പ്ലസ് ടു സയൻസ് വിദ്യാർഥികൾക്ക് അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിൽ സ്‌കോളർഷിപ്പോടുകൂടി ഉന്നത പഠനം; 'നെസ്റ്റ്' നെ അറിഞ്ഞിരിക്കാം.
പ്ലസ് ടു സയൻസ് വിദ്യാർഥികൾക്ക് അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിൽ സ്‌കോളർഷിപ്പോടുകൂടി ഉന്നത പഠനത്തിനുള്ള അവസരമൊരുക്കുന്ന പരീക്ഷയാണ് 'നെസ്റ്റ്' (NEST- National Entrance Screening Test). സയൻസ് മേഖലയിലെ ശ്രദ്ധേയ സ്ഥാപനങ്ങളിൽ അഞ്ചുവർഷ ഇന്റഗ്രേറ്റഡ് എം.എസ്.സി പഠനങ്ങൾക്കാണ് നെസ്റ്റ് വഴി അവസരമൊരുങ്ങുന്നത്.
പ്രവേശന സ്ഥാപനങ്ങൾ
കേന്ദ്ര അറ്റോമിക് എനർജി വകുപ്പിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഭുവനേശ്വറിലെ നൈസർ (National Institute of Science Education & Research ) , യു.എം - ഡി.എം.ഇ - സി.ഇ.ബി.എസ് (University of Mumbai - Department of Atomic Energy Centre for Excellence in Basic Sciences) എന്നീ സ്ഥാപനങ്ങളിലാണ് അവസരം. നൈസറിൽ 200 സീറ്റും യു.എം - ഡി.എം.ഇ - സി.ഇ.ബി.എസിൽ 57 സീറ്റുമാണുള്ളത്.
പ്രോഗ്രാമുകൾ
രണ്ടിടത്തും ബയോളജിക്കൽ, കെമിക്കൽ, മാത്തമാറ്റിക്കൽ, ഫിസിക്കൽ സയൻസസ് എന്നിവയിൽ അഞ്ച് വർഷത്തെ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്‌സ് പ്രോഗ്രാമുകൾ പഠിക്കാം. പ്ലസ് ടു സയൻസ് സ്ട്രീമിൽ 60 ശതമാനം (പട്ടിക /ഭിന്നശേഷിക്കാർക്ക് 50%) മാർക്കോടെ 2022/2023/2024 ൽ വിജയിച്ചവർക്കാണ് യോഗ്യത. പ്രായപരിധിയില്ല.
സ്‌കോളർഷിപ്പോടെ പഠിക്കാം
നൈസറിലും യു.എം- ഡി.എ.ഇ - സി.ഇ.ബി.എസിലും പ്രവേശനം നേടുന്നവർക്ക് ഡി.എസ്.ടി ഇൻസ്‌പെയർ - ഷീ / ഡി.എ.ഇ ദിശ പദ്ധതികളുടെ ഭാഗമായി 60,000 രൂപ വാർഷിക സ്‌കോളർഷിപ്പ്, 20000 രൂപ സമ്മർ ഇന്റേൺഷിപ്പ് ഗ്രാൻഡ് എന്നിവ ലഭിക്കും. പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർഥികൾക്ക് ബാബ അറ്റോമിക് റിസർച്ച് സെൻറർ (ആഅഞഇ) ട്രെയിനിങ് സ്‌കൂൾ പ്രവേശനത്തിനുള്ള അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കാനുള്ള അവസരവും ലഭിക്കും.
പരീക്ഷ
ജൂൺ 30 നാണ് പരീക്ഷ. ജൂൺ 15 മുതൽ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.
ഒബ്ജക്ടീവ് രീതിയിലുള്ള കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ്. ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നിവയിൽ 20 ചോദ്യങ്ങൾ വീതം. ശരിയുത്തരത്തിന് മൂന്ന് മാർക്ക്. തെറ്റിയാൽ ഒരു മാർക്ക് നഷ്ടപ്പെടും. ഒരു വിഷയത്തിൽ പരമാവധി 60 മാർക്ക്. നാല് വിഷയങ്ങളും എഴുതാമെങ്കിലും ഏറ്റവും കൂടുതൽ മാർക്ക് ലഭിക്കുന്ന മൂന്ന് വിഷയങ്ങളുടെ സ്‌കോറാണ് റാങ്കിംഗിനായി പരിഗണിക്കുക. മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. ജൂലൈ 10 ന് ഫലമറിയാം.
അപേക്ഷ
www.nestexam.in വഴി അപേക്ഷിക്കാം. 1400 രൂപയാണ് ഫീസ്. പെൺകുട്ടികൾ / പിന്നോക്ക / ഭിന്നശേഷി വിഭാഗക്കാർക്ക് 700 രൂപ മതി. കേരളത്തിലെ എല്ലാ ജില്ലകളിലുമടക്കം 129 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. അപേക്ഷയിൽ മുൻഗണനയനുസരിച്ച് മൂന്ന് കേന്ദ്രങ്ങൾ സൂചിപ്പിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."