കാസര്‍കോട്ടെ പൊലിസുകാര്‍ ബോധിപ്പിക്കുന്നത്...
ആഭ്യന്തര മന്ത്രി കേള്‍ക്കുന്നുണ്ടല്ലോ...അല്ലേ...
(ജില്ലയിലെ പൊലിസുകാരുടെ പരിഭവങ്ങള്‍)
- പഴകി തുരുമ്പിച്ച വാഹനങ്ങള്‍
പഴകി തുരുമ്പിച്ച വാഹനങ്ങളാണ് ജില്ലയിലെ പൊലിസ് സേനയുടെ ശാപം. ചുരുങ്ങിയത് ഒരു പൊലിസ് സ്റ്റേഷനില്‍ മൂന്നു വാഹനങ്ങള്‍ വേണമെന്നിരിക്കെ വലിയ ഏരിയ നിയന്ത്രിക്കേണ്ടി വരുന്ന പൊലിസ് സ്റ്റേഷനുകളില്‍ പോലും ഉള്ളത് ഒരുവാഹനമാണ്. ജില്ലയിലെ മിക്ക പൊലിസ് സ്റ്റേഷനുകളിലും ഉള്ളത് തള്ളിയാല്‍ മാത്രം സ്റ്റാര്‍ട്ടാകുന്ന വാഹനങ്ങളാണ്. - ഹൈവേ പൊലിസ് 17,85,5 കിലോമീറ്റര്‍ ദേശീയപാതയും 141-78 കിലോമീറ്റര്‍ സംസ്ഥാന പാതയുമുള്ള ജില്ലയില്‍ ഹൈവേ പൊലിസിനുള്ളത് രണ്ടു സംഘങ്ങള്‍. മദ്യവും മയക്കുമരുന്നും മണലും സ്വര്‍ണവും അടക്കം കള്ളക്കടത്തു സജീവമായ ജില്ലയില്‍ ഒരു സംഘത്തെ കൂടി നിയമിച്ചാല്‍ തന്നെ അധികമാവില്ല.
- മാറാരോഗികളാകുന്നു
പൊലിസുകാരുടെ എണ്ണ കുറവുകൊണ്ടു തന്നെ അര്‍ഹതയുള്ള അവധിപോലും പൊലിസുകാര്‍ക്കു ലഭിക്കുന്നില്ല. മണിക്കൂറുകളോളമുള്ള ജോലിയും നെട്ടോട്ടവും നിമിത്തം പൊലിസുകാര്‍ മാനസീകവും ശാരീരികവുമായ അസുഖ ബാധിതരാവുകയാണ്.
കാന്‍സര്‍ രോഗം ബാധിച്ചും വൃക്ക സംബന്ധവുമായ അസുഖങ്ങള്‍ ബാധിച്ച പൊലിസുകാര്‍ കാസര്‍കോടുണ്ട്. കൃത്യമായ ഭക്ഷണവും നിയന്ത്രണമില്ലാത്ത ജോലിയുമാണ് ഇവരെ ഈ രീതിയിലെത്തിച്ചതെന്ന് വ്യക്തമാണ്. അത്യാവശ്യമുള്ള ഘട്ടത്തില്‍ പോലും അവധി കിട്ടാത്തത് പൊലിസുകാരെ കടുത്ത മാനസീകപീഢനത്തിനിടയാക്കുന്നുണ്ട്. - വനിതാ എ.എസ്.ഐമാര്‍ തൃശൂരില്‍
ജില്ലയില്‍ ഗ്രേഡ് എ.എസ്.ഐയായി സ്ഥാനകയറ്റം കിട്ടിയ ആറു വനിതകള്‍ തൃശൂര്‍ പൊലിസ് അക്കാദമിയില്‍ ഉണ്ട്. കാസര്‍കോട് പോസ്റ്റിങ് നല്‍കാതെ ഇവരെ പരിശീലകരായി തൃശൂര്‍ പൊലിസ് അക്കാദമിയില്‍ നിയമിച്ചിരിക്കുകയാണ്.
