കാക്കിത്തണലിൽ മാഫിയവിളയാട്ടം
വീണ്ടുവിചാരം
എ. സജീവൻ
8589984450
മുൻ മിസ് കേരളയും റണ്ണർഅപ്പുമായ യുവതികൾ ആഴ്ചകൾ മുമ്പ് കൊച്ചിയിൽ അർദ്ധരാത്രി അപകടത്തിൽ മരിച്ചപ്പോൾ അതൊരു സാധാരണ കാറപകടമെന്നു മാത്രമാണ് എല്ലാവരും കരുതിയത്. വാഹനമോടിച്ചയാൾ മദ്യപിച്ചിരുന്നെന്ന വിവരം പുറത്തുവന്നപ്പോഴും ലക്കില്ലാത്ത ഡ്രൈവിങ് വരുത്തിവച്ച ദുരന്തം എന്നു മാത്രമേ പൊതുജനം കരുതിയിരുന്നുള്ളൂ. എന്നാൽ, അപകടവുമായി ബന്ധപ്പെട്ട അന്വേഷണവിവരങ്ങളും തെളിവുകളും ഒന്നൊന്നായി പുറത്തുവന്നതോടെ ജനം അക്ഷരാർഥത്തിൽ ഞെട്ടി. വൻ ലഹരിമാഫിയയുടെയും ആ സംഘത്തിനു താങ്ങും തണലുമായി നിന്ന ചില കാക്കിധാരികളുടെയും ഭീകരമായ കൂട്ടുകച്ചവടത്തിന്റെ കഥകളായിരുന്നു അതിലുടനീളം.
കാക്കിയുടെ തണലിൽ മാഫിയാവിളയാട്ടമെന്നത് മോഡലുകളുടെ അപകടമരണക്കേസിലെ മാത്രം ഇതിവൃത്തമല്ല. അങ്ങനെയായിരുന്നെങ്കിൽ ഒറ്റപ്പെട്ട സംഭവമെന്ന പേരിൽ അത് അവഗണിക്കാമായിരുന്നു. എന്നാൽ, തുടരെത്തുടരെ കാക്കി-മാഫിയ ഗൂഢബന്ധം വ്യക്തമാക്കുന്ന വാർത്തകളും തെളിവുകളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. മോഡലുകളുടെ മരണവും അതിനെ തുടർന്നുള്ള വാർത്തകളും മാധ്യമങ്ങളിൽ സ്ഥലം നേടിക്കൊണ്ടിരിക്കെ അതേ പ്രാധാന്യത്തോടെ ഇന്നും വാർത്തയിൽ നിറഞ്ഞുനിൽക്കുന്ന മോൻസൺ പുരാവസ്തു തട്ടിപ്പു കേസും വിരൽചൂണ്ടുന്നത് ഈ അവിശുദ്ധകൂട്ടുകെട്ടിലേയ്ക്കാണ്.
ഇതുവരെ സിനിമകളിലും അപസർപ്പകകഥകളിലും മാത്രം കണ്ടും വായിച്ചും പരിചയമുള്ള ഭീകരസംഘത്തിന്റെ പിടിയിലാണ് കേരളമെന്നു ഭയക്കേണ്ടിയിരിക്കുന്നു. അനുദിനം ആവർത്തിച്ചുകൊണ്ടിരിക്കുന്ന ഇത്തരം സംഭവങ്ങളെക്കുറിച്ചു പരാമർശം നടത്തുന്ന ഘട്ടങ്ങളിൽ നീതിപീഠം പോലും അടക്കാനാവാത്ത നടുക്കത്തെക്കുറിച്ചു തുറന്നുപറയുകയാണ്.
ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ നടന്ന പാർട്ടിയിൽ പങ്കെടുത്തു തിരിച്ചു പോകുന്നതിനിടയിലാണല്ലോ മോഡലുകളുടെ വാഹനം അപകടത്തിൽ പെടുന്നത്. ആ ഹോട്ടലിൽ പതിവായി ലഹരിപ്പാർട്ടി നടക്കാറുണ്ടെന്നും ആണും പെണ്ണുമടക്കം സമൂഹത്തിന്റെ ഉന്നതശ്രേണിയിലുള്ള ഒട്ടേറെപ്പേർ അതിൽ പങ്കെടുക്കാറുണ്ടെന്നുമുള്ള വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നു കഴിഞ്ഞു. നിഗൂഢസ്ഥലത്തൊന്നുമല്ല ലഹരിപ്പാർട്ടിക്കാർ പാതിരാവരെ മതിമറന്നാടിയ ആ ഹോട്ടൽ, ഫോർട്ട് കൊച്ചി പൊലിസ് സ്റ്റേഷന് നേരേ എതിർവശത്താണ്. അത്തരം അഴിഞ്ഞാട്ടം അവിടെ തുടർച്ചായായി നടന്നിട്ടും ആ സ്റ്റേഷനിലെ പൊലിസുകാർ അറിഞ്ഞില്ലെന്നു വിശ്വസിക്കാനാവുമോ. തീർച്ചയായും ഇല്ല. എന്നാൽ, പിന്നീട്, പുറത്തുവന്ന വിവരങ്ങൾ കൂടി മനസ്സിലെത്തുമ്പോൾ ആ സ്റ്റേഷനിലെ പൊലിസുകാരെ കുറ്റപ്പെടുത്താൻ കഴിയില്ല. കാരണം, ലഹരിപ്പാർട്ടി നടന്ന നമ്പർ 18 ഹോട്ടൽ എത്രയോ കാലമായി പൊലിസിലെ ഒരു ഉന്നതന്റെ സ്ഥിരം ഇടത്താവളമാണത്രേ. മോഡലുകളുടെ മരണം നടന്ന ലഹരിപ്പാർട്ടി ദിനത്തിലും ആ ഉന്നതൻ ആ ഹോട്ടലിൽ വിരാജിച്ചിരുന്നത്രേ. ഏമാന്റെ സുഖവാസകേന്ദ്രത്തിനെതിരേ നടപടിയെടുക്കാൻ താഴേക്കിടയിലെ പൊലിസുകാർക്ക് ധൈര്യം വരില്ലല്ലോ.
മോഡലുകളുടെ മരണം സംബന്ധിച്ച വാർത്തകളും വെളിപ്പെടുത്തലുകളും മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുമ്പോഴും ആ ഉന്നതന് പൊലിസ് സേനയിലുള്ള സ്വാധീനം അപാരമാണ്. ഹോട്ടലിൽ സ്ഥിരം സന്ദർശകനായിരുന്ന ഉന്നതനെതിരേ പൊലിസ് ഇതുവരെ കേസ്സെടുത്തിട്ടില്ല. അപകടദിവസം ലഹരിപ്പാർട്ടി നടന്ന ഹോട്ടലിൽ ഉണ്ടായിരുന്ന ഉന്നതനെ ചോദ്യം ചെയ്തിട്ടില്ല. എന്തിനേറെ ആ ഉന്നതൻ ആരെന്ന് ആർക്കുമറിയില്ല. ആ ഉന്നതൻ ആരെന്നു കണ്ടെത്താൻ സഹായകമാകുമായിരുന്നത് ഹോട്ടലിലെ സി.സി ടി.വി ദൃശ്യങ്ങളാണ്. അതിന്റെ കഥയൊരു കഥയാണ്. സി.സി ടി.വി ഹാർഡ് ഡിസ്ക് ഹോട്ടലുടമയുടെ നിർദേശപ്രകാരം അഴിച്ചുമാറ്റിയത്രെ. തേടിപ്പോയ പൊലിസ് ഇരുട്ടിൽ തപ്പുകയാണ്.
കായലിലെറിഞ്ഞു കടലിലെറിഞ്ഞു തുടങ്ങിയ കഥകളാണു പുറത്തുവന്നുകൊണ്ടിരുന്നത്. ഒടുവിൽ കേട്ടത് ഹാർഡ് ഡിസ്കിനു പിന്നാലെയുള്ള പാച്ചിൽ പൊലിസ് അവസാനിപ്പിച്ചെന്നാണ്. സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നാലല്ലേ പൊലിസ് ഉന്നതൻ ആരെന്നു തിരിച്ചറിയൂ. അങ്ങനെ തിരിച്ചറിഞ്ഞാലല്ലേ കേസ്സെടുക്കേണ്ടി വരൂ. വെള്ളരിക്കാപട്ടണമല്ലേ എന്തും നടക്കും. ഇനി ഈ കേസിന്റെ ഗതിയെന്താകുമെന്നേ ചിന്തിക്കാനുള്ളൂ. മരിച്ചവർ മരിച്ചു. അവരുടെ ബന്ധുക്കൾക്ക് നഷ്ടം. അതിനപ്പുറമൊന്നുമില്ല. ഉണ്ടാകുമെന്നു പ്രതീക്ഷിക്കുകയും വേണ്ട.
