ഹിന്ദുത്വ വാദികളുടെ വർഗീയ അതിക്രമം അന്വേഷണം ആവശ്യപ്പെട്ട് 62കാരൻ സുപ്രിംകോടതിയിൽ
ന്യൂഡൽഹി
നോയിഡയിൽ ഹിന്ദുത്വവാദികളുടെ വർഗീയ അതിക്രമത്തിനിരയായ 62 കാരൻ സുപ്രിംകോടതിയെ സമീപിച്ചു. തനിക്കെതിരേയുണ്ടായ അതിക്രമം അന്വേഷിക്കാൻ പൊലിസിന് നിർദേശം നൽകണമെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് കസീം അഹമ്മദ് ഷെർവാണി എന്നയാൾ സുപ്രിംകോടതിയിൽ ഹരജിയുമായി എത്തിയത്.
വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് നിലവിൽ കോടതിയുടെ പരിഗണനയിലുള്ള ഹരജിക്കൊപ്പം ഇതും പരിഗണിക്കാമെന്ന് ജസ്റ്റിസുമാരായ എ.എം ഖാൻവിൽക്കർ, സി.ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു.
നോയിഡയിൽ ബസ് കാത്തുനിന്ന തന്നെ ചിലർ കാറിൽക്കയറ്റിക്കൊണ്ടുപോകുകയും മർദിക്കുകയും അപമാനിക്കുകയും തന്റെ മുസ് ലിം വേഷത്തെയും വിശ്വാസത്തെയും അവമതിച്ച് സംസാരിക്കുകയും ചെയ്തുവെന്നാണ് പരാതി. തുടർന്ന് കയ്യിലുള്ള പണമെല്ലാം കൊള്ളയടിച്ച് വസ്ത്രം വലിച്ചു കീറി കാറിൽ നിന്ന് പുറത്തെറിഞ്ഞു. ഗൗതം ബുദ്ധ നഗർ പൊലിസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും പൊലിസ് പരാതി സ്വീകരിക്കാനോ വൈദ്യസഹായം നൽകാനോ തയാറായില്ലെന്നും ഹരജിയിൽ പറയുന്നു.
തുടർന്ന് ഒഖ്‌ലയിലെ ഒരു ബന്ധുവീട്ടിലെത്തിയ ശേഷമാണ് വൈദ്യ സഹായം കിട്ടിയത്. കേസ് അടിയന്തരമായി പരിഗണിക്കണമെന്നും ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടിസയക്കണമെന്നും ഹരജിക്കാരന്റെ അഭിഭാഷകൻ ഹുസേഫ അഹമ്മദി ആവശ്യപ്പെട്ടു. ഹരജിയുടെ പകർപ്പ് എതിർകക്ഷികൾക്ക് നൽകാൻ കോടതി അനുവദിച്ചു. കേസ് ഡിസംബർ മൂന്നിന് ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."