സംസ്ഥാനത്തെ സമ്പൂർണ വാക്സിനേഷൻ 75 ശതമാനം 2 കോടിയിലധികം പേർ സമ്പൂർണ വാക്സിനെടുത്തു
തിരുവനന്തപുരം
ഒന്നും രണ്ടും ഡോസ് ചേർത്ത് സംസ്ഥാനത്തെ സമ്പൂർണ കൊവിഡ് വാക്സിനേഷൻ 75 ശതമാനം കഴിഞ്ഞതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. വാക്സിനെടുക്കേണ്ട ജനസംഖ്യയുടെ 97.38 ശതമാനം പേർക്ക് (2,60,09,703) ആദ്യ ഡോസ് വാക്സിനും 75 ശതമാനം പേർക്ക് (2,00,32,229) രണ്ടാം ഡോസ് വാക്സിനും നൽകി. ഒന്നും രണ്ടും ഡോസ് ഉൾപ്പെടെ ആകെ 4,60,41,932 ഡോസ് വാക്സിനാണ് നൽകിയത്. ഇത് ദേശീയ ശരാശരിയേക്കാൾ വളരെ കൂടുതലാണ്. ദേശീയ തലത്തിൽ ഒന്നാം ഡോസ് വാക്സിനേഷൻ 88.33 ശതമാനവും രണ്ടാം ഡോസ് വാക്സിനേഷൻ 58.98 ശതമാനവുമാകുമ്പോഴാണ് കേരളം ഈ നേട്ടം കൈവരിക്കുന്നത്.
പത്തനംതിട്ട, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂർ ജില്ലകളിൽ 100 ശതമാനത്തോളം പേരും ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു. മലപ്പുറം ജില്ലയിൽ 99 ശതമാനം പേരും തിരുവനന്തപുരം ജില്ലയിൽ 98 ശതമാനം പേരും കോട്ടയം, കോഴിക്കോട് ജില്ലകളിൽ 97 ശതമാനം പേരും ആദ്യ ഡോസ് വാക്സിൻ എടുത്തിട്ടുണ്ട്. 85 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്സിൻ നൽകിയ വയനാട് ജില്ലയാണ് സമ്പൂർണ വാക്സിനേഷനിൽ മുന്നിലുള്ളത്. 83 ശതമാനം പേർക്ക് സമ്പൂർണ വാക്സിനേഷൻ നൽകിയ പത്തനംതിട്ട ജില്ലയാണ് തൊട്ടുപിന്നിൽ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."