ഇതുതന്നെയാണ് അനുകൂലസമയം
ഒരു കുഞ്ഞ് പിറക്കാനിരിക്കുന്നതിന്റെ സന്തോഷം. പ്രസവമുറിയുടെ പുറത്ത് ആകാംക്ഷയോടെ കാത്തിരിക്കുന്ന ബന്ധുമിത്രാദികളിലേക്ക് കുഞ്ഞിനെ നല്‍കപ്പെടുകയാണ്. പുതുവസ്ത്രങ്ങളും പാരിതോഷികങ്ങളുമായി അവര്‍ കുഞ്ഞിനെ വരവേല്‍ക്കുന്നു. അതേസമയം പ്രസവിച്ച മാതാവ് അപ്പുറത്ത് ചേതനയറ്റ് കിടക്കുന്ന വാര്‍ത്ത അവര്‍ക്ക് വിഷയമാകുന്നേയില്ല.
പുതുവര്‍ഷപ്പുലരിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ലോകം. പടിയിറങ്ങിപ്പോകുന്ന വര്‍ഷം ചിന്തകള്‍ക്ക് വക നല്‍കുന്നില്ലെങ്കില്‍ പുതുവര്‍ഷപ്പുലരിയെ പുണരുന്നതില്‍ വലിയ കാര്യമില്ല. കണ്ടുകണ്ടങ്ങിരിക്കെ കണ്‍മറയുകയാണ് കാലം. പരിചയത്തുനിന്നും പരിസരത്തു നിന്നും ഒട്ടേറെ മുഖങ്ങള്‍ അപ്രത്യക്ഷമാകുന്നു. ആകസ്മികങ്ങളായി അവസാനിച്ചുപോയ ജീവിതങ്ങള്‍. മുഴുമിക്കാതെ മുറിഞ്ഞുപോയ വാക്കുകള്‍. പ്രതീക്ഷിച്ച ക്‌ളൈമാക്‌സുകളില്ലാതെ പാതിവഴിയില്‍ പടിയിറങ്ങിപ്പോയ മുഖങ്ങള്‍. കാലപ്പഴക്കം ചെല്ലുമ്പോള്‍ ആത്മമിത്രങ്ങള്‍ പോലും ഓര്‍മകളുടെ അടരുകളില്‍നിന്ന് തേഞ്ഞുമാഞ്ഞു പോകുന്നു. എല്ലാം വിസ്മൃതിയിലേക്ക് തള്ളപ്പെടുന്നു. കറങ്ങുന്ന കാലചക്രത്തില്‍ ഇന്ന് ഉയരെ എന്ന് കരുതുന്നവരും നാളെ നിലം തൊടുന്നത് സ്വാഭാവിക പ്രതിഭാസം. പിന്നിട്ട വഴികള്‍ അത്രയും നാം ജീവിച്ചുതീര്‍ത്തതാണ്. അഥവാ അത്രയും മരിച്ചുകഴിഞ്ഞതാണ്.
നമ്മുടെ ചവിട്ടടികളോരോന്നും മരണത്തിലേക്കാണ്. നാമാകുന്ന ഏതാനും നിമിഷങ്ങള്‍ വീണുടഞ്ഞുകൊണ്ടേയിരിക്കുകയാണ്. ഉള്ളില്‍നിന്നുള്ള ഓരോ സ്പന്ദനങ്ങളും ആയുസ്‌വൃക്ഷത്തിന്റെ ഇലപൊഴിക്കുന്നുണ്ട്. ചുമരില്‍നിന്ന് അടര്‍ത്തിമാറ്റുന്ന പഴകിയ കലണ്ടര്‍ മരണപ്പെട്ടുപോയ നമ്മുടെ ഇന്നലെകളാണ്.
ജീവിതത്തിന്റെ വസന്തകാലം ഒരിക്കലേ അനുഭവിക്കാനാവൂ. കൊഴിഞ്ഞുപോയാല്‍ പിന്നെ അതൊരിക്കലും തിരിച്ചുവരികയില്ല. അതുകൊണ്ടുതന്നെ നാം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഓരോ നിമിഷവും വിലപ്പെട്ടതാണെന്ന ചിന്ത വേണം.
