നീതി ആയോഗ് ദാരിദ്ര്യ സൂചിക പുറത്ത് ഏറ്റവും ദരിദ്ര സംസ്ഥാനങ്ങൾ ബി.ജെ.പി ഭരിക്കുന്ന ബിഹാറും ജാർഖണ്ഡും യു.പിയും മധ്യപ്രദേശും
ന്യൂഡൽഹി
നീതി ആയോഗിന്റെ ദാരിദ്ര്യ സൂചികയിൽ ഏറ്റവും മികച്ച സംസ്ഥാനമായി കേരളം സ്ഥാനം പിടിച്ചു. ആകെ ജനസംഖ്യയിൽ ദരിദ്രർ 0.71 ശതമാനം മാത്രമാണ് കേരളത്തിലുള്ളത്. ഏറ്റവും ദരിദ്രമായ ആദ്യ നാലു സംസ്ഥാനങ്ങളായി ബീഹാറും ജാർഖണ്ഡും യു.പിയും മധ്യപ്രദേശും പട്ടികയിലുണ്ട്.
നീതി ആയോഗ് പ്രസിദ്ധീകരിച്ച എം.പി.ഐ (മൾട്ടി ഡൈമെൻഷനൽ പവേർട്ടി ഇൻഡെക്‌സ്) യിൽ ആണ് ബി.ജെ.പി ഭരിക്കുന്നവയാണ് ഏറ്റവും ദരിദ്രമായ സംസ്ഥാനങ്ങളെന്ന് കണ്ടെത്തിയിരിക്കുന്നത്. സൂചിക പ്രകാരം ഏറ്റവും കൂടുതൽ ദരിദ്രർ വസിക്കുന്നത് ബീഹാറിലാണ്. ജനങ്ങളിൽ 51.91 ശതമാനവും ദരിദ്രരാണ്. തൊട്ടടുത്ത സ്ഥാനം ജാർഖണ്ഡിനാണ്. ഇവിടെ ദരിദ്രർ 42.16 ശതമാനമുണ്ട്. ബി.ജെ.പി കൊട്ടിഘോഷിക്കുന്ന യു.പിയിലാവട്ടെ 37.79 ശതമാനം ജനങ്ങളും ദരിദ്രരാണ്. മധ്യപ്രദേശിന് നാലാം സ്ഥാന (36.65)വും മേഘാലയ (32.67)ക്ക് പട്ടികയിൽ അഞ്ചാം സ്ഥാനവുമാണുള്ളത്.
ദരിദ്രർ രാജ്യത്ത് ഏറ്റവും കുറവുള്ള രണ്ടാമത്തെ സംസ്ഥാനം ഗോവ (3.76 ശതമാനം)യാണ്. സിക്കിം (3.82), തമിഴ്‌നാട് (4.89), പഞ്ചാബ് (5.59) എന്നിവയാണ് പിന്നാലെയുള്ളത്. ഒ.പി.എച്ച്.ഐ (ഓക്‌സ്‌ഫെഡ് പവേർട്ടി ആൻഡ് ഹ്യൂമൺ ഡെവലപ്‌മെന്റ് ഇനിഷ്യേറ്റീവ്) മാനദണ്ഡത്തിനൊപ്പം യു.എൻ.ഡി.പി (യുനൈറ്റഡ് നേഷൻസ് ഡെവലപ്‌മെന്റ് പ്രോഗ്രാം) മാനദണ്ഡവും ഏകോപിച്ചാണ് നീതി ആയോഗ് സർവേ നടത്തിയതെന്ന് വൈസ് ചെയർമാൻ രാജീവ് കുമാർ വ്യക്തമാക്കി.
ആരോഗ്യം. വിദ്യാഭ്യാസം, ജീവിത നിലവാരം തുടങ്ങിയ മൂന്നു ഘടകങ്ങളിൽ ഊന്നിയാണ് സൂചിക തയാറാക്കിയത്. ഇതുമായി ബന്ധപ്പെട്ട് 12 ഘടകങ്ങൾ പരിശോധിച്ചു. പോഷകാഹാരം, കുട്ടികളുടെയും കൗമാരക്കാരുടെയും മരണ നിരക്ക്, ഗർഭകാല പരിചരണം, വിദ്യാഭ്യാസം നൽകുന്ന കാലം, വിദ്യാലയങ്ങളിലെ ഹാജർ, ശുചിത്വം, കുടിവെള്ളം, പാചകത്തിന് ഉപയോഗിക്കുന്ന ഇന്ധനം, വൈദ്യുതീകരണം, വീട്, സമ്പത്ത്, ബാങ്ക് അക്കൗണ്ട് തുടങ്ങിയവയാണ് ഇതിൽ ഉൾപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."