മദ്യനയ അഴിമതിക്കേസില്‍ മനീഷ് സിസോദിയയ്ക്ക് തിരിച്ചടി; രണ്ടാം വട്ടവും ജാമ്യാപേക്ഷ തള്ളി
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ സിബിഐയും ഇഡിയും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സമര്‍പ്പിച്ച രണ്ടാമത്തെ ജാമ്യാപേക്ഷയും തള്ളി. ഡല്‍ഹി റൂസ് അവന്യൂ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
മദ്യനയ അഴിമതിക്കേസില്‍ 2023 ഫെബ്രുവരി 26നാണ് ഡല്‍ഹി ഉപമുഖ്യമന്ത്രിയായിരുന്ന സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ 2023 മാര്‍ച്ച് ഒമ്പതിന് ഇ.ഡിയും അറസ്റ്റ് ചെയ്തു. ഫെബ്രുവരി 28ന് സിസോദിയ മന്ത്രി പദമൊഴിഞ്ഞിരുന്നു.
ഡല്‍ഹി സര്‍ക്കാരിന്റെ വിവിധ ഏജന്‍സികളുടെ കീഴിലായിരുന്ന മദ്യവില്‍പനയും ഇടപാടുകളും സ്വകാര്യമേഖലക്ക് കൈമാറാനുള്ള നയം 2021 നവംബര്‍ 17നാണു പ്രാബല്യത്തില്‍ വന്നത്. ലഫ്. ഗവര്‍ണറായി വി.കെ.സക്‌സേന ചുമതലയേറ്റതിനു പിന്നാലെയാണു ലൈസന്‍സ് അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്ന ആരോപണം അന്വേഷിക്കാന്‍ നിര്‍ദേശമുണ്ടായത്.
വിവാദമായതോടെ കഴിഞ്ഞ വര്‍ഷം ജൂലൈ 31ന് ഈ മദ്യനയം പിന്‍വലിച്ചു. ടെന്‍ഡര്‍ നടപടികള്‍ക്കു ശേഷം ലൈസന്‍സ് സ്വന്തമാക്കിയവര്‍ക്കു സാമ്പത്തിക ഇളവുകള്‍ അനുവദിച്ചുവെന്നതാണ് പ്രധാന ആരോപണം.
ക്രമക്കേടുണ്ടെന്നു കാട്ടി സി.ബി.ഐ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയതോടെ കേസ് റജിസ്റ്റര്‍ ചെയ്തു. ഡല്‍ഹി ഉപമുഖ്യമന്ത്രിയും എക്‌സൈസ് വകുപ്പിന്റെ ചുമതലയുമുള്ള മനീഷ് സിസോദിയ നിയമവിരുദ്ധവും ഏകപക്ഷീയവുമായ തീരുമാനത്തിലൂടെ ഖജനാവിന് 580 കോടി നഷ്ടം വരുത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. ആം ആദ്മി പാര്‍ട്ടി നേതാക്കളും ഡല്‍ഹി സര്‍ക്കാറിനെ നയിക്കുന്നവരുമായവര്‍ മദ്യവ്യവസായികളില്‍നിന്ന് കൈക്കൂലി വാങ്ങി, ഡിസ്‌കൗണ്ട് നല്‍കുകയും ലൈസന്‍സ് ഫീസിന് കാലാവധി നീട്ടുകയും ചെയ്തുവെന്നും റിപ്പോര്‍ട്ട് ആരോപിച്ചു.
സാമ്പത്തിക ഇടപാടുകളുടെ പേരില്‍ ഇ.ഡിയും കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ക്രമക്കേടുകളിലൂടെ ലഭിച്ച 100 കോടിയിലേറെ രൂപ ഗോവ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എ.എ.പി ഉപയോഗിച്ചുവെന്നാണ് ഇ.ഡിയുടെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."