അസ്‌ലം വധം: അന്വേഷണ വിവരങ്ങള്‍ ചോരുന്നത് പൊലിസിനെ കുഴക്കുന്നു
നാദാപുരം: വെള്ളൂരിലെ മുഹമ്മദ് അസ്‌ലം വധക്കേസിന്റെ അന്വേഷണ വിവരങ്ങള്‍ ചോരുന്നത് പൊലിസിനെ കുഴയ്ക്കുന്നു. കേസിലെ പ്രതിയെന്ന് സംശയിക്കുന്നവരെ കസ്റ്റഡിയില്‍ എടുത്തു ദിവസങ്ങളോളം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റു രേഖപ്പെടുത്തുന്നത്.
ഇങ്ങനെ ചോദ്യം ചെയ്യുന്നതിനിടയില്‍ ലഭിച്ച സുപ്രധാന വിവരങ്ങളാണ് പൊലിസില്‍ നിന്നുതന്നെ ചോരുന്നത്. ഇത് കേസന്വേഷണത്തെ തന്നെ ബാധിക്കാന്‍ സാധ്യതയുണ്ട്. അന്വേഷണ വിവരങ്ങള്‍ അപ്പപ്പോള്‍ തന്നെ നവ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. അറസ്റ്റിലായ വെള്ളൂര്‍ സ്വദേശിയുടെ വിശദ വിവരങ്ങള്‍ അറസ്റ്റിനു മുന്‍പു തന്നെ നവമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. പൊലിസ് പത്രങ്ങള്‍ക്ക് പോലും നല്‍കാതെ വളരെ രഹസ്യമായി സൂക്ഷിച്ച പ്രതിയുടെ ചിത്രങ്ങള്‍ വരെ ദിവസങ്ങളോളം പ്രചരിക്കുകയുണ്ടായി. കൊലയാളി സംഘത്തിന് വഴി കാണിച്ച ഇയാളെയാണ് വധക്കേസില്‍ മുഖ്യ പ്രതിയായി അന്വേഷണ സംഘം ഇപ്പോള്‍ കണക്കാക്കിയിരിക്കുന്നത്. നേരത്തേ പ്രതികളില്‍ ചിലര്‍ കാസര്‍കോട് ജില്ലയില്‍ ഒളിച്ചു കഴിയുന്നതായി പൊലിസിനു വിവരം ലഭിച്ചിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ ഹോസ്ദുര്‍ഗ് പൊലിസിന്റെ സഹായത്തോടെ പിടികൂടാനുള്ള ശ്രമം നടത്തുന്നതിനിടെ പ്രതികള്‍ ഇവിടെ നിന്നു രക്ഷപ്പെടുകയായിരുന്നു. പ്രതികള്‍ക്ക് ഇവിടെ ഒളിവില്‍ കഴിയാന്‍ സഹായം നല്‍കിയ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ അറസ്റ്റു ചെയ്‌തെങ്കിലും ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചാര്‍ത്തി രക്ഷപ്പെടാനുള്ള പഴുതുകള്‍ ഒരുക്കുകയും ചെയ്തു.
രഹസ്യാന്വേഷണ വിഭാഗവും അന്വേഷണ സംഘവും മാത്രമാണ് കേസിന്റെ വിവരങ്ങളും അന്വേഷണ പുരോഗതിയും അറിയുന്നത്. പൊലിസിനു ലഭിക്കുന്ന വ്യക്തമായ സൂചനകളുടെ അടിസ്ഥാത്തില്‍ പ്രതികള്‍ കഴിയാനിടമുള്ള സ്ഥലങ്ങളില്‍ പരിശോധനക്കെത്തുമ്പോഴേക്കും വിവരം ഇവര്‍ക്ക് ലഭിച്ചിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."