പ്ലസ്വണ് പുതിയ ബാച്ചുകളുടെ കാര്യത്തില്‍ തീരുമാനം 23ന്; മുഴുവന്‍ കുട്ടികള്‍ക്കും പ്രവേശനം ഉറപ്പാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: പ്ലസ്വണ് പുതിയ ബാച്ചുകളുടെ കാര്യത്തില്‍ തീരുമാനം 23നെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന് കുട്ടി. മുഴുവന്‍ കുട്ടികള്‍ക്കും പ്രവേശനം ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പ്ലസ്വണ് ഓഫ്ലൈന് ക്ലാസുകള്‍ ഇന്ന് ആരംഭിക്കുകയാണ്. ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് തുടങ്ങുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് ഒഴിവാക്കാന്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് ഹയര്‍ സെക്കന്‍ഡറി അക്കാദമിക് ജോയന്റ് ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇതുവരെ ക്ലാസുകള്‍ തുടങ്ങാതിരുന്ന ഒമ്പത്, വി.എച്ച്.എസ്.ഇ ക്ലാസുകള്‍ കൂടി തിങ്കളാഴ്ച തുടങ്ങും.
ഇതോടെ സംസ്ഥാനത്തെ സ്കൂളുകളില്‍ ഇന്ന് മുതല്‍ മുഴുവന്‍ ക്ലാസുകളും ഓഫ്ലൈന് ക്ലാസുകളില്‍ സജീവമാവുകയാണ്.
സ്കൂളുകള്‍ നേരത്തെയുള്ള നിര്‍ദേശ പ്രകാരം ഉച്ചവരെയായിരിക്കും പ്രവര്‍ത്തിക്കുകയെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന് ബാബു അറിയിച്ചു. സ്കൂളുകള്‍ തിങ്കളാഴ്ച മുതല്‍ വൈകീട്ട് വരെ പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കിയെന്ന പ്രചാരണം ശരിയല്ലെന്നും ഡയറക്ടര്‍ അറിയിച്ചു. ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പ്രവേശനം നേടിയ മുഴുവന്‍ വിദ്യാര്‍ഥികളും ആദ്യദിനമായ തിങ്കളാഴ്ച സ്കൂളിലെത്തണം.
ആദ്യ ദിവസം തന്നെ പ്ലസ് വണ്‍ വിദ്യാര്‍ഥികളെ സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗേരഖ പ്രകാരം ബാച്ചുകളാക്കുകയും തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്കൂളുകളില്‍ വരേണ്ട ദിവസങ്ങള്‍ ക്രമീകരിക്കുകയും ചെയ്യണം. രണ്ടാം വര്ഷക്കാരില്നിന്ന് കൂടുതല്‍ ബാച്ചുകളെ വരാന്‍ അനുവദിച്ച ഇടങ്ങളില്‍ ഒന്നാം വര്ഷക്കാര് വരുന്നതിനനുസരിച്ച് പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഒമ്പതാം ക്ലാസ് തുറക്കുന്നതോടെ നാലേകാല്‍ ലക്ഷത്തോളം കുട്ടികള്‍ കൂടി സംസ്ഥാന സിലബസില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകളിലെത്തും. ഇതുവരെ 3,49,017 പേരാണ് ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പ്രവേശനം നേടിയത്. കാല് ലക്ഷത്തിലേറെ വിദ്യാര്‍ഥികളാണ് ഒന്നാം വര്‍ഷ വി.എച്ച്.എസ്.ഇ കോഴ്സില്‍ പ്രവേശനം നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."