പരിശീലനം നല്‍കാന്‍ തയാറുള്ള നിരവധി വനിതാ പൊലിസുകാര്‍ തൃശൂരിലും സമീപ ജില്ലകളിലും ഉള്ളപ്പോഴാണ് ഇവരെ തൃശൂരിലേക്കയച്ചത്. കുടുംബത്തെ പോലും കാണാതെയാണ് ഈ വനിതകള്‍ തൃശൂരില്‍ ജോലി ചെയ്യുന്നത്. മൂന്നു മാസം മുന്‍പ് വര്‍ക്ക് അറേഞ്ച് മെന്റായി ഇവരെ കാസര്‍കോടേക്ക് മാറ്റിയെങ്കിലും വീണ്ടും ഇവരെ തൃശൂരിലേക്ക് തന്നെ വിളിപ്പിക്കുകയായിരുന്നു. - പുതിയ പൊലിസ് സ്റ്റേഷനുകള്‍ വേണം
പുതിയ പൊലിസ് സ്റ്റേഷനുകള്‍ അനിവാര്യമാണ്. ചെര്‍ക്കളയില്‍ പുതിയ പൊലിസ് സ്റ്റേഷന്‍ അനുവദിക്കണം. ബേക്കല്‍ പൊലിസ് സ്റ്റേഷന്‍ വിഭജിച്ച് പുതിയ പൊലിസ് സറ്റേഷന്‍ അനുവദിക്കണം. ചന്തേര സ്‌റ്റേഷന്‍ വിഭജിച്ച് ചെറുവത്തൂര്‍ ആസ്ഥാനമായി പുതിയ പൊലിസ് സ്റ്റേഷന്‍ വേണം.
മഞ്ചേശ്വരവും കുമ്പളയും വിഭജിച്ച് പുതിയ പൊലിസ് സ്റ്റേഷന്‍ അനുവദിക്കണം. പുതിയ പൊലിസ് സ്റ്റേഷന്‍ അനുവദിക്കുമ്പോള്‍ അവിടുത്തേക്കാവശ്യമായ പൊലിസുകാരെ കൂടുതലായി നിയമിക്കണം. മറ്റു സ്റ്റേഷനുകളില്‍ നിന്നും പൊലിസുകാരെ പുതിയ സ്റ്റേഷനുകളിലേക്ക് വിന്യസിച്ചതുകൊണ്ട് ഒരു കാര്യവുമില്ല. - അംഗസംഖ്യ കുറവ് പൊലിസിന്റെ അംഗസംഖ്യ വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണ്. 1992 നു ശേഷം ജില്ലയില്‍ പൊലിസിന്റെ അംഗസംഖ്യ വര്‍ധിപ്പിച്ചിട്ടില്ല. ജില്ലയിലെ ഏറ്റവും വലിയ പൊലിസ് സ്റ്റേഷനായ കാസര്‍കോട് വിദ്യാനഗര്‍ പൊലിസ് സ്റ്റേഷനിലെ പൊലിസുകാരുടെ എണ്ണം 20 ആണ്. കലക്ടറേറ്റും മിനി സിവില്‍ സ്‌റ്റേഷനും ഉള്‍ക്കൊള്ളുന്ന വിദ്യാനഗര്‍ സ്‌റ്റേഷന്റെ അവസ്ഥ പരിതാപകരമാണ്. സമരങ്ങളുടെ വേലിയേറ്റം നടക്കുന്ന കലക്ടറേറ്റ് പടിക്കലടക്കം ഈ 20 പേരെകൊണ്ടാണ് ക്രമസമാധാനം നിയന്ത്രിക്കേണ്ടി വരുന്നത്. ആറുപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന ചന്തേര പൊലിസ് സ്റ്റേഷന്റെ അവസ്ഥയും വിഭിന്നമല്ല. ഒരു പൊലിസ് സ്റ്റേഷനില്‍ കുറഞ്ഞത് 50 പൊലിസുകാരെയെങ്കിലും നിയമിക്കണം.
