യു.പി തെരഞ്ഞെടുപ്പും യോഗിയുടെ സ്വപ്നവും
റസാഖ് ആദൃശ്ശേരി
ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമാണ് ഉത്തർപ്രദേശ്. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ദിശ നിർണയിക്കാൻ യു.പിയിലെ രാഷ്ട്രീയചലനങ്ങൾക്ക് സാധിക്കുന്നതുകൊണ്ടുതന്നെ ഉത്തർപ്രദേശ് രാഷ്ട്രീയം ഏറെ പ്രാധാന്യമുള്ളതാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം അവശേഷിക്കവെ, ഒരു ദേശീയപ്പാർട്ടിയുടെ അഞ്ച് വർഷം കാലാവധി പൂർത്തിയാക്കുന്ന ആദ്യത്തെ യു.പി മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് മാറുകയാണ്. പ്രാദേശിക പാർട്ടികളുടെ നേതാക്കളായ മായാവതിയും അഖിലേഷ് യാദവും മാത്രമാണ് അഞ്ചുവർഷ കാലാവധി പൂർത്തിയാക്കിയ മുൻ യു.പി മുഖ്യമന്ത്രിമാർ.
2022ൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ യോഗി ആദിത്യനാഥ് തന്നെയാണ് ബി.ജെ.പിയെ നയിക്കുക. 49 കാരനായ യോഗി ആദിത്യനാഥ് വീണ്ടും അധികാരത്തിലേറിയാൽ അദ്ദേഹം ബി.ജെ.പിയിലെ ശക്തനായ നേതാവായി മാറും. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം എന്തുവിലകൊടുത്തും യു.പിയുടെ ഭരണം നിലനിർത്തുകയെന്നുള്ളത് അനിവാര്യമാണ്. കേന്ദ്രഭരണം കൈപിടിയിലൊതുക്കണമെങ്കിൽ യു.പിയിൽ അധികാരത്തിൽ വരിക തന്നെ വേണം. 80 ലോക്സഭ എം.പിമാരെ പാർലമെന്റിലേക്ക് അയക്കുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ്. 2019ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ 62 സീറ്റുകൾ ബി.ജെ.പി നേടി. 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 403 സീറ്റിൽ 312 ഉം കരസ്ഥമാക്കാൻ ബി.ജെ.പിക്ക് സാധിച്ചു.
എന്നാൽ ബി.ജെ.പിയിൽ ഇന്ന് മോദിയുടെ പിൻഗാമിയായി പരിഗണിക്കപ്പെടുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയാണ്. പാർട്ടിയിൽ ഏറ്റവും സ്വാധീനമുള്ള വ്യക്തിയും അമിത് ഷാ തന്നെ. 2025ൽ 75 വയസ് തികയുന്ന മോദി ഇനിയും പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാൻ സാധ്യതയില്ല. പകരം അമിത് ഷാ വരുമോ? അതോ യോഗി ആദിത്യനാഥിനെ പരിഗണിക്കപ്പെടുമോ? ബി.ജെ.പിയിൽ ഇത്തരം ചൂടേറിയ ചർച്ചകൾക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. പക്ഷേ, മന്ത്രിസഭകളിലെ രണ്ടാമൻമാർ പലരും പ്രധാനമന്ത്രി പദത്തിലെത്തിയിട്ടില്ലായെന്നതാണ് ഇന്ത്യയുടെ ചരിത്രം. ഇന്ത്യയിൽ ഏഴ് ഉപപ്രധാനമന്ത്രിമാരാണുണ്ടായത്. സർദാർ വല്ലഭായ് പട്ടേൽ, മൊറാർജി ദേശായി, ചൗധരി ചരൺ സിങ്, ജഗ്ജീവൻ റാം, വൈ. ബി. ചവാൻ, ചൗധരി ദേവിലാൽ, എൽ.കെ അദ്വാനി എന്നിവർ. അവരിൽ മൊറാർജിയും ചരൺ സിങ്ങും ഒഴികെ മറ്റുള്ളവർക്കൊന്നും മുകളിൽ എത്താൻ കഴിഞ്ഞില്ല.
