതും' എന്ന ഗ്രന്ഥത്തില്‍ പറയുന്നു: '1800 കളുടെ അവസാനമായപ്പോഴേക്കും രണ്ട് ഡസനോളം ശക്തമായ കലാപങ്ങള്‍ കൊളോണിയല്‍ ശക്തികള്‍ക്കെതിരെ നടന്നു. ഇതില്‍ 1836ല്‍ പന്തല്ലൂരിലും 1894ല്‍ പാണ്ടിക്കാടും 1896ല്‍ പരിസരപ്രദേശമായ ചെമ്പ്രശ്ശേരിയിലും സാമ്രാജ്യത്വത്തിനെതിരെ വമ്പിച്ച സമരങ്ങള്‍ അരങ്ങേറിയതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്'. (എഡി: ബഷീര്‍ ചുങ്കത്തറ, പേജ്: 7)
പാണ്ടിക്കാട്, ചെമ്പശ്ശേരിയില്‍ മഞ്ചേരി കോവിലക്കാരുടെ വകയായി ഉണ്ടായിരുന്ന കുറേയേക്കര്‍ ഭൂമി ഒഴിപ്പിക്കാന്‍ നടപടിയുണ്ടായപ്പോള്‍ ഇതിനെതിരെ മഞ്ചേരിയില്‍ 1896ല്‍ നടന്ന പ്രധാന ചാവേര്‍ സമരത്തില്‍ 94 മാപ്പിളമാരാണ് കൊല്ലപ്പെട്ടത്. (ആംഗ്ലോ മാപ്പിള യുദ്ധം. പേജ്: 43)
വടക്കെ മലബാര്‍ പൊലിസ് സുപ്രണ്ടായിരുന്ന ടോട്ടണ്‍ ഹാം അദ്ദേഹത്തിന്റെ 'ദ മാപ്പിള റബല്യന്‍' എന്ന ഗ്രന്ഥത്തില്‍ പാണ്ടിക്കാട്ടെ ചെമ്പ്രശ്ശേരിയെ 'ബ്രിട്ടനെതിരെ വളരെ അപകടരമായ പ്രചാരവേല' നടക്കുന്ന സ്ഥലമായാണ് പരിചയപ്പെടുത്തുന്നത്. 1795ലെ അധിനിവേശ വിരുദ്ധ വിപ്ലവകാരി എളമ്പുലാശ്ശേരി ഉണ്ണിമൂസ മൂപ്പന്‍ ജനിച്ചത് പാണ്ടിക്കാടിനടുത്ത പന്തല്ലൂരിലാണെന്നതും 1921 ലെ 'കലാപത്തിന് മുമ്പ് നടന്ന നിരവധി ചാവേര്‍ ആക്രമണങ്ങളില്‍ ഏറ്റവും ഒടുവിലത്തേത് 1919ല്‍ പാണ്ടിക്കാടിനടുത്ത നെന്മിനിയിലാണ് നടന്നതെന്നതും പോരാട്ടങ്ങളുടെ ഈ ദേശത്തിന് കൂടുതല്‍ വീര്യം നല്‍കുന്നു.
