കണ്ണൂർ വി.സിയുടെ ആദ്യനിയമനവും ചട്ടവിരുദ്ധം
കണ്ണൂർ
കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്റെ ആദ്യനിയമനവും ചട്ടങ്ങൾ മറികടന്ന്. 2010ലെ യു.ജി.സി ചട്ടം മറികടന്നാണ് ഡോ. ഗോപിനാഥ് രവീന്ദ്രനെ 2017ൽ വൈസ് ചാൻസലർ ആക്കിയത്. നിയമനത്തിനെതിരേ കോടതിയെ സമീപിക്കുമെന്ന് കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് പറഞ്ഞു.
യു.ജി.സി ചട്ടപ്രകാരം വൈസ് ചാൻസലറെ തിരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റിയിൽ മൂന്ന് അംഗങ്ങളാണ് വേണ്ടത്. അവർ മൂന്നു മുതൽ അഞ്ചു വരെ പേരുടെ പാനൽ ചാൻസലർക്ക് നൽകുകയും ചാൻസലർ ഈ പാനലിൽനിന്ന് ഒരാളെ നിയമിക്കുകയും ചെയ്യും. എന്നാൽ, 2017ൽ സെർച്ച് കമ്മിറ്റി ഗോപിനാഥ് രവീന്ദ്രന്റെ പേരു മാത്രമാണ് നൽകിയത്. ഇതോടെ തിരഞ്ഞെടുക്കാനുള്ള അവകാശം ചാൻസലർക്ക് നിഷേധിക്കപ്പെട്ടു. സെർച്ച് കമ്മിറ്റി അംഗങ്ങൾ സർവകലാശാലയുമായി ഒരു വിധത്തിലും ബന്ധപ്പെട്ടവരാകരുതെന്നും സർവകലാശാലാ ചട്ടത്തിൽ പറയുന്നു.ഈ നിബന്ധന പാലിച്ചെന്ന് ബോധ്യപ്പെടുത്താൻ 2017ൽ സർവകലാശാലാ പ്രതിനിധിയായി ആദ്യം നിർദേശിച്ച സിൻഡിക്കേറ്റ് അംഗം എം. പ്രകാശൻ മാസ്റ്ററുടെ പേര് ഒഴിവാക്കി ഡോ. രാജൻ ഗുരുക്കളുടെ പേര് നൽകി. എന്നാൽ, ചാൻസലറുടെ പ്രതിനിധിയായി വന്നയാൾ അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസഫ് ആയിരുന്നു. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി കണ്ണൂർ സർവകലാശാലാ സിൻഡിക്കേറ്റ് അംഗമായിരിക്കെ അദ്ദേഹത്തിന്റെ മേലധികാരിയായ ചീഫ് സെക്രട്ടറി ടോം ജോസഫ് സർവകലാശാലയുമായി ബന്ധപ്പെട്ട് നിൽക്കുന്നയാളായിരുന്നുവെന്നും ഷമ്മാസ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."