'ഡല്‍ഹി വംശഹത്യക്ക് തീ വിതറിയ താക്കൂറുമായിട്ടാണ് നമ്മുടെ സ്പീക്കറുടെ സൗഹൃദത്തിന്റെ നൊസ്റ്റു'; എം.ബി രാജേഷിനെ തേച്ചൊട്ടിച്ച് സോഷ്യല്‍ മീഡിയ
ഡല്‍ഹി വംശഹത്യക്കാഹ്വാനം ചെയ്ത കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറുമായുള്ള സൗഹൃദം ആഘോഷിച്ചുള്ള തൃത്താല എം.എല്‍.എയും നിയമസഭാ സ്പീക്കറുമായ എം.ബി രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പിന് കീഴെ പൊങ്കാല. പ്രമുഖരുള്‍പെടെ നിരവധി പേരാണ് പോസ്റ്റിന് കീഴെ രൂക്ഷ വിമര്‍ശനവുമായെത്തിയത്. ജയ് സംഘശക്തി ലാല്‍ സലാം എന്നാണ് മറ്റൊരു കമന്റ്. ഗോലിമാരന്‍ എന്നും പരിഹസിക്കുന്നു ചിലര്‍. ഡല്‍ഹി വംശഹത്യക്ക് തീ വിതറിയ താക്കൂറുമായിട്ടാണ് നമ്മുടെ സ്പീക്കറുടെ സൗഹൃദത്തിന്റെ നൊസ്റ്റു എന്നാണ് മറ്റൊരു കമന്റ്. 'ഡല്‍ഹി വംശഹത്യയുടെ സൂത്രധാരന്‍! ലാല്‍ സലാം സഖാവേ' എന്നും പരിഹാസമുയരുന്നു.
കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറുമായുള്ള ഒരു വ്യാഴവട്ടത്തിലേറെക്കാലത്തെ സൗഹൃദമാണ് എം.ബി രാജേഷ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഓര്‍മ്മിക്കുന്നത്. പത്തുവര്‍ഷം പാര്‍ലമെന്റില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചപ്പോള്‍ ശക്തിപ്പെട്ട സൗഹൃദമാണ് അനുരാഗ് താക്കൂറുമായുള്ളതെന്നും പാര്‍ലമെന്റില്‍ പരസ്പരം എതിര്‍ചേരിയില്‍ നിന്ന് വാദിച്ചിട്ടുണ്ടെങ്കിലും വ്യക്തിപരമായ സൗഹൃദത്തിന് അതൊരിക്കലും തടസമായിരുന്നില്ലെന്നും എം.ബി രാജേഷ് കുറിപ്പില്‍ ഓര്‍മ്മിക്കുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അനുരാഗ് താക്കൂറിനെ നേരില്‍ കാണുന്നതെന്നും നേരില്‍ കാണാനും സൗഹൃദം പുതുക്കാനും കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും എം.ബി രാജേഷ് പറഞ്ഞു.
ഡല്‍ഹി വംശഹത്യക്ക് കാരണമായ പരസ്യ കൊലവിളി പ്രസംഗങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ബി.ജെ.പി നേതാക്കളില്‍ പ്രധാനിയാണ് അനുരാഗ് താക്കൂര്‍. 'രാജ്യദ്രോഹികളെ' പരസ്യമായി വെടിവെക്കണം എന്ന അനുരാഗ് താക്കൂറിന്റെ പരസ്യ ആഹ്വാനം വംശഹത്യ ആളിപടര്‍ത്തുന്നതിന് സഹായിച്ചതായി വസ്തുതാന്വേഷണങ്ങളില്‍ തെളിഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."