ഒന്നാം പാണ്ടിക്കാട് യുദ്ധം
1894 മാര്‍ച്ച് 31ന് വെള്ളുവങ്ങാട് തറിപ്പടിയില്‍ നടന്ന ലഹളയാണ് ഒന്നാം പാണ്ടിക്കാട് യുദ്ധം എന്നറിയപ്പെടുന്നത്. കുടിയാന്മാരെ ഒഴിപ്പിക്കുന്നതിനെതിരെ പാലത്തിങ്ങല്‍ ഉണ്ണീന്‍ ഹാജിയുടെ നേതൃത്വത്തില്‍ 34 പേര്‍ ഈ സമരത്തില്‍ പങ്കെടുത്തതായും 32 പേര്‍ കൊല്ലപ്പെട്ടതായും ചരിത്രത്തില്‍ കാണാം. ഈ സംഭവത്തെക്കുറിച്ച്, കോട്ടയത്ത് നിന്ന് വാര്‍ത്താ വാരികയായി പ്രസിദ്ധീകരിച്ചിരുന്ന മലയാള മനോരമയില്‍ 1894, ഏപ്രില്‍ 14ന് 'മാപ്പിള ലഹള' എന്ന പേരില്‍ മുഖപ്രസംഗം എഴുതിയിരുന്നു. (ആംഗ്ലോ മാപ്പിള യുദ്ധം: പേജ് :57)
ഖിലാഫത്ത്
പോരാട്ടത്തിന്റെ കേന്ദ്രം
1921 ലെ ഖിലാഫത്ത് പോരാട്ടത്തിന്റെ കേന്ദ്രങ്ങളിലൊന്നായിരുന്നു പാണ്ടിക്കാട്. ഖിലാഫത്ത് ലഹളയുടെ പ്രധാന കേന്ദ്രങ്ങളെ ആര്‍.എച്ച് ഹിച്ച് കോക്ക് തന്റെ 'The History of Malabar Rebellion' എന്ന ഗ്രന്ഥത്തില്‍ പരിചയപ്പെടുത്തുന്നത് ഇപ്രകാരമാണ്: 'കിഴക്കന്‍ ഏറനാട്ടിലും വടക്കന്‍ വള്ളുവനാട്ടിലുമായി കിടക്കുന്ന പാണ്ടിക്കാട്, മേലാറ്റൂര്‍, കരുവാരക്കുണ്ട്, കാളികാവ്, വണ്ടൂര്‍ എന്നീ പ്രദേശങ്ങളായിരുന്നു ലഹളയുടെ ഹൃദയഭാഗം. പാണ്ടിക്കാടായിരുന്നു ഇതിന്റെ കേന്ദ്രം. ഈ പ്രദേശങ്ങളിലെ വളരെ കുറച്ച് പേരൊഴിച്ച് ബാക്കിയെല്ലാവരും ലഹളയില്‍ പങ്കുചേര്‍ന്നിരുന്നു' (പേജ്: 54).
പ്രസ്തുത ഗ്രന്ഥത്തിന്റെ മറ്റൊരു ഭാഗത്ത് അദ്ദേഹം എഴുതുന്നു: '1921 ഓഗസ്റ്റ് 21ന് രാവിലെ പാണ്ടിക്കാട് പ്രദേശത്ത് ഒരു അഭ്യൂഹം പരന്നു. തിരൂരങ്ങാടിയിലെ മമ്പുറം ജുമാ മസ്ജിദ് ബ്രിട്ടീഷ് പട്ടാളം തകര്‍ത്തുവെന്നും ഏറ്റുമുട്ടലില്‍ ജില്ലാ മജിസ്‌ട്രേറ്റ് ഇ.എഫ് തോമസ്, ജില്ലാ പൊലിസ് സുപ്രണ്ട് ആര്‍.എച്ച് ഹിച്ച്‌കോക്ക്, ഡെപ്യൂട്ടി സൂപ്രണ്ട് ആമു സാഹിബ് എന്നിവരടക്കം നിരവധി ഓഫിസര്‍മാര്‍ കൊല്ലപ്പെട്ടുവെന്നുമായിരുന്നു അഭ്യൂഹം. ഇതോടെ ആളുകള്‍ ചെറിയ ചെറിയ കൂട്ടങ്ങളായി വിഷയം ചര്‍ച്ച ചെയ്യുന്നതായി കണ്ടു. അന്നേ ദിവസം വൈകുന്നേരം മഞ്ചേരി പൊലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഉത്തരവു പ്രകാരം പാണ്ടിക്കാട് സ്റ്റേഷനില്‍ നിന്ന് ഒരു ഹെഡ് കോണ്‍സ്റ്റബിളിന്റെയും ഏഴ് കോണ്‍സ്റ്റബിള്‍മാരുടെയും അകമ്പടിയോടെ വണ്ടിയില്‍ കൊണ്ടുപോവുകയായിരുന്ന മുഴുവന്‍ ആയുധങ്ങളും പാണ്ടിക്കാടിന് കുറച്ചകലെ വച്ച് കോണ്‍സ്റ്റബിള്‍മാരെ കീഴടക്കി ലഹളക്കാര്‍ തട്ടിക്കൊണ്ടു പോയി. പിന്നീട് പൊലിസ് സ്റ്റേഷന്‍ ആക്രമിച്ച് രേഖകള്‍ നശിപ്പിച്ച ലഹളക്കാര്‍ പാണ്ടിക്കാട് സംഘടിച്ച് വെള്ളുവങ്ങാടിലേക്ക് മാര്‍ച്ച് ചെയ്യുകയും അവിടുത്തെ പാലം തകര്‍ക്കുകയും ചെയ്തു.' (പേജ്: 157,158).
