ആരാധകരുമായി വോട്ട് ചെയ്യാനെത്തി; വിജയ്‌ക്കെതിരെ കേസ്
ചെന്നൈ: പ്രശസ്ത നടനും തമിഴക വെട്രി കഴകം (ടി.വി.കെ) പാർട്ടി അധ്യക്ഷനുമായ വിജയ്‌ക്കെതിരെ കേസെടുത്ത് പൊലിസ്. ചെന്നൈ പൊലിസാണ് കേസെടുത്തത്. വോട്ടെടുപ്പ് ദിനത്തിൽ ചട്ടങ്ങൾ ലംഘിച്ച് ആൾക്കൂട്ടത്തിനൊപ്പം പോളിംഗ് സ്‌റ്റേഷനിലെത്തി എന്ന് കാണിച്ചാണ് കേസെടുത്തത്. ചെന്നൈ സിറ്റി പൊലിസ് കമ്മിഷണർക്ക് ലഭിച്ച പരാതിയിലാണ് കേസ്
വോട്ടെടുപ്പ് ദിനത്തിൽ ആൾക്കൂട്ടത്തിനൊപ്പം പോളിംഗ് സ്‌റ്റേഷനിലെത്തിയത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ആണ് പൊലിസിന് നൽകിയ പരാതിയിൽ പറയുന്നത്. വിജയ് ഇരുനൂറിലധികം ആളുകളെ ഒപ്പം കൂട്ടി പൊതുശല്യമുണ്ടാക്കിയെന്നതാണ് പരാതി. ചെന്നൈയിലെ നീലാംഗരൈ പോളിംഗ് ബൂത്തിലാണ് വിജയ് വോട്ട് രേഖപ്പെടുത്തിയത്. വോട്ട് ചെയ്യാനായി സമീപത്തെ വീട്ടിൽ നിന്നെത്തിയപ്പോൾ നിരവധി ആരാധകരും പാർട്ടിപ്രവർത്തകരും വിജയ്‌യെ അനുഗമിച്ചിരുന്നു. ഇതാണ് കേസിലേക്ക് നയിച്ചത്.
സാമൂഹിക - വിവരാവകാശ പ്രവർത്തകനായ സെൽവം എന്നയാളാണ് ശനിയാഴ്ച ഗ്രേറ്റർ ചെന്നൈ പൊലിസ് കമ്മിഷണറുടെ ഓഫീസിൽ ഓൺലൈൻ വഴി പരാതി നൽകിയത്.
അതേസമയം വിജയ് വോട്ടു ചെയ്യാനെത്തിയപ്പോൾ ആരാധകർ പോളിംഗ് ബൂത്ത് വരെ അനുഗമിച്ചത് പോളിംഗ് സ്റ്റേഷനിൽ തിരക്ക് വർധിക്കാൻ കാരണമായി. പിന്നീട് പൊലിസ് എത്തിയാണ് തിരക്ക് നിയന്ത്രിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."