വീണ്ടും ഞെട്ടിച്ച് ഇൻഡിഗോ; 100 വൈഡ് ബോഡി എയർബസ് വിമാനങ്ങൾ വാങ്ങുന്നു
രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ എയർലൈൻസ് 100 വൈഡ് ബോഡി വിമാനങ്ങൾ വാങ്ങുന്നു. ഇതിൽ 30 എണ്ണത്തിനുള്ള ഓർഡർ നൽകി. എയർബസിൽ നിന്നാണ് 100 വിമാനങ്ങൾ ഇൻഡിഗോ വാങ്ങുന്നത്. എ350–900 മോഡൽ വിമാനങ്ങൾക്കാണ് ഇൻഡിഗോയുടെ ഓർഡർ. 70 എണ്ണം കൂടി വാങ്ങാനുള്ള ഓപ്ഷൻ കൂടി ഇൻഡിഗോ മുന്നോട്ട് വെക്കുന്നത്.
രാജ്യാന്തര സർവിസ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇൻഡിഗോ എയർലൈൻസ് കൂടുതൽ വിമാനങ്ങൾ തങ്ങളുടെ ശ്രേണിയിലേക്ക് ചേർക്കുന്നത്. റോൾറോയ്സിന്റെ ട്രെന്റ് എക്സ്ഡബ്ല്യുബി എൻജിനുള്ള എ350–900 വിമാനങ്ങൾ ഏറെ ആധുനിക സൗകര്യങ്ങൾ ഉള്ളതാണ്. നിലവിൽ എയർ ഇന്ത്യ മാത്രമാണ് എ350 വിമാനം സർവിസ് നടത്തുന്ന ഇന്ത്യൻ വിമാനക്കമ്പനി. 2027ൽ നിലവിൽ ഓർഡർ ചെയ്ത 30 വിമാനങ്ങളുടെ ഡെലിവറി ലഭിക്കും.
ഇൻഡിഗോയ്ക്ക് നിലവിൽ 350ൽ ഏറെ നാരോ ബോഡി വിമാനങ്ങളാണുള്ളത്. ടർക്കിഷ് എയർലൈൻസിൽനിന്ന് വാടകയ്ക്കെടുത്ത് രണ്ട് വൈഡ് ബോഡി ബോയിങ് 777 വിമാനങ്ങൾ ഡൽഹിയിൽ നിന്നും മുംബൈയിൽനിന്നും ഇസ്തംബുളിലേക്കു സർവീസ് നടത്തുന്നുണ്ട്.
കഴിഞ്ഞ ജൂണിൽ ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റ ഓർഡർ നൽകി ഇൻഡിഗോ ഞെട്ടിച്ചിരുന്നു. എയർ ബസിൽനിന്ന് 500 വിമാനങ്ങൾക്കാണ് ജൂണിൽ ഓർഡർ നൽകിയത്. എ320 സീരീസ് വിമാനങ്ങൾക്കാണ് അന്ന് ഓർഡർ നൽകിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."