ലിവർ കാൻസറിനെ എങ്ങനെ പ്രതിരോധിക്കാം
ഡോ. ജയശങ്കർ,
കൺസൾട്ടന്റ് മെഡിക്കൽ ഓങ്കോളജിസ്റ്റ്,
ലിസി ഹോസ്പിറ്റൽ, എറണാകുളം 9567368081
മനുഷ്യ ശരീരത്തിൽ ഏറ്റവും സങ്കീർണമായ പ്രവർത്തനങ്ങൾ അരങ്ങേറുന്ന അവയവങ്ങളിലൊന്നാണ് കരൾ. കരളിന്റെ പ്രവർത്തനം താളംതെറ്റിയാൽ ബാധിക്കുന്നത് ശരീരത്തെ മുഴുവനാണെന്നു വേണം പറയാൻ. അതുകൊണ്ടുതന്നെ കരളിനെ ബാധിക്കുന്ന അസുഖങ്ങളെക്കുറിച്ചറിയേണ്ടതും, കരളിന്റെ ആരോഗ്യം ഉറപ്പ് വരുത്തേണ്ടതും ഏറെ പ്രധാനമാണ്. ശ്വാസകോശത്തിനു താഴെ വലതുവശത്ത് വാരിയെല്ലുകൾക്കടിയിലുള്ള കരളിനെ കാൻസർ ബാധിക്കുന്നത് ഇന്ന് സാധാരണമാണ്.
മുപ്പത്തിനാലായിരത്തിലേറെ ആളുകളാണ് ഓരോ വർഷവും ഇന്ത്യയിൽ ലിവർ കാൻസർ ബാധിതരാകുന്നത്. മുപ്പത്തിമൂവായിരത്തോളം പേർ ഇതുമൂലം മരണപ്പെടുന്നു. ലിവർ കാൻസർ കൂടുതലായി കണ്ടുവരുന്നത് 40 മുതൽ 70് വയസുവരെയുള്ള ആളുകളിലും. സ്ത്രീകളെ അപേക്ഷിച്ച് കരൾ കാൻസർ രോഗബാധ പുരുഷ•ാരിൽ നാലു മടങ്ങു കൂടുതലാണ്. മുതിർന്നവരിൽ ലിവർ കാൻസറിന്റെ ഏറ്റവും കൂടുതലായി കാണപ്പെടുന്ന രൂപമാണ് ഹെപ്പറ്റോസെല്ലുലാർ കാർസിനോമ (എച്ച്.സി.സി).
കരൾ കാൻസറിന്റെ അപകട സാധ്യത ഇരട്ടിയാക്കുന്ന നിരവധി കാരണങ്ങളുണ്ട്്. ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി വൈറസുകൾ ശരീരത്തിൽ നീണ്ടു നിൽക്കുന്ന അണുബാധയാണ്. ലിവർ കാൻസർ ബാധിതനായ ഒരാളുടെ ആരോഗ്യ സ്ഥിതി കൂടുതൽ മോശമാക്കുന്നതിലെ ഒരു പ്രധാന കാരണവും ഈ വൈറസുകളാണ്. അമിത മദ്യപാനവും ഇതിന് പ്രധാന കാരണമാണ്. രോഗിയുടെ പ്രായം, സിറോസിസ്, അമിതവണ്ണം, ടൈപ്പ് 2 പ്രമേഹം തുടങ്ങിയവയും സ്ഥിതി ഗുരുതരമാക്കും.
കരളിനെ ബാധിക്കുന്ന രോഗങ്ങളുടെ ലക്ഷണങ്ങൾ കാണപ്പെടുന്നത് പലപ്പോഴും വൈകിയാണ്. ഇത് രോഗിക്ക് ചികിത്സ ലഭിക്കുന്നത് വൈകാനും ഇടയാക്കും. ഈ സാഹചര്യത്തിൽ പ്രതിരോധ ശേഷി കുറഞ്ഞവരും രോഗബാധയേൽക്കാൻ സാധ്യത കൂടുതലുള്ളവരും കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തുകയാണ് നല്ലത്.
രോഗ ലക്ഷണങ്ങൾ
ശരീരഭാരം കുത്തനെ കുറയുക, വിശപ്പില്ലായ്മ, ഓക്കാനം അല്ലെങ്കിൽ ഛർദ്ദി, ലഘു ഭക്ഷണം കഴിച്ചാൽ പോലും വയറ് നിറഞ്ഞതായി തോന്നുക, ഇടതുവശത്തെ വാരിയെല്ലുകൾക്കടിയൽ വലിയ പ്ലീഹ നിറഞ്ഞതായി തോന്നുക, അടിവയറ്റിലോ വലതു തോളെല്ലിന്റെ വശങ്ങളിലോ വേദന, കരൾ വികസിക്കുകയും വലതു ഭാഗത്തെ വാരിയെല്ലുകൾക്ക് താഴെ നിറഞ്ഞതു പോലെ അനുഭവപ്പെടുക തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. മഞ്ഞപ്പിത്തം, ചൊറിച്ചിൽ, ഉദരത്തിൽ വീക്കമോ ദ്രാവകമോ രൂപപ്പെടുക, പനി, ചർമത്തിലൂടെ കാണാൻ കഴിയുന്ന തരത്തിൽ വയറിലെ ഞരമ്പുകൾ വികസിക്കുക, അസാധാരണമായ ചതവ്, രക്തസ്രാവം തുടങ്ങിയവയും ലിവർ കാൻസറിന്റെ ലക്ഷണങ്ങളാണ്.
