ഇന്ത്യക്ക് ലോകകപ്പ് നേടിത്തന്ന താരത്തെ വേള്‍ഡ്കപ്പ് അംബാസിഡറാക്കി ഐസിസി: കൈയ്യടിച്ച് ക്രിക്കറ്റ് ലോകം
ഐസിസി 2024 പുരുഷ ടി20 ക്രിക്കറ്റ് ലോകകപ്പ് ബ്രാന്‍ഡ് അംബാസഡറായി ഇന്ത്യയുടെ മുന്‍ താരം യുവരാജ് സിങ്. കഴിഞ്ഞ ദിവസമായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ പ്രഖ്യാപനം നടത്തിയത്. യുവരാജ് ടി20 ലോകകപ്പ് അംബാസഡറാവുന്നതില്‍ അഭിമാനിക്കുന്നു. അന്താരാഷ്ട്ര ടി20 മത്സരത്തില്‍ ആദ്യമായി ഒരോവറില്‍ ആറ് സിക്സ് നേടിയ താരമായ അദ്ദേഹത്തിന്റെ പേര് ടി20 ലോകകപ്പ് രംഗത്ത് സുപരിചിതമാണ്.
നേരത്തേ ലോകകപ്പ് അംബാസഡര്‍മാരായി നിയമിച്ച ക്രിസ് ഗെയ്ല്, ഉസൈന്‍ ബോള്‍ട്ട് എന്നിവര്‍ക്കൊപ്പം യുവരാജിനെയും ചേര്‍ക്കുന്നുവെന്ന് ഐസിസി വക്താവ് അറിയിച്ചു. ജൂണ്‍ ഒന്‍പതിന് ന്യൂയോര്‍ക്കില്‍ നടക്കുന്ന ഇന്ത്യ-പാകിസ്താന് മത്സരങ്ങളുടേത് ഉള്‍പ്പെടെയുള്ള പ്രൊമോഷന് പരിപാടികളില്‍ യുവരാജ് പങ്കെടുക്കും. ഇന്ത്യയുടെ ഈ വര്‍ഷത്തെ ഏറ്റവും ആവേശമേറിയ മത്സരങ്ങളിലൊന്നായിരിക്കും ടി20 ലോകകപ്പില്‍ പാകിസ്താനെതിരായ പോരാട്ടം.
ജൂണ്‍ ഒന്നു മുതല്‍ 29 വരെ അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായാണ് ലോകകപ്പ് നടക്കുന്നത്. 20 ടീമുകള്‍ മത്സരിക്കുന്ന ടൂര്‍ണമെന്റില്‍ 56 മത്സരങ്ങളുണ്ടാകും. ഒന്‍പത് വേദികളിലായി നടക്കുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ ജൂണ്‍ 29ന് ബാര്‍ബഡോസിലാണ് നടക്കുക. 2007 ടി20 ലോകകപ്പില്‍ ഒരോവറില്‍ ആറ് സിക്സുകള്‍ നേടിയ താരമാണ് യുവരാജ്. 2011 ലെ ഏകദിന ലോകകപ്പും ഇന്ത്യ നേടിയത് യുവരാജിന്റെ ഓള്‍റൗണ്ട് മികവിലൂടെയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."