ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരേ എല്ലായിടത്തും സംഘടിത ആക്രമണം നടക്കുന്നു: മുഖ്യമന്ത്രി
സ്വന്തം ലേഖിക
കൊച്ചി
മതനിരപേക്ഷതയുടെ എല്ലാ ഘടകങ്ങളും ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സി.പി.എം എറണാകുളം ജില്ലാ സമ്മേളനം കളമശ്ശേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ ജനവിഭാഗങ്ങൾക്കെതിരേ സംഘടിതമായ ആക്രമണമാണ് എല്ലായിടത്തും നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് പൗരത്വ നിയമ ഭേദഗതി കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ജനവിഭാഗങ്ങൾക്കിടയിലും വിവാഹവും വിവാഹമോചനവും നടക്കുന്നുണ്ട്. എന്നാൽ, മുസ് ലിംകൾക്കിടയിൽ വിവാഹമോചനം വന്നാൽ അത് ക്രിമിനൽ കുറ്റമാണ്. പക്ഷേ, ബാക്കിയുള്ളവർക്കൊക്കെ അതു സിവിൽ കേസാണ്, ഇത് ന്യൂനപക്ഷ വിരോധത്തിന്റെ ഭാഗമായി സ്വീകരിക്കുന്ന സമീപനമാണ്. മതേതരത്വത്തിൻ്റെ കടയ്ക്കൽ കത്തിവെയ്ക്കുന്ന രീതിയാണിതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഇപ്പോൾ ഗ്രാമീണ മേഖലയിലടക്കം വൻതോതിൽ വർഗീയ സംഘർഷം ഉണ്ടാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് പശുക്കച്ചവടക്കാരെ പോലും ആക്രമിക്കുന്നതും വർഗീയ ധ്രുവീകരണം നടത്തുന്നതും. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിരേയുള്ള അതിക്രമങ്ങളും രാജ്യത്ത് വർധിക്കുകയാണ്.
ഇത്തരത്തിൽ ആക്രമണം നടത്തുന്നവരെ കണ്ടെത്തി ഫലപ്രദമായ ശിക്ഷ നൽകുന്നതിനു പകരം അവരെ വെള്ളപൂശുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്. ഭരണഘടനാ സ്ഥാപനങ്ങളെ വർഗീയവത്കരിക്കാനും ശ്രമം നടക്കുന്നുണ്ട്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന ജുഡിഷ്യറിക്കകത്തും ഇടപെടലുകൾ വരുന്നുണ്ട്.
സാമ്പത്തിക മേഖലയിൽ കോർപറേറ്റ് വത്കരണത്തിന്റെ അജൻഡയാണ് വ്യാപകമായി നടപ്പാക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളും ഒന്നിനു പിറകെ ഒന്നായി സ്വകാര്യവത്കരിക്കപ്പെടുകയാണ്. നമ്മുടെ രാജ്യത്തെ തീരപ്രദേശങ്ങളിലെ രണ്ട് കോടി എൺപത്തിയാറുലക്ഷം ആളുകൾ കടുത്ത വെള്ളപ്പൊക്കത്തിനും നിരന്തരമായ ചുഴിലിക്കാറ്റിനും വിധേയമാകുമെന്നാണ് വിലയിരുത്തൽ. രാജ്യത്തെ ഫെഡറൽ സംവിധാനത്തിന്റെ സാധ്യത തകർക്കുന്ന നടപടികളാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാന കമ്മിറ്റിയംഗം ഗോപി കോട്ടമുറിക്കൽ അധ്യക്ഷനായി. സമ്മേളനം ഇന്നും നാളെയും തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."