ദൈവാനുഗ്രഹത്താല്‍ 2021 നമുക്ക് അതിജീവിക്കാന്‍ കഴിഞ്ഞു. ഒട്ടേറെ പേര്‍ക്കും ധന്യമാക്കാന്‍തന്നെ കഴിഞ്ഞു. അതിനാല്‍ സ്രഷ്ടാവിന് സ്തുതികളര്‍പ്പിച്ച് കൃതജ്ഞത രേഖപ്പെടുത്താം. പുതുവര്‍ഷം നമ്മുടെ വിധിയുടെ പുസ്തകത്തില്‍ എങ്ങനെ എഴുതപ്പെട്ടിരിക്കുന്നുവെന്നാവോ? ശുഭാപ്തി വിശ്വാസത്തോടെ, പ്രതീക്ഷകളോടെ വരവേല്‍ക്കാം. ഇന്നത്തേക്കാള്‍ നാളെയെ മികവുറ്റതാക്കാന്‍ അധ്വാനിക്കുന്നവനാണ് വിജയി. ജീവിതത്തില്‍ എന്തെങ്കിലും നേടണം എന്നാഗ്രഹിക്കുന്നവരാണെങ്കില്‍ നിങ്ങളുടെ സമയത്തെ വിലപിടിപ്പുള്ളതാക്കണം. ഓരോ നിമിഷത്തിനും നിങ്ങള്‍ വില നിശ്ചയിച്ചുനോക്കണം. അപ്പോഴറിയാം നാം നഷ്ടപ്പെടുത്തുന്ന സമയത്തിന്റെ മൂല്യം. കൃത്യമായ ജോലി ശരിയായ രീതിയില്‍ കൃത്യസമയത്ത് ചെയ്ത് തീര്‍ക്കുന്നതിലൂടെ ഉദ്ദേശിക്കപ്പെട്ട ലക്ഷ്യങ്ങള്‍ കൈവരിക്കുക എന്നുള്ളതാണ് ടൈം മാനേജ്‌മെന്റ്. സമയം എന്ന അമൂല്യവിഭവം ശരിയായി കൈകാര്യം ചെയ്യാന്‍ ശീലിക്കുന്നവരാണ് കാര്യക്ഷമതയുടെ കാര്യത്തില്‍ മുന്നേറുന്നത്. ഇന്നെനിക്ക് മൂഡില്ലെന്ന് പറയരുത്. മൂഡുള്ള നാളെ നമ്മെ കാത്തിരിക്കുന്നുണ്ടെന്ന് എന്തുറപ്പാണുള്ളത്.
സമയം അനുകൂലമല്ലെന്ന് വിധിച്ചുകളയരുത്. സമയം സദാ അനുകൂലംതന്നെയാണ്. നമ്മള്‍ സമയത്തോട് അനുകൂലിക്കുമെങ്കില്‍.
വിജയിക്കുന്നവര്‍ക്കും പരാജയപ്പെടുന്നവര്‍ക്കുമെല്ലാം സമയത്തിന്റെ ലഭ്യത ഒരേ അളവിലാണ്. ആരോഗ്യം, ബുദ്ധി, സൗന്ദര്യം തുടങ്ങിയവയിലൊന്നും കാണാത്ത ഒരു സമഭാവന സമയത്തിന്റെ കാര്യത്തില്‍ കാണാം. സമയത്തിന്റെ വിനിയോഗവും വിജയസാധ്യതകളും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. ചിലര്‍ മഹാവിജയം നേടുമ്പോള്‍ മറ്റു ചിലര്‍ ദയനീയമായി പരാജയപ്പെടുന്നതിന് പിന്നില്‍ സമയക്രമീകരണത്തിലെ കണിശത പ്രധാനമാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
'ഈ മുറിക്കകത്ത് ആര്‍ക്കും പ്രവേശിച്ചുകൂടാ.. വരുന്നവനെ ഞാന്‍ വെടിവയ്ക്കും' വിശാലമായ തന്റെ റൂമിന്റെ വാതിലില്‍ ഇറ്റലിയിലെ സര്‍വാധിപതി മുസ്സോളിനി തൂക്കിയിട്ട ബോര്‍ഡിലെ വാക്കുകളാണിത്. ജോലിസമയത്ത് ആരെങ്കിലും തന്നെ സമീപിച്ച് സമയനഷ്ടം സംഭവിക്കാതിരിക്കാനാണ് ഇങ്ങനെ എഴുതിവച്ചിരുന്നത്. മേശപ്പുറത്ത് ഇരുപത് തിരയുള്ള ഒരു കൈതോക്കും മൂര്‍ച്ചകൊണ്ട് തിളങ്ങുന്ന ഒരു കത്തിയും വച്ചിട്ടുണ്ടാവുമത്രെ. ജീവിതം ഹ്രസ്വമാണ് അശ്രദ്ധരായി സമയം ചെലവഴിച്ച് നാം അതിനെ വീണ്ടും ഹ്രസ്വമാക്കുന്നു എന്ന് വിക്ടര്‍ ഹ്യൂഗോ. ഒന്നും നാളത്തേക്ക് മാറ്റിവയ്ക്കാതിരിക്കുന്നതാണ് ബുദ്ധി. നാളെ നിങ്ങള്‍ക്കായി ഒരു സൂര്യോദയം ഉണ്ടാകണമെന്നില്ല.