- കെട്ടിടങ്ങള്‍ ശോചനീയം പൊലിസ് സ്റ്റേഷനുകളുടെയും ക്വാര്‍ട്ടേഴ്‌സുകളുടെയും സ്ഥിതി ശോചനീയമാണ്. മിക്ക പൊലിസ് സ്റ്റേഷനുകളുടെയും കെട്ടിടങ്ങള്‍ കാലപ്പഴക്കമുള്ളതാണ്. കെട്ടിടങ്ങളെക്കാള്‍ ഉപയോഗശൂന്യമാണ് പല സ്റ്റേഷനുകളിലെയും ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍. പുതുതായി നിര്‍മിച്ച കുമ്പള സി.ഐ ഓഫീസ് കെട്ടിടം തകര്‍ന്നു തുടങ്ങിയിരിക്കുന്നു. അഭയാര്‍ഥി ക്യാംപുകള്‍ തോറ്റുപോകുന്ന അവസ്ഥയാണ് ചില സ്‌റ്റേഷനുകളിലെ വിശ്രമമുറിയും ക്വാര്‍ട്ടേഴ്‌സുകളും.
- മറ്റു ജോലികള്‍ ചെയ്യണം
ജനമൈത്രി, സ്റ്റുഡന്റ് കേഡറ്റ്, എസ്.സി, എസ്.ടി കോളനികളിലെ സ്ഥിതി വിവര കണക്കെടുപ്പ്, ചാരായ വേട്ട, മണല്‍ കടത്ത്, വാഹന പരിശോധന, എന്തിനു തീപ്പിടിച്ചാല്‍ പോലും ഓടിയെത്തേണ്ട അവസ്ഥയാണ് പൊലിസിന്. മറ്റു ഡിപ്പാര്‍ട്ടുമെന്റുകള്‍ ചെയ്യേണ്ട അതിര്‍ത്തി തര്‍ക്കമടക്കമുള്ള കാര്യങ്ങളും ജില്ലയിലെ ക്രമസമാധാനപാലനവുമായി പൊലിസുകാര്‍ വട്ടം ചുറ്റുകയാണ്. ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കിയാല്‍ ജോലി ഭാരം കുറേയേറെ കുറയുമെന്ന് പൊലിസുകാര്‍ വ്യക്തമാക്കുന്നു. - ചികിത്സക്കുള്ള പണവും സ്വന്തം പോക്കറ്റില്‍ നിന്ന്
ഡ്യൂട്ടിക്കിടയില്‍ പറ്റിയ അപകടങ്ങളില്‍ ചികിത്സിക്കാന്‍ പോലും സ്വന്തം പോക്കറ്റില്‍ നിന്നും പണം കണ്ടെത്തേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ട്രെയിനിന്‍ നിന്നും ഒരു സ്ത്രീയെ രക്ഷിക്കാന്‍ നടത്തിയ ശ്രമത്തിനിടെ ട്രെയിനില്‍ നിന്നും വീണു മരിച്ച പൊലിസുകാരന് കിട്ടേണ്ട നഷ്ടപരിഹാര തുകപോലും ഇപ്പോഴും ലഭിച്ചിട്ടില്ല. ഡ്യൂട്ടിക്കിടയില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പൊലിസുകാരനെ സഹായിക്കാന്‍ പൊലിസുകാര്‍ പിരിവെടുക്കുന്നതും നാട്ടുകാര്‍ പിരിവെടുക്കുന്നതും ജില്ലയിലെ ദയനീയ ചിത്രങ്ങളാണ്. - എട്ടുമണിക്കൂര്‍ ഡ്യൂട്ടി പേരിനു പോലുമില്ല
