ജനറല്‍ ആശുപത്രിയില്‍ തീപിടിത്തം; വന്‍ ദുരന്തം ഒഴിവായി
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ തീപിടിത്തം. സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് വന്‍ ദുരന്തം ഒഴിവായി. ഇന്നലെ വൈകിട്ട് 7.10നാണ് ജനറല്‍ ആശുപത്രിയിലെ ഹൃദ്രോഗവിഭാഗം ഐ.സി.യുവിലാണ് തീപിടിത്തമുണ്ടായത്. ഐ.സി.യുവില്‍ സ്ഥാപിച്ചിരുന്ന എ.സി യൂനിറ്റിന്റെ സ്റ്റെബിലൈസറിലാണ് തീപിടിച്ചത്.
സ്റ്റെബിലൈസറില്‍ നിന്ന് തീ അടുത്തുണ്ടായിരുന്ന പേപ്പറുകളിലേക്കും തടിയിലേക്കും പടര്‍ന്നു. ഇതോടെ ഐ.യി.യുവില്‍ മുഴുവന്‍ പുക നിറഞ്ഞു. സ്റ്റെബിലൈസറില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്യുട്ടി നഴ്സ് വിവരമറിയച്ചതിനെ തുടര്‍ന്ന് കുടുതല്‍ ആശുപത്രി ജീവനക്കാരെത്തി ഐ സി യുവിലുണ്ടായിരുന്ന പത്ത് പേരെയും കാത്ത് ലാബിലേക്ക് മാറ്റി.ഐ.സി.യുവില്‍ രണ്ട് വിഭാഗങ്ങളിലായാണ് രോഗികള്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരു രോഗി മാത്രമുണ്ടായിരുന്ന ഐ.സി.യു വാര്‍ഡിലാണ് തീയും പുകയും കണ്ടത്.
മറ്റേ വാര്‍ഡില്‍ 9 രോഗികളാണ് ഉണ്ടായിരുന്നത്. ഫയര്‍ഫോഴ്സും പൊലിസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാല്‍ മുറിക്കുള്ളില്‍ ഉയര്‍ന്ന പുക പടലം രക്ഷാപ്രവര്‍ത്തനത്തെ ശ്രമകരമാക്കി. ബ്രീത്തിംഗ് അപ്പാരറ്റസ് ധരിച്ച് ഫയര്മാന് പി അഭിലാഷ് അകത്ത് കയറിയാണ് അപകടത്തിന്റെ ഉറവിടം കണ്ടെത്തിയത്. ജനാലകള്‍ തുറന്നിട്ടും വൈദ്യുതി ബന്ധം പുനസ്ഥാപിച്ചശേഷം എക്സ്ഹോസ്റ്റ് ഫാന്‍ ഓണ്‍ ചെയ്തും കൂടുതല്‍ ഫാനുകള്‍ മുറിയില്‍ ഘടിപ്പിച്ചും തുണി ഉപയോഗിച്ച് വീശിയും മുറിക്കുള്ളിലെ പുക അകറ്റാന്‍ ആശുപത്രി ജീവനക്കാരുള്പ്പെടയുള്ളവര് ശ്രമിച്ചതിനാല്് കുടുതല്‍ അപകടം ഒഴിവായി.
ഹൃദ്രോഗ വിഭാഗം ഐ.സി.യുവിന് സമീപത്താണ് ശിശുരഗവിഭാഗം ഐ.സി.യു. തീപിടുത്തം വലുതായി ഇവിടേക്ക് പടര്‍ന്നിരുന്നുവെങ്കില്‍ അത് വന്‍ ദുരന്തത്തിന് വഴിവയ്ക്കുമായിരുന്നു. ഐ.സി.യുവില്‍ സ്റ്റെബിലൈസറിന് സമീപം ഉണ്ടായിരുന്ന ഫയലുകളും കത്തി നശിച്ചു.
ആശുപത്രി ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനത്തിനിടയില്‍ ഫയര്‍ഫോഴ്സ് ഉപയോഗിച്ച വെള്ളവും മറ്റും നീക്കം ചെയ്ത് ഉടന്‍ തന്നെ ഐ.സി.യുവിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ക്ലബ് റോഡ് ഫയര്‍ ഫോഴ്സ് സ്റ്റേഷന് ഓഫിസര്‍ സാബു തോമസിന്റെ നേതൃത്വത്തില്‍ രണ്ട് യുനിറ്റ് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മേയര്‍ സൗമിനി ജെയിന് ഉള്‍പ്പടെയുള്ള ജനപ്രതിനിധികളും സംഭവമറിഞ്ഞയുടന്‍ ആശുപത്രിയില്‍ എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."