ഇനി മോൻസൺ പുരാവസ്തു തട്ടിപ്പു കേസിലേയ്ക്കു വരാം. ആ കേസ് പരിഗണിക്കുന്ന കോടതി ഓരോ ദിവസവും പൊലിസിന്റെ വിക്രിയകൾ കണ്ടു ഞെട്ടുകയാണ്. പൊലിസിലെ അത്യുന്നതർ മോൻസന്റെ പുരാവസ്തു മ്യൂസിയത്തിലെത്തി മോശയുടെ അംശവടിയും ടിപ്പുസുൽത്താന്റെ സിംഹാസനവും കണ്ട് അത്ഭുതപരതന്ത്രരായതും ഐ.ജി റാങ്കിലുള്ള ഒരേമാൻ മോൻസന്റെ ഒത്താശക്കാരനായതും പൊലിസുകാരുടെ ബീറ്റ് മോൻസന്റെ വസതികളിലേയ്ക്കു വേണമെന്ന് ഉത്തരവിട്ടതും മുതൽ തുടങ്ങിയതാണ് നീതിപീഠത്തിന്റെ ഈ ഞെട്ടൽ. അക്കാര്യമൊക്കെ പലവട്ടം ചർച്ചചെയ്ത വിഷയമായതിനാൽ പുതിയ വിശേഷം പറയാം. മോൻസൺ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ എ.ഡി.ജി.പി കഴിഞ്ഞ ദിവസം ഒരു ഹരജിയുമായി ഹൈക്കോടതി മുമ്പാകെയെത്തി. മോൻസന്റെ മുൻ ഡ്രൈവർ അജിത് നൽകിയ ഹരജി തീർപ്പാക്കണമെന്നുമായിരുന്നു ആവശ്യം.
പുരാവസ്തു തട്ടിപ്പുകേസിൽ മോൻസനെതിരേ മൊഴി നൽകിയതിന് പൊലിസ് തുടരെത്തുടരെ ഭീഷണിപ്പെടുത്തുന്നവെന്നും തനിക്ക് സുരക്ഷ ഉറപ്പുവരുത്തണമെന്നുമാണ് അജിത്തിന്റെ ഹരജി. ഹരജിക്കാരന്റെ ആവശ്യം നടപ്പാക്കിക്കഴിഞ്ഞുവെന്നും അതിനാൽ ഹരജിയിൽ തുടർനടപടി അവസാനിപ്പിക്കണമെന്നാണ് പൊലിസ് കോടതിയെ ബോധിപ്പിച്ചത്.
കോടതിയെ അക്ഷരാർഥത്തിൽ കലിപിടിപ്പിച്ചു ഈ ഉപഹരജി. "കണ്ണും കാതും വായും മൂടിക്കെട്ടി കോടതി മിണ്ടാതിരിക്കണോ. കോടതിയെ കളിയാക്കാനാണോ എ.ഡി.ജി.പി ശ്രമിക്കുന്നത്. പേടിപ്പിച്ചാൽ പിന്മാറുമെന്നു കരുതിയോ. ഈ ഉപഹരജി ഫയൽ ചെയ്തതിനു പിഴ ചുമത്തേണ്ടതാണ്"- കോടതി പൊട്ടിത്തെറിച്ചു. ഇത്ര കൂടി കോടതി പറഞ്ഞു, "അന്വേഷണം ശരിയായ ദിശയിലാണെന്നാണ് കരുതിയത്. എന്നാൽ, കാണുന്നതിനും അപ്പുറമുണ്ട് എന്ന് ഇപ്പോൾ വീണ്ടും തോന്നുന്നു". ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഈ പരാമർശത്തിൽ എല്ലാമുണ്ട്. മാഫിയയ്ക്കു വേണ്ടി ഒത്താശ ചെയ്യുന്നതിൽ മാത്രമല്ല, മാഫിയയ്ക്കെതിരായ കേസുകൾ ഒതുക്കിക്കൊടുക്കുന്നതിൽ വരെ കാക്കിയണിഞ്ഞ ചിലരുണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു. മാഫിയയല്ല, ഇത്തരം ഔദ്യോഗിക തണലുകളാണ് സമൂഹത്തിന് ഏറെ ഭീഷണി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."