ജില്ലയില്‍ കുമ്പള, കാസര്‍കോട്, കാഞ്ഞങ്ങാട് അടക്കമുള്ള എട്ടു സ്‌റ്റേഷനുകളില്‍ എട്ടുമണിക്കൂര്‍ ഡ്യൂട്ടി നിശ്ചയിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ആവശ്യത്തിന് പൊലിസുകാരില്ലാത്തതിനാല്‍ എല്ലാ പൊലിസ് സ്റ്റേഷനുകളിലെയും ഡ്യൂട്ടി ചിലപ്പോള്‍ 15 മണിക്കൂര്‍ വരെ നീളുന്നു. സ്‌റ്റേഷന്റെ ചുമതലയുള്ള ജനറല്‍ ഡ്യൂട്ടി ചെയ്യുന്ന പൊലിസുകാരന്റെ ഡ്യൂട്ടി സമയം ഇപ്പോഴും 24 മണിക്കൂറാണ്. - ദുരിതത്തില്‍ റെയില്‍വെ പൊലിസ കാസര്‍കോട് റെയില്‍വെ പൊലിസിന്റെ അവസ്ഥ പരിതാപകരമാണ്. സ്റ്റേഷനോട് ചേര്‍ന്ന ചെറിയ കെട്ടിടത്തില്‍ 22 പൊലിസുകാരാണ് ജോലി ചെയ്യുന്നത്. ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തില്‍ ഫയലുകള്‍ സൂക്ഷിക്കുന്നിടത്താണ് പൊലിസുകാര്‍ വിശ്രമിക്കുന്നത്. അംഗസംഖ്യ കുറവായതിനാല്‍ കടുത്ത ജോലിഭാരവും ഇവിടുത്തെ പൊലിസുകാര്‍ അനുഭവിക്കുന്നു.
- ദൈനംദിന സാധനം പോലുമില്ല പൊലിസ് സ്റ്റേഷനുകളിലേക്ക് വേണ്ട പേപ്പര്‍, കാര്‍ബണ്‍ പേപ്പര്‍ പോലുള്ള അത്യാവശ്യ സാധനങ്ങള്‍ പോലും വാങ്ങാന്‍ ഫണ്ടില്ലെന്നതാണ് അവസ്ഥ. സ്റ്റേഷനില്‍ വരുന്ന പരാതിക്കാരെ കൊണ്ടു ഇതെല്ലാം വാങ്ങിപ്പിക്കേണ്ട അവസ്ഥയാണിവിടെ. ഇതുതന്നെയാണ് പൊലിസിലെ ആദ്യ അഴിമതിയും.
- ഒരു മറുപടിയുമില്ല
പ്രതികരിക്കാനും പ്രതിഷോധിക്കാനും സമരം ചെയ്യാനും അവകാശമില്ലാത്തതിനാല്‍ ഓഫീസേഴ്‌സ് അസോസിയേഷനും പൊലിസ് അസോസിയേഷനും നിരവധി ഘട്ടങ്ങളില്‍ ഇത്തരം കാര്യങ്ങളെല്ലാം ഭരണാധികാരികള്‍ക്കു മുന്നില്‍ വച്ചതാണ്. എന്നാല്‍ ഇതൊന്നും അധികാരികള്‍ കേട്ടഭാവം നടിച്ചിട്ടില്ല. - ഒഴിവു നികത്തണം
നികത്താതെ കിടക്കുന്ന നാലു ഡി.വൈ.എസ്.പിമാരുടെയും 58 എ.എസ്.ഐമാരുടെയും ഒഴിവുണ്ട് ജില്ലയില്‍. ഇതു നികത്താനുള്ള ശ്രമമൊന്നും ഇതേവരെ നടത്തിയിട്ടില്ല. കൂടുതലായി വനിതാ പൊലിസുകാരെ നിയമിക്കണമെന്ന ആവശ്യത്തിനും വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
കുമ്പളയില്‍ ടോയ്‌ലെറ്റ് പോലുമില്ല
കുമ്പള: നാടിന്റെ സമ്പത്തും പൊതുജനങ്ങളുടെ ജീവനും സ്വത്തിനും നിതാന്ത ജാഗ്രതയോടെ കാവലാളായ പൊലിസുകാര്‍ക്ക് ജോലി കഴിഞ്ഞോ അല്ലെങ്കില്‍ ജോലിക്കിടയിലോ ഒന്ന് മൂത്രമൊഴിക്കാനോ മറ്റോ തോന്നിയാല്‍ കുമ്പള പൊലിസ് സ്റ്റേഷനില്‍ ശ്വാസം അടക്കി ഇരിക്കുകയല്ലാതെ വേറെ വഴിയില്ല.