'അന്നേ ദിവസം രാത്രി എട്ട് മണിക്ക് മൂവായിരത്തോളം മാപ്പിളമാര്‍ പാണ്ടിക്കാട് പള്ളിയില്‍ സമ്മേളിക്കുകയും ഇതില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ചെമ്പ്രശ്ശേരി തങ്ങള്‍ എന്നിവര്‍ പങ്കെടുക്കുകയും ചെയ്തു. ഈ സംഗമത്തില്‍ വച്ച് ചെമ്പ്രശ്ശേരി തങ്ങളെ കരുവാരക്കുണ്ട്, മേലാറ്റൂര്‍, കാളികാവ് എന്നീ പ്രദേശങ്ങളുടെയും, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ നെല്ലിക്കുത്ത്, വെള്ളുവങ്ങാട് പ്രദേശങ്ങളുടെയും അടുത്തിടെ ലഹളക്കാരോടൊപ്പം ചേര്‍ന്ന പാണ്ടിക്കാട് അധികാരി കൊടലിയില്‍ മൂസ്സ ഹാജിയെ പാണ്ടിക്കാടിന്റേയും ഭരണാധികാരികളായി നിയമിച്ചു. (The History of Malabar Rebellion -1921).
ചുരുക്കിപ്പറഞ്ഞാല്‍ മലബാര്‍ സമരത്തിന് ഊര്‍ജവും ഉണര്‍വും നല്‍കുന്നതിന് പാണ്ടിക്കാട് വഹിച്ച പങ്ക് വളരെ വലുതാണ്.
പാണ്ടിക്കാട് യുദ്ധം
1921 ലെ മലബാര്‍ സമരത്തിന്റെ സുപ്രധാന സംഭവമാണ് പാണ്ടിക്കാട് യുദ്ധം എന്നറിയപ്പെടുന്ന പാണ്ടിക്കാട് മിലിട്ടറി ക്യാംപ് ആക്രമണം. 1921 നവംബര്‍ 14നാണ് പ്രസ്തുത സംഭവം അരങ്ങേറിയത്. മലബാര്‍ സമരത്തിന്റെ രണ്ടാം ഘട്ടത്തിലായിരുന്നു ഈ സംഭവം നടന്നത്. ചന്തപ്പുര യുദ്ധം എന്ന പേരിലും ഇതറിയപ്പെടുന്നു. 1921 നവംബര്‍ 14ന് പുലര്‍ച്ചെ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ചെമ്പ്രശ്ശേരി തങ്ങള്‍, പയ്യനാടന്‍ മോയിന്‍ എന്നിവര്‍ നേതൃത്വം നല്‍കിയ ഈ പോരാട്ടം പാണ്ടിക്കാട് ചന്തപ്പുരയിലാണ് (ഇന്നത്തെ മഞ്ചേരി റോഡിലെ പഞ്ചായത്ത് ഓഫിസ് കെട്ടിടം നില്‍ക്കുന്നയിടവും പരിസരങ്ങളും) നടന്നത്. അന്ന് ആ പ്രദേശത്ത് മണ്ണുകൊണ്ട് നിര്‍മിച്ച വലിയ ചന്തപ്പുരയായിരുന്നു നിലനിന്നിരുന്നത്.
