മതംമാറ്റ നിരോധന നിയമത്തിന് കർണാടക മന്ത്രിസഭയുടെ അംഗീകാരം ബിൽ ഇന്ന് നിയമസഭയിൽ
ബംഗളൂരു
ഏറെ വിവാദമായ മതംമാറ്റ നിരോധന നിയമം ഇന്ന് കർണാടക നിയമസഭയിൽ അവതരിപ്പിക്കും. ഇന്നലെ ചേർന്ന മുഖ്യമന്ത്രി ബാസവരാജ് ബൊമ്മയുടെ നേതൃത്വത്തിലുള്ള കർണാടക മന്ത്രിസഭായോഗമാണ് കർണാടക പ്രൊട്ടക്ഷൻ ഓഫ് റൈറ്റ് ടു ഫ്രീഡം ഓഫ് റിലീജിയൻ ബിൽ 2021ന് അംഗീകാരം നൽകിയത്.
ഇന്നു സഭയിൽ ബില്ല് അവതരിപ്പിക്കുമെന്നു സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. പ്രതിപക്ഷ പാർട്ടികളും ക്രിസ്ത്യൻ മതനേതാക്കളും ബില്ലിനെതിരേ കടുത്ത എതിർപ്പുമായി നിലയുറപ്പിച്ചിരിക്കേയാണ് കർണാടകയിലെ ബി.ജെ.പി സർക്കാർ ബില്ല് സഭയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ബില്ലുമായി ബന്ധപ്പെട്ട് ചേർത്തിരിക്കുന്ന തടവ് ഉൾപ്പെടെയുള്ള ശിക്ഷകളാണ് എതിർപ്പിന് ആധാരം. നിയമം പ്രാബല്യത്തിലാവുന്നതോടെ മതംമാറാൻ ആഗ്രഹിക്കുന്ന ആൾ ഒരു മാസം മുമ്പ് ഡെപ്യൂട്ടി കമ്മിഷണർക്ക് അപേക്ഷ നൽകണം. മതം മാറുന്ന വ്യക്തിക്ക് താൻ അതുവരെ ജീവിച്ച മതത്തിലെ സർക്കാർ ആനുകൂല്യങ്ങൾ ഉൾപ്പെടെയുള്ളവയും നഷ്ടമാവുമെന്നും ബില്ലുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര നേരത്തെ വ്യക്തമാക്കിയിരുന്നു. തെറ്റായ വ്യാഖ്യാനം നൽകി മതംമാറ്റാൻ ശ്രമിക്കുക, ബലമായി മതപരിവർത്തനം നടത്തുക, തെറ്റായ രീതിയിൽ സ്വാധീനിച്ച് മതപരിവർത്തനം നടത്തുക, വശീകരിച്ചോ, വിവാഹത്തിലൂടെയോ മതപരിവർത്തനം നടത്തുക തുടങ്ങിയവ നിയമത്തിൻ്റെ പരിധിയിൽ വരും. നിയമം ലംഘിക്കുന്നവർക്ക് മൂന്നു വർഷം മുതൽ അഞ്ചു വർഷം വരെ തടവും 25,000 രൂപ പിഴയും ശിക്ഷ ലഭിക്കും. പ്രായപൂർത്തിയാകാത്തവർ, സ്ത്രീകൾ, എസ്.സി- എസ്.ടി വിഭാഗത്തിൽപ്പെട്ടവർ തുടങ്ങിയവരെയാണ് ഇത്തരത്തിൽ മതംമാറ്റുന്നതെങ്കിൽ മൂന്നു മുതൽ 10 വർഷം വരെ തടവും 50,000ൽ കുറയാത്ത പിഴയും ഒടുക്കേണ്ടി വരും. ഇരയാവുന്ന വ്യക്തിക്ക് ആരോപണ വിധേയനായ ആൾ അഞ്ചു ലക്ഷം രൂപവരെ നഷ്ടപരിഹാരമായി നൽകണമെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്. കൂട്ട മതംമാറ്റത്തിന് മൂന്നു മുതൽ 10 വർഷം വരെയായിരിക്കും തടവ്. അതിനിടെ ബില്ല് പാസാക്കാൻ ബി.ജെ.പി സർക്കാരിനെ തങ്ങൾ അനുവദിക്കില്ലെന്നു പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."