പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ പീര്‍ മുഹമ്മദ് അന്തരിച്ചു
പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ് (78) അന്തരിച്ചു. കാഫ് മലകണ്ട പൂങ്കാറ്റേ, ഒട്ടകങ്ങൾ വരി വരിയായി തുടങ്ങിയ ഹിറ്റ് പാട്ടുകൾ ഈണമിട്ടതും പാടിയതും പീർ മുഹമ്മദാണ്. കേട്ടാല്‍ മതിവരാത്ത അനശ്വര ഗാനങ്ങൾ സംഗീതലോകത്തിന് സംഭാവന ചെയ്ത അനശ്വര പ്രതിഭയാണ് പീർ മുഹമ്മദ്.
1945 ജനുവരി 8 ന് തമിഴ്‌നാട്ടിലെ തെങ്കാശിക്കടുത്തുള്ള 'സുറണ്ടൈ' ഗ്രാമത്തിലാണ് പീർ മുഹമ്മദിന്‍റെ ജനനം. തെങ്കാശിക്കാരിയായ ബിൽക്കീസായിരുന്നു മാതാവ്. തലശേരിക്കാരനായ അസീസ് അഹമ്മദ് പിതാവും. നാലു വയസുള്ളപ്പോൾ പിതാവുമൊത്ത് അദ്ദേഹം തലശേരിയിലെത്തി. നാലായിരത്തിലേറെ പാട്ടുകൾക്കു സംഗീതം നൽകിയ പീർ മുഹമ്മദ് സംഗീതം പഠിച്ചിട്ടേയില്ലെന്നത് ശ്രദ്ധേയമാണ്.
പാട്ടുകളോട് വലിയ ഇഷ്ടമുണ്ടായിരുന്നു പീർ മുഹമ്മദിന്‍റെ ബാല്യത്തിന്. എപ്പോഴും പാടിക്കൊണ്ടേയിരുന്ന കുട്ടി അങ്ങനെ തലശേരി ജനതസംഗീതസഭയില്‍ എത്തി. അക്കാലത്തെ വലിയ ഗായകസംഘമായിരുന്നു ജനതസംഗീതസഭ. അവരുടെ സ്റ്റേജ് പ്രോഗ്രാമുകളിലൂടെയാണ് പീര്‍ മുഹമ്മദ് നിറയെ ആരാധകരുള്ള ഒരു ഗായകനായി മാറുന്നത്. എട്ടാംവയസ്സിലായിരുന്നു ആദ്യവേദി. മുഹമ്മദ് റഫിയുടെതടക്കം സിനിമാഗാനങ്ങളാണ് അക്കാലത്ത് വേദിയില്‍ പാടിയത്. 1975-നു ശേഷമാണ് മാപ്പിളപ്പാട്ടാണ് തന്‍റെ വഴിയെന്നു തിരിച്ചറിയുന്നത്.
എണ്‍പതുകളിലും തൊണ്ണൂറുകളിലും പീര്‍ മുഹമ്മദ് പാടി ഹിറ്റാക്കിയ പാട്ടുകളാണ് ഇന്നും പുതുതലമുറ പാടിനടക്കുന്ന പാട്ടുകള്‍.തായത്തങ്ങാടി താലിമുൽ അവാം മദ്രസ യു.പി സ്‌കൂൾ, തലശ്ശേരിയിലെ സെന്‍റ് ജോസഫ്‌സ് ഹൈസ്‌കൂൾ, മുബാറക് ഹൈസ്‌കൂൾ എന്നിവിടങ്ങളിലായി പഠനം. പിന്നീട് തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ നിന്നും ബിരുദം.
വയലാർ രാമവർമയുടെ കവിതകളോടായിരുന്നു ഏറെ കമ്പം. ആലാപന സമയത്തെ അക്ഷര ശുദ്ധിയും തെളിഞ്ഞ ശബ്ദവും സന്ദർഭോചിതമായി മുഖത്ത് മിന്നിമായുന്ന ഭാവ പ്രകടനങ്ങളും സഹപാഠികളുടെയും അധ്യാപകരുടെയും ഇടയിൽ പെട്ടെന്ന് അദ്ദേഹത്തെ പ്രശസ്തനാക്കി. എന്നാൽ പറയത്തക്ക ഒരു സംഗീത പാരമ്പര്യമുള്ള കുടുംബമായിരുന്നില്ല പീർ മുഹമ്മദിന്‍റെത്. അദ്ദേഹത്തിന്‍റെ പിതാവ് നല്ലൊരു സംഗീതാസ്വാദകനായിരുന്നു.
ഒമ്പതാം വയസിൽ എച്ച്.എം.വിയുടെ എൽ.പി റെക്കോർഡിൽ നാലു പാട്ടു പാടിക്കൊണ്ടുള്ള തുടക്കമായിരുന്നു പീർ മുഹമ്മദിന്‍റെത്. ആ പാട്ടുകളെല്ലാം സ്ത്രീ ശബ്ദത്തിൽ. ഹിന്ദുസ്ഥാൻ ലീവറിൽ ഉദ്യോഗസ്ഥനായിരുന്ന പിതാവാണ് മദ്രാസിലെ എച്ച്.എം.വി സ്റ്റുഡിയോയിൽ അവസരമൊരുക്കിക്കൊടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."