പോരാട്ടത്തിന്റെ ആരംഭം
1921ലെ മലബാര്‍ സമരത്തിന്റെ ഏറ്റവും ഒടുവിലെ പോരാട്ടങ്ങളിലൊന്നായാണ് പാണ്ടിക്കാട് ചന്തപ്പുര യുദ്ധം നടക്കുന്നത്. ഓഗസ്റ്റില്‍ തുടങ്ങിയ ബ്രിട്ടീഷുകാര്‍ക്കെതിരായ സമരപരമ്പര പിന്നീട് മൂന്നാറ് മാസം കഴിഞ്ഞ് നവംബറിലേക്കെത്തുന്ന ഘട്ടത്തിലാണ് പാണ്ടിക്കാട് യുദ്ധം നടക്കുന്നത്. പാണ്ടിക്കാട് ചന്തപ്പുരയിലായിരുന്നു ബ്രിട്ടീഷ് സൈന്യത്തിന്റെ ഏറ്റവും ക്രൂരരായ സൈനിക വിഭാഗമായ ഗൂര്‍ഖ പട്ടാളം തമ്പടിച്ചിരുന്നത്. 1921 നവംബര്‍ 13ന് ഇശാഅ് നമസ്‌കാരത്തിന് ശേഷമാണ് സമരക്കാര്‍ പ്രദേശത്ത് തമ്പടിച്ച് ആക്രമണം ആസൂത്രണം ചെയ്യുന്നത്. പരിസര പ്രദേശങ്ങളായ കരുവാരകുണ്ട്, കീഴാറ്റൂര്‍, നെന്മിനി, ആനക്കയം, പന്തല്ലൂര്‍, നെല്ലിക്കുത്ത്, പോരൂര്‍, വണ്ടൂര്‍ എന്നിവിടങ്ങളില്‍ നിന്ന് പോരാളികള്‍ ചന്തപ്പുരക്ക് സമീപമുള്ള നിരവധി പ്രദേശങ്ങളില്‍ ക്യാപ് ചെയ്യുകയും ചെയ്തിരുന്നു. പോരാളികളെ സായുധമായി സംഘടിപ്പിക്കുകയും പരിശീലനം നല്‍കുകയും ചെയ്തതിന് ശേഷമാണ് മാപ്പിള സമരക്കാര്‍ യുദ്ധത്തിന് സജ്ജരായി ഇറങ്ങിയതെന്നതാണ് ചരിത്ര വസ്തുത. ബ്രിട്ടീഷ് പട്ടാളത്തിന് മാപ്പിളപോരാളികളുടെ ഈ വലിയ ആസൂത്രണവും ആക്രമണവും നേരത്തെ അറിയാന്‍ സാധിച്ചില്ല എന്നത് കൂടി കൂട്ടി വായിക്കുമ്പോള്‍ സമരത്തിന്റെ രഹസ്യാസൂത്രണം ഒരു പരിധിവരെ പിടികിട്ടും. ചെമ്പ്രശ്ശേരി, കരുവാരക്കുണ്ട്, കീഴാറ്റൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് പ്രത്യേകം പരിശീലനം നേടിയെത്തിയ നാനൂറോളം പേരാണ് ക്യാംപ് ആക്രമണത്തിന് നിയോഗിക്കപ്പെട്ടത്. 'കുക്രി' എന്ന പ്രത്യേകതരം വാള്‍ ഉപയോഗിച്ചിരുന്ന ഗൂര്‍ഖകളുമായി ഏറ്റുമുട്ടാന്‍ പ്രധാനമായും ധൈര്യം പകര്‍ന്നത് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തന്നെയായിയിരുന്നു.
1921 ഓഗസ്റ്റ് അവസാനത്തോടെ മലബാര്‍ സമരത്തിലെ രക്തച്ചൊരിച്ചിലുകള്‍ കെട്ടടങ്ങിയെങ്കിലും ബ്രിട്ടീഷുകാര്‍ പ്രതികാരത്തിനിറങ്ങി വീണ്ടും കലാപം ആളിക്കത്തിച്ചതോടെയാണ് പാണ്ടിക്കാട് ഗൂര്‍ഖ മിലിട്ടറി ക്യാംപ് ആക്രമണം നടക്കുന്നത്. മണ്ണുകൊണ്ട് ചുറ്റുമതില്‍ നിര്‍മിച്ച് കാവല്‍ ഏര്‍പ്പെടുത്തിയ സൈനിക ക്യാംപില്‍ ഗറില്ല ആക്രമണമായിരുന്നു സമരക്കാര്‍ പ്ലാന്‍ ചെയ്തിതിരുന്നത്. കാരണം ചന്തപ്പുരയില്‍ വലിയ മണ്‍മതിലിനോട് അടുപ്പിച്ചാണ് ഗൂര്‍ഖപട്ടാളം താമസിച്ചിരുന്നത്.