ഉള്ള ശുചി മുറിയാണെങ്കില്‍ ബ്ലോക് ആയി ഉപയോഗശൂന്യമായി വര്‍ഷം ഒന്നു കഴിഞ്ഞു. ഈ ഉപയോഗശൂന്യമായ ശുചി മുറിയുടെ വാതിലില്‍ എഴുതി ഒട്ടിച്ചത് കാണാം ' ബ്ലോക് ആണ് കക്കൂസ് ഉപയോഗിക്കരുതെന്ന് '.
ചന്തേരയില്‍ ' സര്‍ക്കസ് '
തൃക്കരിപ്പൂര്‍: വലിയപറമ്പ, പടന്ന, തൃക്കരിപ്പൂര്‍, ചെറുവത്തൂര്‍, പിലിക്കോട് എന്നീ പഞ്ചായത്തുകളിലെ ക്രമസമാധാനവും പരിപാലിക്കേണ്ട് ചന്തേര സ്‌റ്റേഷന്‍. ഭാഗീകമായി ഗതാഗത സൗകര്യമുള്ള വലിയപറമ്പില്‍ എല്ലാ ഭാഗവും ഒരു ഓട്ടപ്രദക്ഷിണം നടത്താന്‍ ഒരു ദിവസം തന്നെ വേണം. ചന്തേര പൊലിസിന് ആകെയുള്ളത് രണ്ടു വാഹനങ്ങളാണ്. ഇതുവച്ചു വേണം ക്രമസമാധാനവും, മയക്കുമരുന്ന്, കഞ്ചാവ്, മണല്‍ കടത്ത് എല്ലാം പിടികൂടാന്‍. വാഹങ്ങളില്‍ ഒന്നാകട്ടെ തള്ളിയാല്‍ നീങ്ങും നീങ്ങിയാല്‍ ഓടും എന്ന പരുവത്തിലുമാണ്. രാത്രികാല പട്രോളിങിന് ഇറങ്ങുന്ന പൊലിസുകാര്‍ക്ക് ഈ വണ്ടിയാണ് കിട്ടുന്നതെങ്കില്‍ കുഴഞ്ഞതു തന്നെ. ചന്തേര സ്റ്റേഷനില്‍ അടുത്ത കാലത്ത് എത്തിപ്പെട്ട കേസുകളില്‍ ഏറ്റവും വലിയ കേസാണ് ഐ.എസ്.ഐ.എസ് ബന്ധം ആരോപിച്ചുള്ള 17 പേരുടെ തിരോധാനം. രാജ്യത്ത് ചര്‍ച്ച ചെയ്യപ്പെട്ട കേസായതിനാല്‍ സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ വിവിധ ടെലിവിഷന്‍ ചാനല്‍ പ്രതിനിധികളും ഐ.ബി ഉദ്യേഗസ്ഥരും സ്റ്റേഷനിലെ വാഹനം കണ്ട് മൂക്കത്ത് വിരല്‍ വച്ചുപോയി. വിജയ ബാങ്ക് കവര്‍ച്ച തുടങ്ങി നിരവധി കേസുകളാണ് ചന്തേര പൊലിസ് കൈകാര്യം ചെയ്യുന്നത്.