ഇവയിൽ ഒന്നോ അതിലധികമോ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടെന്നു കരുതി അത് കാൻസറാണെന്ന് ഭയപ്പെടേണ്ടതില്ല. എങ്കിലും സമാനലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറെ കാണുന്നതാണ് ഉചിതം
പ്രതിരോധ മാർഗങ്ങൾ
ഹെപ്പറ്റൈറ്റിസ് ബി, സി അണുബാധയേൽക്കാതെ നോക്കുകയും കൃത്യമായ ചികിത്സ തേടുകയുമാണ് ആദ്യം ചെയ്യേണ്ടത്്. കരളിനെ ഏറ്റവും എളുപ്പത്തിൽ ദുർബലമാക്കുന്ന മദ്യപാനവും പുകവലിയും നിർബന്ധമായും നിയന്ത്രിക്കണം. ശരീരഭാരം ആരോഗ്യകരമായ അളവിൽ നിലനിർത്തുന്നതിലും കാൻസറിലേക്ക് നയിക്കാൻ സാധ്യതയുള്ള രാസവസ്തുക്കളുമായുള്ള സമ്പർക്കം നിയന്ത്രിക്കുന്നതിലും ശ്രദ്ധ വേണം. ലിവർ കാൻസറിന് സാധ്യത കൂട്ടുന്ന രോഗങ്ങൾ ബാധിച്ചാൽ കൃത്യമായ ചികിത്സ തേടണം. ഇതുവഴി ലിവർ കാൻസർ സങ്കീർണമാകുന്നത് ഒരു പരിധിവരെ തടയാനാകും.
ചികിത്സകൾ
നിശബ്ദ കൊലയാളികളായ കരൾ രോഗങ്ങൾ ഗുരുതരമാകുന്നതിനു മുമ്പ് കണ്ടെത്തി മികച്ച ചികിത്സ ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. ജീവിതശൈലി ക്രമപ്പെടുത്തുകയെന്നതു തന്നെയാണ് പ്രധാന ചികിത്സാരീതിയും പ്രതിരോധ മാർഗവും. ലിവർ കാൻസറിന് വൈദ്യശാസ്ത്രത്തിൽ ഇന്ന് നിരവധി ചികിത്സകൾ ലഭ്യമാണ്.
ശസ്ത്രക്രിയയോ കരൾ മാറ്റിവയ്ക്കലോ ആണ് ലിവർ കാൻസർ ഭേദമാക്കാൻ ഏറ്റവും ഫലപ്രദമായ മാർഗം. അതുപോലെ തന്നെ മറ്റോരു ചികിത്സയാണ് അബ്ലേഷൻ.
ഇത് കരളിലെ ട്യൂമറുകൾ നീക്കം ചെയ്യാതെ അവയെ നശിപ്പിക്കുന്നു. കരളിലെ ട്യൂമറിലേക്കുള്ള രക്തപ്രവാഹം തടയാനോ കുറയ്ക്കുന്നതിനോ വേണ്ടി കരളിലെ ധമനിയിലേക്ക് നേരിട്ട് പദാർഥങ്ങൾ കുത്തിവയ്ക്കുന്ന എംബോലൈസേഷൻ എന്ന ചികിത്സാ രീതിയും ലിവർ കാൻസറിന് സ്വീകരിക്കാറുണ്ട്. മറ്റോരു ചികിത്സാരീതിയായ റേഡിയേഷൻ തെറാപ്പി വഴി തീവ്രത കൂടിയ ഊർജകണങ്ങൾ ഉപയോഗിച്ച് കാൻസർ കോശങ്ങളെ നശിപ്പിക്കാം.
ഒരു മനുഷ്യന്റെ ശരീരത്തിൽ സ്വാഭാവികമായുള്ള രോഗപ്രതിരോധ സംവിധാനത്തെ ഉപയോഗിച്ച് കാൻസർ കോശങ്ങൾ കണ്ടെത്തി നശിപ്പിക്കുന്ന ചികിത്സാരീതിയും പല അവസരങ്ങളിലും ഉപയോഗിക്കാറുണ്ട്. ഇതിന് ഇമ്യൂണോതെറാപ്പി എന്നാണ് പറയുന്നത്.
കീമോതെറാപ്പിക്ക് സമാനമായി മരുന്നുകൾ രക്തത്തിൽ പ്രവേശിച്ച് ശരീരത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും എത്തിക്കുകയും ഇത് ശരീരത്തിന്റെ മുക്കിലും മൂലയിലേക്കും പടർന്ന കാൻസർ കോശങ്ങൾക്കെതിരേ പ്രവർത്തിക്കുകയും ചെയ്യുന്ന ടാർഗെറ്റഡ് ഡ്രഗ് തെറാപ്പിയും ഫലപ്രദമായ ചികിത്സ രീതിയാണ്.
കാൻസറിന്റെ വ്യാപ്തിയും രോഗിയുടെ ആരോഗ്യ സ്ഥിതിയും ആശ്രയിച്ചാണ് ഏത് ചികിത്സരീതിയാണ് സ്വീകരിക്കേണ്ടതെന്ന് തീരുമാനിക്കുക. ഇത് രോഗിയെ ചികിത്സിക്കുന്ന ഓങ്കോളജിസ്റ്റിന്റെ വിവേചനാധികാരം കൂടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."