പ്രശ്നങ്ങളെ വർഗീയമായി വ്യാഖ്യാനിക്കാനാണ് ലീഗിന് താൽപര്യം: മുഖ്യമന്ത്രി
സ്വന്തം ലേഖിക
കൊച്ചി
മുസ് ലിം ലീഗ് ജമാഅത്തെ ഇസ് ലാമിയുമായി കൂട്ടുകെട്ടുണ്ടാക്കി വർഗീയധ്രുവീകരണം നടത്തി മുന്നേറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കളമശ്ശേരിയിൽ സി.പി.എം എറണാകുളം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ എല്ലാ പ്രശ്നത്തെയും വർഗീയമായി വ്യാഖ്യാനിക്കാനാണ് ലീഗ് ഉൾപ്പെടെയുള്ള വിഭാഗങ്ങൾക്ക് താൽപര്യം. നവമാധ്യമങ്ങൾ ശ്രദ്ധിച്ചാൽ ഇതു മനസിലാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓരോ ദേശത്തും സംഘ്പരിവാറും ഇസ് ലാമിക തീവ്രവാദശക്തികളും പരസ്പരം ആക്രോശിക്കുന്ന ചിത്രങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. വർഗീയ സംഘർഷമുണ്ടാക്കാനാണ് രണ്ടുകൂട്ടരുടെയും താൽപര്യം. വർഗീയകക്ഷികളുമായി യു.ഡി.എഫ് ഒളിഞ്ഞും തെളിഞ്ഞും സഖ്യമുണ്ടാക്കുകയാണ്. മതതീവ്ര സംഘടനകളോട് ലീഗ് കൈക്കൊള്ളുന്ന മൃദുസമീപനത്തിൻ്റെ തെളിവാണ് വഖ്ഫ് പ്രശ്നത്തിൽ അവർ നടത്തിയ റാലിയിലും കണ്ടത്.
രാഷ്ട്രീയ ലാഭത്തിനായി ആദരണീയരായ മതസംഘടനാ നേതാക്കളെവരെ അവഹേളിക്കുന്ന തരത്തിൽ സംസാരിക്കുന്ന രീതി ലീഗിൻ്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."