ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ഫലസ്തീന്‍ പതാക ഉയര്‍ത്തി, കൊളംബിയയില്‍ ഹാമില്‍ട്ടണ്‍ ഹാള്‍ പിടിച്ചെടുത്തു; ആളിക്കത്തി പ്രതിഷേധ ജ്വാല
ന്യൂയോര്‍ക്ക്: സസ്‌പെന്‍ഷന്‍ മര്‍ദ്ദനം കണ്ണീര്‍ വാതകം തുടങ്ങി പലമാര്‍ഗങ്ങളുമായി അധികാര വര്‍ഗം തടയിടാന്‍ ശ്രമിച്ചിട്ടും അണയാതെ അമേരിക്ക ഉള്‍പെടെ രാജ്യങ്ങളിലെ വിദ്യാര്‍ഥികളുടെ ഫലസ്തീന്‍ അനുകൂല പ്രതിഷേധം.
അമേരിക്കയിലെ ഇസ്‌റാഈല്‍ വിരുദ്ധ പ്രക്ഷോഭത്തിന്റെ 'പ്രഭവകേന്ദ്രമായ' കൊളംബിയ സര്‍വകലാശാലയില്‍ കടുത്ത നടപടിക്കൊരുങ്ങിയിട്ടും മാറാതെ സമരമുഖത്ത് ഉറച്ചു നില്‍ക്കുകയാണ് വിദ്യാര്‍ഥികള്‍. പ്രതിഷേധത്തിന്റെ ഭാഗമായി സര്‍വകലാശാല വളപ്പിലൊരുക്കിയ ടെന്റുകള്‍ പൊളിച്ചുനീക്കാന്‍ അധികൃതര്‍ സമയപരിധി കൊടുത്തിട്ടും വിദ്യാര്‍ഥികള്‍ അനങ്ങിയിട്ടില്ല.
അതിനിടെ കൊളംബിയ സര്‍വകലാശാലയിലെ ഹാമില്‍ട്ടണ്‍ ഹാള്‍ പ്രക്ഷോഭകര്‍ പിടിച്ചെടുത്തതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പുലര്‍ച്ചെ 12.30 ഓടെ നിരവധി വിദ്യാര്‍ഥികള്‍ ഹാളിലേക്ക് പ്രവേശിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഫ്രീ ഫലസ്തീന്‍ മുദ്രവാക്യം മുഴക്കി ക്യാംപസ് വലംവെച്ച ശേഷമാണ് പ്രക്ഷോഭകര്‍ ഹാലിനകത്തേക്ക് പ്രവേശിച്ചത്.
പ്രക്ഷോഭം അവസാനിപ്പിക്കാന്‍ സര്‍വകലാശാല അധികൃതര്‍ എല്ലാ വഴികളും സ്വീകരിക്കുകയാണ്. പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെ കൊളംബിയ സര്‍വകലാശാ സസ്‌പെന്‍ഡ് ചെയ്ത് തുടങ്ങി. വിദ്യാര്‍ത്ഥി സംഘടനകളും അക്കാദമിക് നേതാക്കളും തമ്മില്‍ ദിവസങ്ങളോളം നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടുവെന്ന് യൂനിവേഴ്‌സിറ്റി പ്രസിഡന്റ് നെമത് മിനോഷ് ഷാഫിഖ് പ്രസ്താവനയില്‍ പറഞ്ഞു. പ്രതിഷേധവുമായി ബന്ധപ്പെട്ട് കൊളംബിയയില്‍ എപ്രില്‍ 18ന് 100 വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തിരുന്നു.
അമേരിക്കയിലെ ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസം ഫലസ്തീന്‍ പതാക ഉയര്‍ത്തിയിരുന്നു. യുഎസ് പതാകയോ സന്ദര്‍ശനം നടത്തുന്ന പ്രമുഖ വിദേശ രാജ്യങ്ങളുടെ പതാകകള്‍ക്കോ വേണ്ടി നീക്കിവച്ചിരിക്കുന്ന ജോണ്‍ ഹാര്‍വാര്‍ഡ് സ്റ്റാച്യുവിലായിരുന്നു ശനിയാഴ്ച പ്രതിഷേധ പ്രകടനം.
ജോണ്‍ ഹാര്‍വാര്‍ഡിന്റെ പ്രതിമയ്ക്ക് മുകളില്‍ മൂന്ന് വിദ്യാര്‍ഥികള്‍ പലസ്തീന്‍ പതാക ഉയര്‍ത്തുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു. ശനിയാഴ്ച വൈകിട്ട് ആറരയ്ക്ക് (പ്രാദേശിക സമയം) ശേഷമായിരുന്നു സംഭവം. ഹാര്‍വാര്‍ഡ് പൊലിസിന്റെ നിര്‍ദേശ പ്രകാരം, പതാക എടുത്തുമാറ്റിയെങ്കിലും പ്രതിഷേധം തുടരുകയാണ്. പതാക നീക്കം ചെയ്യുമ്പോള്‍ 'ഫ്രീ ഫലസ്തീന്‍' മുദ്രാവാക്യങ്ങള്‍ വിദ്യാര്‍ഥികള്‍ മുഴക്കിയിരുന്നു.
കൊളംബിയ സര്‍വ്വകലാശാലയില്‍ കൊളുത്തിയ പ്രതിഷേധ ജ്വാല ലോകമെങ്ങുമുള്ള സര്‍വ്വതലാശാലകളിലേക്ക് പടര്‍ന്നിരിക്കുകയാണ്. ഗസ്സ നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് വിദ്യാര്‍ഥികള്‍ സര്‍വകലാശാല ക്യാമ്പസില്‍ ടെന്റുകള്‍ നിര്‍മിച്ചത്. ഗസ്സക്കാര്‍ ടെന്റുകളിലാണ് കഴിയുന്നതെന്നും ആ ദുരിതം വിവരിക്കുകയാണ് ചെയ്യുന്നതെന്നുമാണ് വിദ്യാര്‍ഥികള്‍ പങ്കുവെക്കുന്നത്. ഇതിനിടെയാണ് ടെന്റുകള്‍ പൊളിച്ച് നീക്കാന്‍ അധികൃതര്‍ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ട്. ഇതിന് സമയപരിധിയും നിശ്ചയിച്ചു. അല്ലെങ്കില്‍ കടുത്ത അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും നല്‍കി. എന്നാല്‍ സമയപരിധി കഴിഞ്ഞിട്ടും പ്രക്ഷോഭവുമായി മുന്നോട്ട് പോകുകയാണ് വിദ്യര്‍ഥികള്‍.
പ്രതിഷേധങ്ങളില്‍ ഇതുവരെയായി 900ത്തിലേറെ വിദ്യാര്‍ഥികള്‍ അറസ്റ്റിലായതായാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."