എന്തെല്ലാം ചെയ്യണം
ചെറുവത്തൂര്‍: ജനമൈത്രി പൊലിസ്, കടലോര ജാഗ്രത സമിതി, സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്, സ്റ്റുഡന്‍സ് പൊലിസ് കേഡറ്റ്, സീനിയര്‍ സിറ്റിസണ്‍ ഹെല്‍പ് ഡെസ്‌ക്, വനിതാ ഡെസ്‌ക്, കോളനി സന്ദര്‍ശനം തുടങ്ങി പൊലിസുകാര്‍ നേതൃത്വം നല്‍കേണ്ട ജനകീയ പദ്ധതികള്‍ പലതാണ്. മാതൃകാപരമായ പദ്ധതികളാണെങ്കിലും നടത്തിപ്പിന് സ്വതന്ത്ര ചുമതലയുള്ള പൊലിസുകാര്‍ ഇല്ലെന്നതിനാല്‍ പലതും ഉദ്ദേശിച്ച ലക്ഷ്യത്തില്‍ എത്തിയിട്ടില്ല. സ്റ്റേഷനുകളില്‍ ദൈനംദിന കാര്യങ്ങള്‍ നിര്‍വഹിച്ച ശേഷം വേണം ഈ പദ്ധതികളുടെ നടത്തിപ്പിന് സമയം കണ്ടെത്താന്‍. കോടതി സമന്‍സുകള്‍ എത്തിച്ചു നല്‍കല്‍, കോടതികളിലേക്ക് പോകല്‍, ഉന്നത ഉദ്യോഗസ്ഥരുടെ സ്‌ക്വാഡുകളിലെ പങ്കാളിത്തം, ക്രമസമാധാനപാലനം എന്നിവയ്‌ക്കൊപ്പമുള്ള അധികഭാരമാണ് പദ്ധതികളുടെ നടത്തിപ്പു ചുമതല. പലപ്പോഴും വീട്ടില്‍ നടക്കുന്ന വിശേഷവേളകളില്‍ പോലും പൊലിസുകാര്‍ക്ക് പങ്കെടുക്കാന്‍ കഴിയാറില്ല. പൊലിസുകാരുടെ മാനസികസമ്മര്‍ദം കുറയ്ക്കാന്‍ 2014-ല്‍ യോഗ പരിശീലനം നിര്‍ബന്ധമാക്കിയിരുന്നു. ആഴ്ചയില്‍ രണ്ടു ദിവസമാണ് യോഗയ്ക്കും ശാരീരികവ്യായാമത്തിനുമുള്ള സമയം. യോഗ ചെയ്ത് വിയര്‍ത്തൊലിച്ച് വൈകുന്നേരം വരെ ജോലി ചെയ്യാനുള്ള പ്രയാസം എന്നിവയെല്ലാം കൊണ്ട് നിലവിലുണ്ടായിരുന്ന മാനസിക സമ്മര്‍ദം കൂടിയെന്നല്ലാതെ യോഗ കൊണ്ട് മറ്റൊരു ഗുണവും ഉണ്ടായില്ല.