1921 നവംബര്‍ 14ന് പുലര്‍ച്ചെ സുബ്ഹി സമയത്താണ് ആക്രമണം നടക്കുന്നത്. പട്ടാളക്യാംപിന്റെ ചുറ്റുമതില്‍ പൊളിച്ച് അകത്തുകയറിയ മാപ്പിള പോരാളികള്‍ ഉറങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് ഗൂര്‍ഖപട്ടാളത്തിന് നേരെ മിന്നല്‍പ്പിണര്‍ പോലെ ആക്രമണം അഴിച്ചുവിട്ടു. അപ്രതീക്ഷിതമായി കിട്ടിയ തിരിച്ചടിയില്‍ പതറിപ്പോയ, വിദഗ്ധപരിശീലനം നേടിയ രണ്ടായിരത്തോളം ഗൂര്‍ഖ സൈനികര്‍ ഉടനെ തന്നെ സംഘടിച്ച് മാപ്പിളപോരാളികളെ ആക്രമിക്കുകയും ഇത് പിന്നീട് വലിയ ആള്‍നാശത്തിലേക്ക് നയിക്കുകയും ചെയ്തു. ഗൂര്‍ഖ പട്ടാളത്തിന്റെ കൈയിലുണ്ടായിരുന്ന 'കുക്രി' എന്ന ആയുധവും മെഷീന്‍ ഗണ്ണും മാപ്പിള പോരാളികളുടെ മരണസംഖ്യ വര്‍ധിക്കുന്നതിന് കാരണമായെന്നതും ചരിത്രം. മാപ്പിള പോരാളികളുടെ പ്രതീക്ഷക്ക് വിരുദ്ധമായി വമ്പിച്ച ആയുധ ശേഖരം ക്യാംപിലുണ്ടായിരുന്നതും ബ്രിട്ടീഷുകാരുടെ തിരിച്ചടിയില്‍ കൂടുതല്‍ പേര്‍ വധിക്കപ്പെടാന്‍ കാരണമായി. ഏതാണ്ട് രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന യുദ്ധത്തില്‍ മുന്നൂറോളം പേരാണ് രക്തസാക്ഷികളായായത്.
നഷ്ടത്തിന്റെ കണക്ക്
പൂക്കോട്ടൂര്‍ യുദ്ധത്തിന് ശേഷം ബ്രിട്ടീഷ് പട്ടാളത്തിന് വലിയ ആള്‍നാശം സംഭവിച്ച യുദ്ധം കൂടിയാണ് പാണ്ടിക്കാട് യുദ്ധം. ഗൂര്‍ഖ പട്ടാളത്തിന്റെ ക്യാപ്റ്റനായ ആവ്‌റേലിനെ അടക്കം അഞ്ച് പട്ടാളക്കാരെ മാപ്പിള പോരാളികള്‍ വധിച്ചു. മുപ്പത്തിനാല് പട്ടാളക്കാര്‍ക്ക് വലിയ പരുക്ക് പറ്റിയതായും ചരിത്രം പറയുന്നു. എന്നാല്‍ ഈ എണ്ണക്കണക്കുകള്‍ അത്ര വിശ്വാസയോഗ്യമല്ല എന്ന് കരുതുന്ന ചരിത്രകാരന്‍മാരുമുണ്ട്.
മലബാര്‍ സമരകാലത്ത് കൊല്ലപ്പെട്ട ബ്രിട്ടീഷ് പട്ടാളക്കാരുടെ എണ്ണം പുറത്ത് വരാതിരിക്കാന്‍ ബ്രിട്ടീഷ് സാമ്രാജ്യത്വം കണിശത പാലിച്ചിരുന്നുവെന്ന് അഭിപ്രായപ്പെട്ട ചരിത്ര ഗവേഷകര്‍ നിരവധിയാണ്. 