വഖ്ഫ് ബോർഡ് നിയമനം തീരുമാനം ആരെടുത്തു? യോഗമേ നടന്നിട്ടില്ലെന്ന് അംഗങ്ങൾ
യു.എം മുഖ്താർ
തിരുവനന്തപുരം
വഖ്ഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടുകൊണ്ടുള്ള വിവാദ തീരുമാനം കൈക്കൊണ്ട രീതിയിൽ അവ്യക്തതയും സർക്കാർ ഒളിച്ചുകളിയുമെന്ന് സംശയം.
ഒന്നാം പിണറായി വിജയൻ സർക്കാരിൽ ഡോ. കെ.ടി ജലീൽ വഖ്ഫിന്റെ ചുമതലയുള്ള മന്ത്രിയായിരിക്കെയാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്. വിവാദമായതോടെ വി.പി സജീന്ദ്രൻ എം.എൽ.എയുടെ നക്ഷത്രചിഹ്നമിടാത്ത ചോദ്യത്തിന് 2018 ജനുവരി 31ന് മന്ത്രി കെ.ടി ജലീൽ നിയമസഭയിൽ പറഞ്ഞ മറുപടിയിലാണ് ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഒളിച്ചുകളി വ്യക്തമാവുന്നത്.
അങ്ങിനെയൊരു തീരുമാനം എടുത്തോ, എന്തിനാണ് ഓർഡിനൻസിറക്കിയത്, ഇക്കാര്യം മുസ്‌ലിം സംഘടനകളുമായി ചർച്ച ചെയ്‌തോ എന്നിങ്ങനെയാണ് സജീന്ദ്രൻ ആരാഞ്ഞത്. നിയമനം പി.എസ്.സിക്ക് വിട്ടു, കാര്യക്ഷമതയും വൈദഗ്ധ്യവുമുള്ള ജീവനക്കാരുടെ സേവനം വേണ്ടതിനാലാണ് ഓർഡിനൻസ് കൊണ്ടുവന്നതെന്ന് ആദ്യ രണ്ടുചോദ്യങ്ങൾക്ക് ജലീൽ മറുപടി പറഞ്ഞു.
വകുപ്പുമന്ത്രിയുടെ അധ്യക്ഷതയിൽ ബോർഡ് ചെയർമാന്റെയും അംഗങ്ങളുടെയും സാന്നിധ്യത്തിൽ 2016 ജൂലൈ 19ന് ചേർന്ന ചേർന്ന യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടതെന്നും ഇതുസംബന്ധിച്ച് ബോർഡ് ചെയർമാനും (പാണക്കാട് റശീദലി ശിഹാബ് തങ്ങൾ) അംഗങ്ങളും അംഗീകരിച്ച് ഒപ്പുവച്ചതാണെന്നും യോഗനടപടികളുടെ ഉള്ളടക്കം സഹിതം നൽകിയ മറുപടിയിൽ നിയമസഭയെ കെ.ടി ജലീൽ അറിയിച്ചു. യോഗതീരുമാനങ്ങൾ പറയുന്ന അനുബന്ധത്തിൽ അഞ്ചാമത്തെ പോയിന്റായി നിയമനം പി.എസ്.സിക്ക് വിടാൻ തീരുമാനിച്ചതായി പറയുന്നുണ്ട്.
പാണക്കാട് റശീദലി ശിഹാബ് തങ്ങൾ, വകുപ്പ് സെക്രട്ടറി എ. ഷാജഹാൻ, അഡീഷനൽ സെക്രട്ടറി ജയശ്രീ, സി.ഇ.ഒ ബി.എം ജമാൽ, അംഗങ്ങളായ അഡ്വ. ശറഫുദ്ദീൻ എം, എം.സി മായിൻഹാജി, അഡ്വ. പി.വി സൈനുദ്ദീൻ, അഡ്വ. ഫാത്തിമ റോസ്‌ന, ടി.പി അബ്ദുല്ലക്കോയ മദനി, അണ്ടർ സെക്രട്ടറി മുഹമ്മദ് റിയാസ് എന്നിവർ പങ്കെടുത്തുവെന്നും പറയുന്നു. എന്നാൽ അത്തരമൊരു യോഗത്തിൽ തങ്ങൾ പങ്കെടുത്തിട്ടില്ലെന്ന് റശീദലി ശിഹാബ് തങ്ങൾ, അഡ്വ. പി.വി സൈനുദ്ദീൻ, അഡ്വ.ഫാത്തിമ റോസ്‌ന എന്നിവർ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."