ചോര്‍ന്നൊലിക്കുന്ന ക്വാര്‍ട്ടേഴ്‌സുകള്‍
രാജപുരം: രാജപുരത്ത് രണ്ടര ഏക്കര്‍ സ്ഥലത്ത് 11 ക്വാര്‍ട്ടേഴ്‌സുകള്‍ ഉണ്ടെങ്കിലും രണ്ടെണ്ണം മാത്രം നല്ലതെന്നോ മോശമെന്നോ പറയാന്‍ കഴിയാത്ത വിധമാണ്. ക്വാര്‍ട്ടേഴ്‌സ് വളപ്പ് കാടുമൂടിക്കിടക്കുന്നതിനാലും മിക്ക ക്വട്ടേര്‍സുകളും ചോര്‍ന്നൊലിക്കുന്നതിനാലും ഇവിടെ സ്ഥിര താമസക്കാര്‍ ഇല്ല. രണ്ടെണ്ണത്തിന് ചോര്‍ന്നൊലിക്കുന്നതിനാല്‍ ഷീറ്റിട്ടാണ് അത്യാവശ്യം താമസിക്കുന്നത്.
ഇവിടെ കുടുംബ സമേതം താമസിക്കുന്നതും വിരളമാണ്. ആറ് ക്വാര്‍ട്ടേഴ്‌സുകള്‍ പൂര്‍ണമായും ഒഴിവാക്കിയ നിലയിലാണ്. ചോര്‍ച്ചയും അപകട സാധ്യതും തന്നെയാണ് പൊലിസുകാരെ താമസിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. വിരലിലെണ്ണാവുന്ന പൊലിസുകാര്‍ മാത്രമാണ് അഞ്ചും പത്തും കിലോമീറ്റര്‍ പരിധിയില്‍ താമസിക്കുന്നത്. മറ്റുള്ളവര്‍ അകലെ നിന്നും ജോലിക്കെത്തുന്നവരാണ്. വനിതകള്‍ ഉള്‍പ്പെടെ 35 ആണ് ഇവിടുത്തെ പൊലിസുകാരുടെ എണ്ണം. ഇവരില്‍ ഒരു കുടുംബം രാജപുരത്ത് വാടകയ്ക്ക് താമസിക്കുകയാണ്. ക്വാര്‍ട്ടേഴ്‌സുകള്‍ പൊളിച്ചു നീക്കി പുതിയവ നിര്‍മിക്കണമെന്നാവശ്യപ്പെട്ട് നിര്‍ദേശം പൊലിസ് ആസ്ഥനത്തേക്ക് പോയിട്ടുണ്ടെങ്കിലും മറുപടി കാത്ത് കഴിയുകയാണ് പൊലിസുകാര്‍.
നീലേശ്വരം: ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തിലിരുന്നാണു നാടിനു സുരക്ഷയൊരുക്കുന്ന പൊലിസുകാര്‍ നീലേശ്വരത്ത് ജോലി ചെയ്യുന്നത്. ഏതു സമയത്തും അടര്‍ന്നു വീഴാവുന്ന മേല്‍ക്കൂര. വലിയ പരിധിയാണ് സ്റ്റേഷന്റേത്. തീരദേശവും നഗരവും മലയോരവും ഉള്‍ക്കൊള്ളുന്നു. പലപ്പോഴും തീരദേശത്തും നഗരത്തിലും കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടി വരുന്നതുകൊണ്ട് മലയോരത്തെ ശ്രദ്ധിക്കാന്‍ കഴിയാതെ വരുന്നു. സ്റ്റേഷന്റെ പരിധി പുനക്രമീകരണം മാത്രമാണു പോംവഴി.
ജനലുകളും വാതിലുകളും തകര്‍ന്ന വര്‍ഷങ്ങള്‍ പഴക്കമുള്ള ക്വാര്‍ട്ടേഴ്‌സുകളാണു ഇവര്‍ക്കു താമസിക്കാനുള്ളത്. ക്വര്‍ട്ടേഴ്‌സുകളുടെ മേല്‍ക്കൂരകളും അടര്‍ന്നു വീഴുന്നുണ്ട്. പലയിടങ്ങളിലും വയറിങുകളും ഇളകി കിടക്കുകയാണ്. കക്കൂസുകളിലെ മാലിന്യം കലര്‍ന്നു കിണറിലെ വെള്ളം ഉപയോഗശൂന്യമാണ്. സ്റ്റേഷന്‍ വളപ്പില്‍ കൂട്ടിയിട്ട പിടിച്ചെടുത്ത വണ്ടികളും ഇവരുടെ പ്രവര്‍ത്തനത്തിനു തടസമാകുന്നു.