യു.പി രാഷ്ട്രീയത്തിൽ ജി.ബി പന്ഥ്, കമലാപതി ത്രിപാഠി, സമ്പൂർണാനന്ദ്, സുചേത കൃപലാനി, എൻ.ഡി തിവാരി, മുലായം സിങ് യാദവ്, കല്യാൺ സിങ് തുടങ്ങി സ്വാതന്ത്ര്യാനന്തരം സംസ്ഥാനം ഭരിച്ച എല്ലാ മുഖ്യമന്ത്രിമാരെയും മറികടന്നു 2012 മാർച്ചിൽ മായാവതി തന്റെ മന്ത്രിസഭയുടെ അഞ്ച് വർഷം പൂർത്തിയാക്കി. യു.പിയിൽ വലിയ തടസ്സങ്ങളൊന്നുമില്ലാതെ കാലാവധി പൂർത്തിയാക്കിയ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്നു മായാവതി. രാജ്യത്തെ കാലാവധി പൂർത്തിയാക്കിയ ആദ്യദലിത് മുഖ്യമന്ത്രിയെന്ന പദവിയും കൂടുതൽ കാലം അധികാരത്തിലിരുന്ന ദലിത് മുഖ്യമന്ത്രിയെന്ന പദവിയും അതോടെ മായാവതിക്ക് സ്വന്തമായി. 2017 മാർച്ചിൽ അഖിലേഷ് യാദവ് മായാവതിയുടെ റെക്കോർഡിനൊപ്പമെത്തി. യോഗി ആദിത്യനാഥിനു ഭരണത്തുടർച്ച ലഭിച്ചാൽ ഈ ചരിത്രം മറികടക്കും. അതിനു യു.പിയിലെ വോട്ടർമാർ അവസരം ഒരുക്കി കൊടുക്കുമോ! അങ്ങനെ സംഭവിച്ചാൽ യു.പിയുടെയും ഇന്ത്യയുടെയും ചരിത്രം മറ്റൊന്നായി മാറും. 2024ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ യോഗിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ബി.ജെ.പി പരിഗണിച്ചുകൂടായ്കയില്ല. ഗുജറാത്തിൽ തുടർച്ചയായി മുഖ്യമന്ത്രി പദത്തിലിരുന്നതും ഏറ്റവും വലിയ വർഗീയവാദിയെന്നതുമായിരുന്നല്ലോ നരേന്ദ്ര മോദിയുടെ യോഗ്യത. ആദിത്യനാഥാവട്ടെ, വർഗീയവാദിയെന്ന യോഗ്യതയിൽ ഇപ്പോൾ തന്നെ ഒന്നാം സ്ഥാനത്താണല്ലോ. ഇനി ലഭിക്കാനുള്ളത് തുടർച്ചയായി മുഖ്യമന്ത്രി കസേരയിലിരുന്ന യോഗ്യത മാത്രം. കൂടാതെ, ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രധാനമന്ത്രി കസേര ഉറപ്പിക്കൽ 'ലഖ്നൗ 'വഴിയാണെന്നു പറയാറുണ്ട്. അങ്ങനെ വരുമ്പോൾ യു.പിക്കാരൻ എന്നതും യോഗിക്ക് അനുകൂലമാവും. ഈ അനുകൂല ഘടകങ്ങൾ അമിത് ഷായുടെ സാധ്യതകൾക്ക് മങ്ങലേൽപ്പിക്കുമോ? പി.വി നരസിംഹറാവുവും ഡോ. മൻമോഹൻ സിങ്ങും ലഖ്‌നൗ വഴി പ്രധാനമന്ത്രി കസേര ഉറപ്പിച്ചവരിൽനിന്ന് വ്യത്യസ്തരാണ്.
2017 മുതൽ ഉത്തർപ്രദേശിൽ ബി.ജെ.പി തങ്ങളുടെ കാവി പതാക ഉറപ്പിച്ചു. പക്ഷേ കർഷക പ്രക്ഷോഭം ഇന്നു ബി.ജെ.പിക്ക് വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്നു. യു.പി തെരഞ്ഞെടുപ്പ് മുന്നിൽകണ്ടു കേന്ദ്ര സർക്കാർ വിവാദമായ മൂന്നു കാർഷിക നിയമങ്ങൾ പിൻവലിച്ചുവെങ്കിലും കർഷകർ ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിക്കാൻ സർക്കാർ തയാറായിട്ടില്ല. അതുകൊണ്ടു സമരം തുടരുമെന്നാണ് കർഷക നേതാക്കൾ പറയുന്നത്. കർഷക പ്രക്ഷോഭത്തിന്റെ അനന്തരഫലങ്ങളും താക്കൂറുമാരുടെയും ഒ.ബി.സി വിഭാഗത്തിന്റെയും ഉയർച്ചയിൽ ബ്രാഹ്മണരുടെ നെഞ്ചെരിച്ചിലും യോഗി ആദിത്യനാഥിന്റെ സ്വപ്നങ്ങൾക്ക് മങ്ങലേൽപ്പിക്കുമോ? പ്രധാനമന്ത്രിയാകാനുള്ള അദ്ദേഹത്തിൻ്റെ സാധ്യതകൾക്ക് വെല്ലുവിളിയാകുമോ?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."