കെ.എസ്.ആർ.ടി.സിയിൽ സ്‌പെയർപാർട്‌സ് ക്ഷാമം സർവിസ് നടത്താനാവാത്ത ബസുകളുടേത് അഴിച്ചെടുക്കാൻ നിർദേശം
ഫൈസൽ കോങ്ങാട്
പാലക്കാട്
കെ.എസ്.ആർ.ടി.സിയുടെ സ്‌പെയർപാർട്‌സ് കരുതൽശേഖരത്തിൽ സാരമായ കുറവ്. അത്യാവശ്യം വേണ്ട സ്‌പെയർപാർട്‌സുകൾ പോലും സ്റ്റോക്കില്ലാത്തതിനാൽ പല ബസുകളും കട്ടപ്പുറത്ത് കയറുന്ന അവസ്ഥയിലാണ്. ഈ സാഹചര്യത്തിൽ ഫിറ്റ്നസ് ഇല്ലാത്തതിനാൽ സർവിസ് നടത്താനാവാത്ത ബസുകളിൽ നിന്ന് സ്‌പെയർപാർട്‌സുകൾ അഴിച്ചെടുത്ത് ഉപയോഗിക്കാൻ ഡിപ്പോകൾക്ക് എം.ഡിയുടെ നിർദേശം. ഫിറ്റനസ് ഉണ്ടായിട്ടും സ്‌പെയർപാർട്‌സ് ഇല്ലാത്തതിനാൽ സംസ്ഥാനവ്യാപകമായി കട്ടപ്പുറത്തുകിടക്കുന്നത് 2,000ത്തോളം ബസുകളാണ്. അറ്റകുറ്റപ്പണി വേണ്ടിവരുമ്പോൾ കട്ടപ്പുറത്തുള്ള ബസുകളിൽനിന്ന് സ്‌പെയർപാർട്‌സ് അഴിച്ചെടുത്ത് ഉപയോഗിക്കുന്നരീതി കഴിഞ്ഞദിവസം തുടങ്ങുകയും ചെയ്തു. ഇതോടെ ഇവയിൽ പലതും വലിയ അറ്റകുറ്റപ്പണി ആവശ്യമുള്ള നിലയിലുമായി. ആകെയുള്ള 719 ജൻറം ബസുകളിൽ 200 എണ്ണം മാത്രമേ സർവിസിന് അയയ്ക്കാൻ കഴിയുന്നുള്ളൂ. 120 എ.സി ബസുകളിൽ 90 എണ്ണവും കട്ടപ്പുറത്താണ്. പുതിയ സ്‌പെയർപാർട്‌സ് ഇല്ലാത്തതിനാൽ ''തട്ടിക്കൂട്ട്'' അറ്റകുറ്റപ്പണി നടത്തി സർവിസ് നടത്തുന്ന ബസുകൾ പലതും പാതിവഴിയിൽ യാത്ര മുടക്കുന്നുമുണ്ട്. ഇതിൻ്റെ കൃത്യമായ കണക്ക് കെ.എസ്.ആർ.ടി.സി മൂടിവച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം 309 ബസുകൾ ബ്രേക്ക്ഡൗണായെന്നാണ് ഔദ്യോഗിക കണക്ക്. ടയർ പഞ്ചറായി വഴിയിൽകുടുങ്ങിയ ബസുകളുടെ എണ്ണം ഈ കണക്കിലില്ല. ഇവ കൂടിച്ചേരുമ്പോൾ ബ്രേക്ക്ഡൗൺ ബസുകളുടെ എണ്ണം അഞ്ഞൂറിലധികം വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."