കാഞ്ഞങ്ങാട് എട്ടിന്റെ പണി..!
കാഞ്ഞങ്ങാട്: എട്ടുമണിക്കൂര്‍ ഡ്യൂട്ടി നിജപ്പെടുത്തിയ കാഞ്ഞങ്ങാട് പൊലിസ് സ്റ്റേഷനില്‍ പൊലിസുകാര്‍ക്കിപ്പോള്‍ എട്ടിന്റെ പണിയാണ്. ജില്ലയിലെ പ്രധാന സ്റ്റേഷനായ കാഞ്ഞങ്ങാട് സ്റ്റേഷനില്‍ എസ്.ഐ, എ.എസ്.ഐ ഉള്‍പ്പെടെയുള്ള ജീവനക്കാരടക്കം 62 പേരാണ് നിലവിലെ അംഗസംഖ്യ. 56 പേര്‍ ഇവിടെ ഉണ്ടെങ്കിലും ഇതില്‍ നിന്നും ഡി.വൈ.എസ്.പി ഓഫിസില്‍ നാലുപേരും, സര്‍ക്കിള്‍ ഓഫിസില്‍ ഏഴുപേരും പ്രോസസിങ് ജോലിക്കു 11 പേരും പോകുന്നതോടെ സ്‌റ്റേഷനിലെ ജോലികള്‍ തകിടം മറിയുന്നു. 20 വനിതാ പൊലിസുകാരെങ്കിലും വേണ്ടിടത്ത് ആകെയുള്ളത് 10 പേരാണ്. ഇവരില്‍ തന്നെ ഭൂരിഭാഗം ജീവനക്കാരും പ്രസവാവധിയും മറ്റുമായി സ്റ്റേഷനില്‍ ജോലി ചെയ്യാന്‍ പറ്റാത്ത സാഹചര്യത്തിലാണ്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പ്രകടനങ്ങളും ധര്‍ണകളും നടക്കുന്ന കാഞ്ഞങ്ങാട്ട് വനിതകള്‍ നടത്തുന്ന സമരങ്ങള്‍ ഉണ്ടായാല്‍ ഇതര സ്റ്റേഷനില്‍ നിന്നും വനിതാ പൊലിസിനെ വിളിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
എസ്.ഐ, എ.എസ്.ഐ ഉള്‍പ്പെടെ 34 ഓഫിസര്‍മാര്‍ ഉള്ള സ്‌റ്റേഷനില്‍ ആകെയുള്ള ഒരു ജീപ്പിലാണ് ഇവരുടെ സഞ്ചാരം. ദിനംപ്രതി 10 നടുത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന സ്‌റ്റേഷനില്‍ കംപ്യൂട്ടര്‍ മിക്കപ്പോഴും പണിമുടക്കും. സ്റ്റേഷനിലെ സേനാംഗങ്ങള്‍ പിരിവെടുത്ത് കംപ്യൂട്ടറും ഫോട്ടോസ്റ്റാറ്റ് മെഷീനും നന്നാക്കുകയാണ് ചെയ്യുന്നത്.
പഴയ ജില്ലാ ആശുപത്രി പരിസരത്തെ പോസ്റ്റ് മോര്‍ട്ടം മുറിക്കു സമീപത്തായി പൊലിസിനു കെട്ടിടം ഉണ്ടായിരുന്നു. എന്നാല്‍ ഈ കെട്ടിടം ഉണ്ടായിരുന്ന സ്ഥലം ഇപ്പോള്‍ റവന്യൂ വകുപ്പ് മറ്റേതോ വിഭാഗത്തിന് കൈമാറാനുള്ള ഒരുക്കത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."