'മലബാര്‍ കലാപം ഒരു പഠനം' എന്ന ഗ്രന്ഥത്തില്‍ എഴുതിയത് വായിക്കൂ: 'സൈനിക മേധാവികള്‍ പട്ടാളക്കാരുടെ മരണവിവരം കൃത്യമായി വെളിവാക്കിയിരുന്നില്ല. തങ്ങളുടെ പട്ടാള നടപടികള്‍ക്ക് ലണ്ടനിലെ അധികാര കേന്ദ്രങ്ങളിലും രാഷ്ട്രീയ വൃത്തങ്ങളിലും അംഗീകാരം ലഭിക്കുന്നതിനുള്ള അടവായിരുന്നു അത്. പാണ്ടിക്കാട് യുദ്ധത്തില്‍ നാല് യൂറോപ്യന്‍മാര്‍ കൊല്ലപ്പെട്ടു എന്നേ വടക്കെ മലബാര്‍ പൊലിസ് സുപ്രണ്ടായിരുന്ന ടോട്ടണ്‍ ഹാം അദ്ദേഹത്തിന്റെ 'ദ മാപ്പിള റബല്യന്‍' എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളൂ. ഈ ഔദ്യോഗിക റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് ലഹളയുടെ ചരിത്രമെഴുതിയവര്‍ പാണ്ടിക്കാട് സംഭവം വിവരിക്കുന്നത്. യഥാര്‍ഥത്തില്‍ പാണ്ടിക്കാട് പട്ടാളത്തിനും പൊലിസിനും കനത്ത നാശം സംഭവിച്ചിട്ടുണ്ടായിരുന്നു. പക്ഷേ, അത് രേഖപ്പെടുത്താന്‍ ആളുണ്ടായില്ല. പൂക്കോട്ടൂര്‍ ഒഴിച്ചാല്‍ ഇത്രയും ഭയങ്കരമായ ഒരു പോരാട്ടം വേറൊരു ലഹളയിലുണ്ടായിരുന്നില്ലെന്നു ചരിത്രകാരന്‍മാരും ഔദ്യോഗിക രേഖകളും വൃക്തമാക്കുന്നുണ്ട്. ( മലബാര്‍ കലാപം ഒരു പഠനം, എം. ആലിക്കുഞ്ഞി, തിരൂരങ്ങാടി ബുക്‌സ്, 1972, പേജ്: 335)
സ്വാതന്ത്ര്യസമര സേനാനിയും മാതൃഭൂമിയുടെ ആദ്യകാല പത്രാധിപരുമായ കെ. മാധവന്‍ നായര്‍ ഈ പോരാട്ടത്തെ കുറിച്ച് എഴുതിയത് ഇപ്രകാരമായിരുന്നു: 'കുഞ്ഞഹമ്മദ് ഹാജിയുടെയും ചെമ്പ്രശ്ശേരി തങ്ങളുടെയും സംയുക്ത നേതൃത്വത്തില്‍ മാപ്പിളമാര്‍ ക്യാംപ് ആക്രമിച്ചപ്പോള്‍ ഗൂര്‍ഖാസൈന്യം അകത്തുണ്ടായിരുന്നു. സാധാരണ ബ്രിട്ടീഷ് പട്ടാളക്കാരായിരുന്നു അവിടെയുണ്ടായിരുന്നതെങ്കില്‍ അവര്‍ക്കൊരിക്കലും മാപ്പിളമാരുടെ ഈ കടന്നാക്രമണത്തെ പ്രതിരോധിക്കാനാകുമായിരുന്നില്ല. എന്നാല്‍ എതിരാളികളെ നേരിടുന്നതില്‍ അതീവ വൈദഗ്ധ്യം നേടിയ ഈ ഗൂര്‍ഖകള്‍ ശക്തമായി തിരിച്ചടിച്ചപ്പോള്‍ മലബാര്‍ കണ്ട ഏറ്റവും ഉജ്ജ്വലമായ പോരാട്ടം പരാജയത്തില്‍ കലാശിച്ചു. '(മലബാര്‍ കലാപം, പേജ്: 216, 217)
യുദ്ധത്തില്‍ രക്തസാക്ഷികളായ പോരാളികളുടെ മൃതദേഹങ്ങള്‍ ചന്തപ്പുരക്കടുത്ത മൊയ്തുണ്ണിപ്പാടത്ത് ആല്‍മരത്തിന് സമീപം കുളക്കരയില്‍ കുഴിവെട്ടി കൂമ്പാരമാക്കി പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു ചെയ്തത്. ബ്രിട്ടീഷുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ഈ ജോലിയില്‍ സഹായിക്കേണ്ടിവന്ന പരിസരവാസിയായ മേലേപ്പാടത്ത് മൊയ്തുണ്ണിയുടെ മകന്‍ കുഞ്ഞഹമ്മദിന് കൃത്യം നിര്‍വഹിക്കുന്നതിനിടെ തൊണ്ണൂറ് ശതമാനത്തിലേറെ പൊള്ളലേറ്റതായും നാലു ദിവസത്തിനകം അദ്ദേഹം മരിച്ചതായും ചരിത്രം പറയുന്നു. അതിന് തീകൊളുത്താനും കൂട്ടിയിട്ട് കത്തിക്കാനും ബ്രിട്ടീഷ് പട്ടാളം അദ്ദേഹഹത്തെ ചുമതലപ്പെടുത്തിയതായിരുന്നെന്നും ഒരുകൂട്ടം മൃതദേഹങ്ങള്‍ക്ക് തീകത്തിച്ച് മടങ്ങിവരും വഴി ബ്രിട്ടീഷ് പട്ടാളം അദ്ദേഹത്തിന് നേരെയും ബോംബെറിഞ്ഞ് ആ മൃതദേഹങ്ങള്‍ക്കൊപ്പം കത്തിച്ചതാണെന്നും ചിലര്‍ പറയുന്നുണ്ട്. അതേസമയം, അദ്ദേഹം ബ്രിട്ടീഷ് അനുകൂലിയാണെന്നും അതല്ല നിര്‍ബന്ധിച്ച് തീകൊളുത്താന്‍ നിയോഗിച്ചതാണെന്നും വാദങ്ങളുമുണ്ട്. യുദ്ധം ആസൂത്രണം ചെയ്ത വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ചെമ്പ്രശ്ശേരി തങ്ങളും യുദ്ധത്തില്‍ നേരിട്ട് പങ്കെടുത്തിട്ടില്ലെങ്കിലും സംഭവം നടന്ന ചന്തപ്പുരക്ക് പരിസരത്ത് തന്നെ നിലയുറപ്പിച്ചിരുന്നതായി ചരിത്രം പറയുന്നു. മുക്രി അയമു, പയ്യനാടന്‍ മോയീന്‍ എന്നിവര്‍ സജീവമായി ആസൂത്രണത്തില്‍ കൂടെ നിന്നിരുന്നുവെന്നും ചരിത്രം പറയുന്നു.
അവഗണനയുടെ ബാക്കിപത്രം
ചരിത്രം അടര്‍ത്തിമാറ്റി ചിത്രം വരക്കുന്ന കേന്ദ്രഭരണകൂടത്തിന് അറിഞ്ഞോ അറിയാതെയോ നാമൊക്കെയും താരാട്ട് പാടുകയാണ്. ഒരു നൂറ്റാണ്ട് തികയുന്ന പാണ്ടിക്കാട് യുദ്ധത്തിന്റെയും ധീരദേശാഭിമാനികളുടെയും ഓര്‍മക്കായി ഉചിതമായ സ്മാരകം പോലും നിര്‍മിച്ചിട്ടില്ലെന്ന് പറയുമ്പോഴാണ് ചരിത്രത്തിന് നേരെയുള്ള നമ്മുടെ പല്ലിളിച്ചു കാട്ടല്‍ വ്യക്തമാവുന്നത്. 'എന്റെ പാണ്ടിക്കാട്' കൂട്ടായ്മയുടെ നേതൃത്വത്തില്‍ 2019ല്‍ സ്ഥാപിച്ച രണ്ട് സൈന്‍ ബോര്‍ഡുകളും ചത്വരവുമാണ് ഇവിടെ നിലനില്‍ക്കുന്ന ആകെയുള്ള യുദ്ധസ്മാരകം. അധിനിവേശ ശക്തികള്‍ക്കെതിരെ അടങ്ങാത്ത ദേശസ്‌നേഹം മുറുകെപ്പിടിച്ച് പടപൊരുതിയ ധീരദേശാഭിമാനികള്‍ക്ക് സ്മാരകം പണിയാതിരിക്കുന്നത് അധികൃതരുടെ തികഞ്ഞ അവഗണന തന്നെയാണ്. കാടുമൂടി വിജനമായ മൊയ്തുണ്ണിപ്പാടവും വലിയ ആല്‍മരവും മണ്ണുനിറഞ്ഞ് നശിച്ച കുളവും മൂകമായി നമ്മോട് ചില കഥകള്‍ പറയുന്നുണ്ട്. ഒരു നൂറ്റാണ്ട് മുമ്പത്തെ ധീരരുടെ കഥ! അസ്തിത്വം പണയംവയ്ക്കാത്ത പഴയ തലമുറയുടെ പോരാട്ട വീര്യത്തിന്റെ കഥ!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."