കടുവാപ്പേടിയില്‍ വയനാട്; പുല്‍പ്പള്ളിയില്‍ പശുക്കിടാങ്ങളെ കടിച്ചുകൊന്നു
പുല്‍പ്പള്ളി: വയനാട്ടില്‍ വീണ്ടും കടുവയുടെ നരനായാട്ട്. ജനവാസമേഖലയിലിറങ്ങിയ കടുവ പ്രദേശവാസിയുടെ രണ്ട് പശുക്കിടാങ്ങളെ കടിച്ചുകൊന്നു. വയനാട് പുല്‍പ്പള്ളിയിലാണ് സംഭവം.
പുല്‍പ്പള്ളി കൊളവള്ളിയില്‍ കളപ്പുരയ്ക്കല്‍ ജോസഫ് എന്നയാളുടെ പശുക്കിടാങ്ങളെയാണ് കടുവ കൊന്നത്. ഇന്ന് ഉച്ചയ്ക്ക് 12.30ന് പ്രദേശത്ത് കടുവയെ കണ്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. തുടര്‍ന്നാണ് മേയാന്‍ വിട്ട സ്ഥലത്തുവെച്ച് കടുവ പശുക്കിടാങ്ങളെ ആക്രമിച്ചത്. ആദ്യം പിടികൂടിയ കിടാവിനെ വലിച്ചിഴച്ച് പുഴയ്ക്കക്കരെ വരെ എത്തിച്ചെങ്കിലും ജോസഫ് ബഹളംവെച്ചതോടെ പശുക്കിടാവിനെ ഉപേക്ഷിക്കുകയും സമീപത്തുണ്ടായിരുന്ന മറ്റൊന്നിനെ ആക്രമിക്കുകയുമായിരുന്നു.
തുടരുന്ന കടുവ ആക്രമണം നാട്ടുകാരെയും ഭീതിയിലാഴ്ത്തിയിട്ടുണ്ട്. ഒരു മാസം മുന്‍പ് സമീപ പ്രദേശമായ കബനിഗിരിയില്‍ വീടിനോട് ചേര്‍ന്ന തൊഴുത്തില്‍ക്കെട്ടിയിരുന്ന പശുവിനെ കടുവ കൊന്നിരുന്നു. പിന്നാലെ തൊട്ടടുത്ത സീതാമൗണ്ടിലെ കൃഷിയിടത്തിലും നാട്ടുകാര്‍ കടുവയെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ജനുവരിയില്‍ കൊളവള്ളിയില്‍ തന്നെ കബനി നദിക്കരയില്‍ മേയാന്‍ വിട്ട ആടിനെയും കടുവ ആക്രമിച്ചിരുന്നു.
അതേസമയം കടുവയെ എത്രയും വേഗം കടുവയെ പിടികൂടി വന്യജീവി പ്രശ്‌നത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രദേശത്ത് നിരീക്ഷണത്തിനായി മൂന്ന് ക്യാമറകള്‍ സ്ഥാപിക്കുമെന്ന് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ പി.ആര്‍ ഷാജി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."