സമയബന്ധിതമായി കാര്യങ്ങള്‍ ചെയ്യാന്‍ ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. നിസ്‌കാരങ്ങളുടെ സമയക്രമം മാത്രം പരിശോധിച്ചാല്‍ ഇതിനു ഇത്രയേറെ പ്രാധാന്യം കല്‍പിക്കുന്നുണ്ടെന്ന് ബോധ്യപ്പെടും. ശരീരം കൊണ്ട് ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമേതെന്ന ചോദ്യത്തിന് പ്രവാചകര്‍ (സ്വ) നല്‍കിയ മറുപടി 'സമയത്തിന്റെ ആദ്യത്തില്‍ നിസ്‌കരിക്കലാണ്' എന്നായിരുന്നു. കര്‍മങ്ങള്‍ അതത് സമയത്ത് തന്നെ കൃത്യമായി ചെയ്യണമെന്നും അടുത്ത നിമിഷത്തേക്ക് നീട്ടിവയ്ക്കുന്ന അലസതാമനോഭാവം പാടില്ലെന്നും ഈ മറുപടി പഠിപ്പിക്കുന്നു. ഉമറുബ്‌നു അബ്ദില്‍ അസീസിന്റെ അമിത ജോലിഭാരം കണ്ട ഒരാള്‍ ഇത് നാളത്തേക്ക് മാറ്റിവച്ചുകൂടെ എന്ന് ചോദിച്ചപ്പോള്‍ 'ഒരു ദിവസത്തെ ജോലി തന്നെ എന്നെ പ്രയാസപ്പെടുത്തുമ്പോള്‍ രണ്ടു ദിവസത്തേതുകൂടിയാകുമ്പോഴോ' എന്ന മറുചോദ്യമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രണ്ട് കാര്യത്തില്‍ ജനങ്ങളിലധികവും വഞ്ചിതരാണെന്നും ആരോഗ്യവും ഒഴിവു സമയവുമാണതെന്നും നബി (സ്വ) പഠിപ്പിച്ചിട്ടുണ്ട്. അഞ്ചു കാര്യങ്ങള്‍ക്ക് മുമ്പ് അഞ്ചുകാര്യങ്ങളെ ഉപയോഗപ്പെടുത്തണമെന്നും തങ്ങള്‍ പറഞ്ഞു. മരണത്തിനു മുമ്പേ ജീവിതം, വാര്‍ദ്ധക്യത്തിനു മുമ്പേ യൗവനം, രോഗത്തിനു മുമ്പേ ആരോഗ്യം, ജോലിത്തിരക്കിനു മുമ്പേ ഒഴിവു സമയം, ദാരിദ്ര്യത്തിനു മുമ്പേ ഐശ്വര്യം എന്നിവ. സമയത്തിന്റെ ചാക്രികതയെക്കുറിച്ചുള്ള തികഞ്ഞ അവബോധമാണ് ഇതിലൂടെ പങ്കുവയ്ക്കപ്പെടുന്നത്.
2021ന്റെ ഈ അവസാന വെള്ളിയും 2022ന്റെ പ്രഥമ ദിനമാകുന്ന നാളത്തെ ശനിയും ഒന്ന് ഒന്നിനേക്കാള്‍ മെച്ചപ്പെടണമെങ്കില്‍ വിചാരവും കര്‍മവും വ്യത്യാസപ്പെടുകതന്നെ വേണം. ഇന്നത്തേക്കാള്‍ നാളെ മുന്നിട്ടുനില്‍ക്കുകതന്നെ വേണം. നിശ്ചയദാര്‍ഢ്യത്തോടെ വരുംദിനങ്ങളെ ധന്യമാക്കാന്‍ കര്‍മ്മോത്സുകരാകുന്നവര്‍ക്ക് ഓരോ പുലരിയും ആഘോഷിക്കാന്‍ വക നല്‍കുന്നത് തന്നെ.
പടിഞ്ഞാറില്‍ ചെഞ്ചായം വിതറി അസ്തമയ സൂര്യന്‍ വിടചൊല്ലവേ നാളെ പൂര്‍വോപരി ശോഭയില്‍ കിഴക്കുണരാനാകുമെന്ന പ്രതീക്ഷ പകരുന്നുണ്ട്. അല്‍പായുസുള്ള ഓരോ പകലും അസ്തമിക്കും മുമ്പ് ലോകത്തിനു മുഴുവന്‍ വെളിച്ചം പകര്‍ന്ന ചാരിതാര്‍ഥ്യത്തോടെയാണ് വിട ചോദിക്കുന്നത്. നമുക്കും നമ്മുടെ അസ്തമയത്തിനു മുമ്പ് ആവുംവിധം പ്രഭ വിതറാനാവണം. ആര്‍ജവമുള്ള പ്രതിജ്ഞയുടെ അവസരം തന്നെയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."